പതിമൂന്ന് വര്‍ഷം ലോക ക്രിക്കറ്റിലെ നിരവധി ബാറ്റര്‍മാരെ പുറത്താക്കാന്‍ കൈവിരലുയര്‍ത്തിയ പാക്കിസ്ഥാനി അംപെയര്‍ ആസാദ് റൗഫ് ജീവിക്കാനായി ലാഹോറില്‍ തുണിക്കട നടത്തുന്നു. 2000 മുതല്‍ ക്രിക്കറ്റ് അംപെയറായ ആസാദ് റൗഫ് 170 മത്സരങ്ങളില്‍ അംപെയറായി. ഇതില്‍ 49 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ടി20കളും ഉള്‍പ്പെടുന്നു. അലീംദാറിനൊപ്പം പാക്കിസ്ഥാനില്‍ നിന്നുള്ള മികച്ച അംപെയറായിട്ടാണ് ആസാദിനെ കണക്കാക്കിയിരുന്നത്.ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ഐപിഎല്ലാണ് റൗഫിന്റെ ജീവിതം മാറ്റിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐപിഎല്‍ മാച്ച് ഫിക്സിങ്ങില്‍ റൗഫിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2013-ല്‍ ശ്രീശാന്തും അജിത്ത് ചാണ്ടേലയും ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തിലാണ് റൗഫും ഉള്‍പ്പെട്ടത്. റൗഫ് വാതുവെപ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. തുടര്‍ന്ന് 2016-ല്‍ ബിസിസിഐ റൗഫിന് വിലക്കേര്‍പ്പെടുത്തി. അഞ്ച് വര്‍ഷം ഐപിഎല്ലില്‍ അംപെയറായിരുന്ന ആസാദിനെ മികച്ച ഒഫിഷ്യലായും തിരഞ്ഞെടുത്തിരുന്നു.