ഗോള്‍: ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് പ്രതീക്ഷിക്കുന്നത് ആരാധകര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങള്‍. ടിക്കറ്റ് വില്‍പന തകൃതിയായി നടക്കുന്നതായും കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ആരാധകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും എളുപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ലി വ്യക്തമാക്കി.
‘2020ലെ ടി20 ലോകകപ്പ് കൊവിഡ് നിയന്ത്രണങ്ങളുള്ള കാലത്തായിരുന്നു. എന്നാലിപ്പോള്‍ അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. ആരാധകര്‍ക്ക് യാത്ര ചെയ്യാം. ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തെത്താം. ടിക്കറ്റ് വില്‍പന ഗംഭീരമായി പുരോഗമിക്കുന്നു. അതിനാല്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങളാണ് ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്’ എന്നും ഹോക്ലി വ്യക്തമാക്കി. ഗോളില്‍ ശ്രീലങ്ക-ഓസീസ് ഒന്നാം ടെസ്റ്റ് കാണാനെത്തിയതായിരുന്നു നിക്ക് ഹോക്ലി.
ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് നടക്കുന്നത്. 16 ടീമുകള്‍ മാറ്റുരയ്ക്കും. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 13ന് അവസാനിക്കും. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് കലാശപ്പോര്. കഴിഞ്ഞ വര്‍ഷത്തെ ലോകകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ആരോണ്‍ ഫിഞ്ച് നായകനായ ഓസ്‌ട്രേലിയ കന്നി കിരീടം ചൂടിയിരുന്നു. ഈ വര്‍ഷാദ്യം മുതല്‍ ലോകകപ്പിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്.