നേര്‍ക്കാഴ്ച്ചകള്‍…..
സാമ്പത്തിക അടിത്തറയില്ലാത്ത കുടുംബംഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആയുഷ്മാന്‍ ഭാരത്ഹെല്‍ത്ത് കാര്‍ഡ്’പദ്ധതിയിലേക്ക് പുതുതായി ആളുകളെ ചേര്‍ത്തു വരുന്നു, എന്നും ഉടന്‍ ചേരണമെന്നും, 50 രൂപാ മുടക്കി അക്ഷയ സെന്ററില്‍ ചെന്നാല്‍ രജിട്രേഷന്‍ സാധ്യമാണെന്നും കാണിച്ച് ജില്ലയില്‍ വ്യാപകമായ പ്രചരണം നടക്കുകയാണ്. കേന്ദ്ര ബജററ് അവതരണത്തിനിടയിലാണ് പകര്‍ച്ച വ്യാധി പോലെ ഈ മെസേജ് ഏതോ അജഞാത കേന്ദ്രത്തില്‍ നിന്നും പുറത്തു വരുന്നത്. ഇതില്‍ കാര്യമില്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന മെസേജ് ആണ് ഇതെന്നും, ഉറവിടം കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും, ആയുഷ്മാന്‍ -കാരുണ്യ ബലവന്റ് സ്‌കീമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ ശിബിന്‍ ജോസഫിനോട് അന്യേഷിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഒരു തരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ഇല്ലാത്തവര്‍ക്ക് മാരകമായ രോഗം വന്നാല്‍ സംസ്ഥാനത്തിന്റെ കാരുണ്യ ബലവന്റ് ഫണ്ടിലൂടെ ആനുകുല്യങ്ങള്‍ നേടാന്‍ അവസരമുണ്ട്.
വാര്‍ഷിക വരുമാനം മുന്നു ലക്ഷത്തിനകം ഉള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ അര്‍ഹത നേടുക. ഈ പദ്ധതിയിലേക്ക് ഏപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കമാമെന്ന് തിരുവന്തപുരം കൈതക്കാട് പ്രവര്‍ത്തിക്കുന്ന (എസ്.എച്ച.എ) സംസ്ഥാന ആരോഗ്യ എജന്‍സി അറിയിച്ചു. എ.പി.എല്‍. ബി.പി.എല്‍ വ്യത്യാസവും ബാധകമല്ല. പരമാവധി രണ്ടു ലക്ഷവും, ഡയാലിസിസ് രോഗികള്‍ക്കാണെങ്കില്‍ മൂന്നു ലക്ഷം രൂപയുമാണ് ഇത്തരത്തില്‍ സഹായം ലഭിക്കുക. വാട്‌സ്ആപിലും ഫേസ്ബുക്കിലും ഒരു പോലെ പ്രചരിക്കുന്ന പോസ്റ്റ് തെറ്റാണെന്നും പ്രചരിപ്പിക്കുന്നതിന് കൂട്ടു നിന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
2011ലെ സെന്‍സസ് പ്രകാരം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന(ആര്‍എസ്ബിവൈ) കാര്‍ഡ് 2018-19 വര്‍ഷത്തില്‍ പുതുക്കിയവര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താവാണെന്ന് സാക്ഷ്യപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച കത്ത് ഹാജരാക്കുന്നവര്‍ എന്നിവര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ നിന്ന് പ്രയോജനം ലഭിച്ചു വരുന്ന്ത്. മൂന്‍പ്, എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് ലഭ്യമായിരുന്നു. അതിനായി നിശ്ചിത ഫീസും ഈടാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്ന സ്വകാര്യ കമ്പനി പിന്മാറിയതോടെ പുതുതായി ആളുകളെ ചേര്‍ക്കുന്നതു നിര്‍ത്തിവെക്കുകയായിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനമാക്കിമാറ്റിയിട്ടുണ്ട്.
തെറ്റിദ്ധരിക്കപ്പെട്ട നിരവധി പേര്‍ അമ്പത് രൂപയുമായി അക്ഷയ സെന്ററിലും കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്ന കോമണ്‍ സര്‍വീസ് സെന്ററിലും(സിഎസ് സി) നിരന്തരം ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ നല്‍കിയ വിവരം അനുസരിച്ച് ‘ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും സജീവമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിലാണ് അപേക്ഷ ക്ഷണിക്കാതിരിക്കുന്നത്.
ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തവര്‍ക്ക് ചികിത്സാ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ നിന്ന് ചികിത്സാ സഹായം നേടാം. എന്നാലിത് ഒരു റേഷന്‍ കാര്‍ഡിന് പരമാവധി രണ്ടുലക്ഷം രൂപയും വൃക്ക രോഗികള്‍ക്ക് മൂന്ന് ലക്ഷം വരെയും ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെയും പ്രയോജനം ലഭിക്കും.
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് നിലവില്‍ കേരളത്തില്‍ നിന്ന് പുതിയ അപേക്ഷകരെ വിളിച്ചിട്ടില്ല. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ കാര്‍ഡ് കേന്ദ്രം വിതരണം ചെയ്യുന്നത് തെറ്റിദ്ധരിച്ചാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കാര്‍ഡാണ് എന്ന് വിശ്വസിച്ച് രോഗികള്‍ ആശുപത്രികളെ സമീപിച്ച് തിരിച്ചു നിരാശരായി തിരിച്ചു വരികയാണ്.
-പ്രതിഭാരാജന്‍