മസ്കത്ത്: അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ലെജന്‍ഡറി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ മഹാരാജാസ് ആറ് വിക്കറ്റിന് ഏഷ്യ ലയണ്‍സിനെ പരാജയപ്പെടുത്തി.
യൂസുഫ് പത്താന്‍ തട്ടുതകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയ അര്‍ധ സെഞ്ച്വറിയും മികച്ച പിന്തുണയമായി ക്യാപ്റ്റന്‍ കൈഫും മുന്നില്‍ നിന്ന് നയിച്ചതോടെയാണ് ഇന്ത്യന്‍ മഹാരാജാസിന് വിജയം എളുപ്പമായത്. പത്താന്‍ 40 പന്തില്‍ 80 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. അഞ്ച് സിക്‌സും ഒമ്ബതും ഫോറും അടങ്ങിയതായിരുന്നു പത്താന്റെ ഇന്നിങ്‌സ്. കൈഫ് 37 പന്തില്‍ പുറത്താകാതെ 42 റണ്‍സുമെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ മഹാരാജാസ് ഏഷ്യ ലയണ്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യ മഹാരാജാസ് 19.1 ഓവറില്‍ വിജയം കാണുകയായിരുന്നു. ഉപുല്‍ തരങ്കിന്റെയും (46ല്‍ പന്തില്‍ 66 റണ്‍സ്) ക്യാപ്റ്റന്‍ മിസ്ബുഉല്‍ ഹഖിന്റെയും (30 പന്തില്‍ 44) പ്രകടനാമാണ് ഏഷ്യന്‍ ലയണ്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കമ്രാന്‍ അക്മല്‍ 25 റണ്‍സുമെടുത്തു. ഇന്ത്യന്‍ മഹാരാജാസിന് വേണ്ടി ഗോണി മൂന്നും ഇര്‍ഫാന്‍ പത്താന്‍ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്റെ അഭാവത്തില്‍ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യന്‍ മഹാരാജാസിനെ നയിച്ചിരുന്നത്. യുവരാജും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ വേള്‍ഡ് ജയന്റ്‌സ് ഏഷ്യ ലയണ്‍സുമായി ഏറ്റുമുട്ടും. അതേസമയം, തണുത്ത പ്രതികരണമായിരുന്നു കാണികളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ഇന്നലെ കളി കാണാന്‍ എത്തിയത്. ഗാലറിയുടെ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.