യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോളണ്ട് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുന്നു എന്ന് റിപ്പോര്‍ട്ട്. പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ യുക്രൈന് സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്. യുക്രൈന് സൈനികര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പോളണ്ടുകാര്‍ അല്ലാത്തവര്‍ക്ക് എതിരെ ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ ഉണ്ടായതായും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പോളണ്ട് അതിത്തിയില്‍ യുക്രൈന് സൈന്യം വിദേശികളെയാണ് തടയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ പോളണ്ട് അതിര്‍ത്തിയില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഉക്രൈന് പൗരന്മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരെ കടത്തിവിടുന്നില്ല.
ഫീല്‍ഡ് വെച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറുകളായി ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ആരംഭിക്കാതെ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയത്. മതിയായ വാഹന സൗകര്യങ്ങള്‍ പോലുമില്ലാതെ പലരും നടന്നാണ് അതിര്‍ത്തിയിലെത്തിയത്.