CLOSE

സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്ബോളിന് വലിയ ഊര്‍ജം: മുഖ്യമന്ത്രി പിണറായി വിജയന്‍

Share

സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്ബോളിനു വലിയ ഊര്‍ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങള്‍ ഉണ്ടാകണമെന്നാണു സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ഫുട്ബോള്‍ രംഗത്തു വലിയ സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ദേശീയ ടീമിന്റെ പകുതിയോളം അംഗങ്ങള്‍ മലയാളികളായിരുന്നു. അതികായരായ ഫുട്ബോള്‍താരങ്ങളെ രാജ്യത്തിനു സംഭാവനചെയ്ത നാടാണ് ഇത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രതാപത്തിനു മങ്ങലേറ്റിരുന്നു. സന്തോഷ് ട്രോഫി നേട്ടത്തോടെ ഇതിനു മാറ്റമുണ്ടാകുകയാണ്. ഫുട്ബോള്‍ രംഗം നല്ലരീതിയില്‍ തിരിച്ചുവരുന്നതിന്റെ സൂചനയാണിത്.

സംസ്ഥാനത്ത് പൊതു കളിസ്ഥലങ്ങള്‍ ചുരുങ്ങിവരുന്നതാണു ഫുട്ബോള്‍ പോലുള്ള കായിക ഇനങ്ങളുടെ പിന്നാക്കംപോക്കിനു കാരണം. ഇപ്പോള്‍ പലസ്ഥലങ്ങളിലും പൊതുകളിസ്ഥലങ്ങള്‍ തിരിച്ചുവരികയാണ്. എല്ലാ ഗ്രാമങ്ങളിലും പൊതു കളിസ്ഥലങ്ങളുണ്ടാകണം. ഭേദചിന്തയില്ലാതെ യുവാക്കള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലമായി ഇവ മാറും. ഓരോ ഗ്രാമങ്ങളിലും തുടങ്ങുന്ന കളിസ്ഥലങ്ങള്‍ പിന്നീട് ഓരോ പ്രദേശത്തേക്കും വ്യാപിക്കണം.

സംസ്ഥാനത്തെ അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ എന്ന ബൃഹത് പദ്ധതിക്കു സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഫിഫയുടേയും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ അസോസിയേഷന്റെയും പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി ഫുട്ബോള്‍ മേഖലയ്ക്കു വലിയ ഗുണംചെയ്യും. സംസ്ഥാനത്ത് കൂടുതല്‍ പുതിയ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നതും മികച്ച സാധ്യതകള്‍ ഉയര്‍ന്നുവരുന്നതും വലിയ പ്രതീക്ഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി ഇത്രയധികം പേര്‍ക്ക് ഒന്നിച്ചു ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ലോകത്തെ ആദ്യ പദ്ധതിയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. രാജ്യത്തിന്റെ കായികഭൂപടത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കാനുള്ള നവീകരണ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫി വിജയം കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കു നല്‍കിയ ഊര്‍ജവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാകാത്തതാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

ഗോള്‍ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങള്‍ക്കും മാനേജ്മെന്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രി കീര്‍ത്തിപത്രങ്ങളും പാരിതോഷികങ്ങളും സമ്മാനിച്ചു. ആര്‍ച്ചറി താരം അനാമിക സുരേഷിന് സ്പീക്കര്‍ എം.ബി. രാജേഷ് ചടങ്ങില്‍ പുരസ്‌കാരം നല്‍കി. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റന്‍, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, ജി.ആര്‍. അനില്‍, ഡോ. ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, പി. പ്രസാദ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, കായിക യുവജനകാര്യ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, അഡിഷണല്‍ ഡയറക്ടര്‍ എ.എന്‍. സീന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *