CLOSE

ശ്രീലങ്കന്‍ പ്രതിസന്ധി; 40,000 ടണ്‍ ഡീസല്‍ കൈമാറി ഇന്ത്യ

Share

കൊളംബോ: ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഹായം കൈമാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടണ്‍ ഡീസല്‍ ലങ്കയില്‍ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളില്‍ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോര്‍ട്ട്. വിവിധ പ്രതിസന്ധികള്‍ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു.

ശ്രീലങ്കയ്ക്ക് 40,000 ടണ്‍ അരിയും ഇന്ത്യ നല്‍കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവര്‍ധന താല്‍ക്കാലികമായി പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.

അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാഷ്ട്രം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും പവര്‍കട്ടുകളും കാരണം വലയുകയാണ്.

Leave a Reply

Your email address will not be published.