CLOSE

സ്വകാര്യ ജെറ്റ് വിമാനം ട്രാക്ക് ചെയ്യുന്നത് നിര്‍ത്തണം; ഇലോണ്‍ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളര്‍

Share

സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ വേണ്ടി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളര്‍.

കഴിഞ്ഞ നവംബറിലാണ് 19 കാരനായ ജാക്ക് സ്വീനിയെ ഇലോണ്‍ മസ്‌ക് സമീപിക്കുന്നത്. @ElonJet എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജാക്ക് മസ്‌കിന്റെ വിമാന യാത്ര വിവരങ്ങള്‍ പങ്കുവെക്കുന്നത്. ഏകദേശം 1.64 ലക്ഷം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

ജനുവരി 26ന് ഈലോണ്‍ മസ്‌ക് ടെസ്ലയുടെ നിക്ഷേപകരുമായി ഓണ്‍ലൈനില്‍ സംവദിച്ചിരുന്നു. ഈലോണ്‍ മസ്‌കിന്റെ വിമാനം ടെക്‌സാസില്‍ എത്തിയതിന്റെ വിവരങ്ങളും അന്ന് ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു. തുടര്‍ന്നാണ് ഇലോണ്‍ ട്വിറ്ററിലൂടെ നേരിട്ട് ജാക്കിന് സന്ദേശം അയച്ചത്. തന്റെയും കുടുംബത്തിന്റെയും വിമാനയാത്രാ വിവരങ്ങള്‍ പരസ്യമാവുന്നതിന് എതിരെ നേരത്തെയും മസ്‌ക് രംഗത്ത് വന്നിരുന്നു.

സാധാരണ ഒരാള്‍ക്കും ട്വിറ്ററിലൂടെ മറുപടി നല്‍കാത്ത വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. പക്ഷേ യു.എസിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ഐ.ടി വിദ്യാര്‍ഥിയായ ജാക്ക് സ്വീനിക്ക് അദ്ദേഹം മെസേജ് അയച്ചു. ‘ഈ അക്കൗണ്ട് നിര്‍ത്താമോ ? ഇത് സുരക്ഷാ ഭീഷണിയാണെന്നാണ്’ മസ്‌ക്ക് മെസേജ് അയച്ചത്. പുലര്‍ച്ചെ 12.13ന് ലഭിച്ച മെസേജിന് നേരം വെളുത്തപ്പോഴാണ് ജാക്ക് മറുപടി നല്‍കിയത്. ഞാന്‍ അക്കൗണ്ട് നിര്‍ത്താം. പക്ഷേ ടെസ്‌ല മോഡല്‍ 3 കാറിന്റെ വിലവരുമെന്നായിരുന്നു ജാക്ക് മറുപടി കൊടുത്തത്.ട്വിറ്റര്‍ ബോട്ടിനെ ഡിലീറ്റ് ചെയ്താല്‍ 5000 ഡോളര്‍ (3.75 ലക്ഷം രൂപ) നല്‍കാമെന്നാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. പ്രതിമാസം 20 ഡോളര്‍ മാത്രമാണ് ബോട്ടില്‍ നിന്ന് വരുമാനമായി ലഭിക്കുന്നതെന്ന് ജാക്ക് മസ്‌കിന് മറുപടിയും അയച്ചു. 5000ത്തിന് പകരം 50,000 ഡോളര്‍ ലഭിക്കുമോ?. അത് എന്റെ കോളേജ് പഠനത്തെ സഹായിക്കും. ടെസ്‌ലയുടെ മോഡല്‍3 കാര്‍ വാങ്ങാന്‍ കഴിയും. ജാക്ക് മെസേജ് അയച്ചു.

ജനുവരി 26നാണ് ജാക്ക് മസ്‌കിന് അവസാനമായി മെസേജ് അയച്ചത്. നിങ്ങളുടെ കാഴ്ച്ചപാട് എനിക്ക് മനസിലാവുന്നുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ ബോട്ട് നിര്‍മിക്കുന്നു. ഒരുപാട് പരിശ്രമിച്ചാണ് ബോട്ടുകളെ നിര്‍മിക്കുന്നത്. പണത്തിന് പകരം ടെസ്‌ലയില്‍ ഇന്റേണ്‍ഷിപ്പ് നല്‍കിയാലും മതിയാവുമെന്നും ജാക്ക് തന്റെ അവസാന മെസേജില്‍ മസ്‌കിനോട് പറഞ്ഞു. പറയുന്നു.പിന്നീട് മസ്‌കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്ന് ജാക്ക് പറയുന്നു.

പണം നല്‍കുന്നതിന് പകരം ജാക്കിന്റെ ട്രാക്കിങ് രീതി പൊളിക്കാന്‍ മസ്‌ക് പലശ്രമങ്ങളും നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെഏറ്റവും സമ്ബന്നനായ വ്യക്തിയായ ഈലോണ്‍ മസ്‌ക്. ടെസ്‌ല, സ്‌പേസ് എക്‌സ് കമ്ബനികളുടെ സി.ഇ.ഒ യാണ്. 7.2 കോടി പേര്‍ അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരടക്കമുള്ള അതിസമ്ബന്നരുടെ സ്വകാര്യജെറ്റ് വിമാനങ്ങളെയും ജാക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ജാക്ക് സ്വീനിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിയമവിരുദ്ധമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.വ്യോമയാന മേഖലയില്‍ ജോലിയെടുക്കുന്ന പിതാവില്‍ നിന്നാണ് ഈ മേഖലയിലെ പലകാര്യങ്ങളും ജാക്ക് മനസിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *