CLOSE

ദേശാഭിമാനിയുടെ പേരിലും വ്യാജഫോട്ടോഷോപ്പിറക്കി

Share

നേര്‍ക്കാഴ്ച്ചകള്‍…..
(ഭാഗം രണ്ട്)

ബി.ജെ.പിയുടെ വോട്ടു കൊണ്ടാണ് പിണറായി വിജയന്‍ നിയമസഭ കണ്ടെതെന്ന അസമ്പന്ധത്തിനു 1977ല്‍ ബി.ജെ.പി ജനിച്ചിട്ടേ ഇല്ലല്ലോ ഹെ,
എന്ന മറുപടി കിട്ടിയതോടെ എന്‍.ടി രമേശ് അടങ്ങിയെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇനിയും ബുദ്ധി ഉദിച്ചിട്ടില്ല.

യു.ഡി.എഫ് ചരിത്രത്തിലൊരിക്കലും ബി.ജെ.പിയുടെ വോട്ടു വാങ്ങി ജയിച്ചിട്ടില്ലെന്ന പുതിയ കണ്ടെത്തലുമായി വീണ്ടും പൊട്ടിക്കുകയാണ് , ഉണ്ടയില്ലാ വെടി. കള്ളം പറയുന്നവരെ തിരിച്ചറിയാം അവര്‍ക്ക് ലജ്ജ കാണില്ല.

ആക്രിവിലക്കു പോലും എടുക്കാനാവാത്ത, നിയമസഭയുടെ രേഖയില്‍ ചേര്‍ക്കാന്‍ കൊള്ളാത്ത പച്ചക്കള്ളമായിരുന്നു, വി.ഡി. സതീശന്റേത്. കള്ളം പറയാത്തവര്‍ ചുരുക്കമായിരിക്കും രാഷ്ട്രീയത്തില്‍.
എഴുത്തുകാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ സതീശനെ കല്ലെറിയട്ടെ.

1977 കാലം. ഈ കുറിപ്പുകാരന് ഏതാണ്ട് 12 വയസ് .
ഉദുമ നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയാണ് കെ.ജി. മാരാര്‍. അന്ന് ബി.ജെ.പി.എന്നത് സ്വപ്നത്തില്‍ പോലും പിറക്കാത്ത പാര്‍ട്ടി. ജനസംഘക്കാരനായിരുന്നു, മാരാര്‍ജി. ജനസംഘത്തിനു അവരുടേതായ കൊടിയടയാളമുണ്ട്. പക്ഷെ മാരാര്‍ജി മല്‍സരിച്ചത് കലപ്പയേന്തിയ കര്‍ഷകനില്‍.

ദീപം. മണ്‍ചിരാതില്‍ കത്തിനില്‍ക്കുന്ന കെടാദീപം.
1977ലെ തെരെഞ്ഞെടുപ്പിനു മുമ്പേ തന്നെ ജനസംഘത്തിന്റെ സ്ഥാപകര്‍ ചേര്‍ന്ന് ദീപത്തെ ഊതിക്കെടുത്തി.

മണ്‍ചിരാതില്‍ കത്തിയിരുന്ന , പ്രകാശം പരത്തുന്ന ദീപം ജനതാപാര്‍ട്ടിയുമായി സഖ്യമല്ല, നിരൂപാധികം ലയിച്ചു ചേരുകയായിരുന്നു.

ജനതാപാര്‍ട്ടി എന്നാല്‍ ഇന്ദിരക്കെതിരെ പെട്ടെന്നു മുളച്ചു പൊങ്ങിയ ഒരു പ്രതിഭാസം മാത്രമായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ . മല്‍സരിക്കാന്‍ ചിഹ്നമില്ലാതെ വന്നപ്പോള്‍ അവര്‍ കൂട്ടുകക്ഷിയായ ചരണ്‍സിംഗിനെ സമീപിച്ചു,
ഞങ്ങള്‍ക്കു മല്‍സരിക്കണം
ചിഹ്നമില്ല. നിങ്ങളുടെ ചിഹ്നം കടം തരണം. തെരെഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടന്‍ മടക്കിത്തന്നു കൊള്ളാം.
ചരണ്‍സിംഗ് സമ്മതിച്ചു.

അങ്ങനെ ജനസംഘത്തിനു മല്‍സരിക്കാന്‍ ഒരു ചിഹ്നം കടമായി കിട്ടി.
കലപ്പയേന്തിയ കര്‍ഷകന്‍.

കലപ്പയേന്തിയ കര്‍ഷകനിലായിരുന്നു, കെ.ജി. മാരാര്‍ ഉദുമയില്‍ മല്‍സരിച്ചത്. ജനസംഘത്തിന്റെ ദീപത്തിലല്ല.

ഞാനടക്കമുള്ള ബാലസംഘത്തിലെ കൊച്ചു കുട്ടികള്‍ അന്ന് ജാഥക്കു പോയിരുന്നു. അച്ഛനുണ്ട് കൂടെ. ഉദയമംഗലത്തു നിന്നുമാണ് ജാഥ പുറപ്പെട്ടത്. ഉദുമയില്‍ സമാപനം. മാരാറെ ജയിപ്പിക്കലല്ലായിരുന്നു, ഞങ്ങള്‍ കുട്ടികളുടെ ലക്ഷ്യം. തെരുവില്‍ മിന്നിത്തിളങ്ങുന്ന വിദ്യൂല്‍പ്രകാശം. അതിന്റെ കാന്തി ആസ്വദിച്ചു കൊണ്ട് ഏതോ സ്വപ്നലോകത്തെന്ന പോലെ ഞങ്ങള്‍ നിന്നു. സി.പി.എമ്മിന്റെ നേതാവ് കെ.ടി അച്ചുതേട്ടന്‍ പ്രസംഗിക്കുന്നു.

നമ്മുടെ ഓരോ ഗ്രാമങ്ങളിലും വൈദ്യുതി വരണമെങ്കില്‍ കെ.ജി മാരാര്‍ക്ക് വോട്ടു ചെയ്യണം.
എങ്ങോട്ടു തിരിഞ്ഞിരുന്ന് പഠിച്ചാലും മൂക്കിലേക്ക് കറുത്ത പുക പാഞ്ഞു കയറുന്ന മണ്ണെണ്ണ വിളക്കിനെ ഞങ്ങള്‍ എപ്പോഴേ വെറുത്തിരുന്നു.

അച്ഛുവേട്ടന്റെ പ്രസംഗം കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഉല്‍സാഹം കൂടി. അവിടെ നിന്നും കിട്ടിയ ബാഡ്ജ് കീശയില്‍ കുത്തിയായിരുന്നു, പിന്നീട് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്.
( മാണിസാറാണ് സമ്പൂര്‍ണ വൈദ്യുതി വിപ്ലവം പ്രഖ്യാപിച്ചത്. ആ യോഗം തച്ചങ്ങാട് ടൗണിന്റെ പിറകുവശത്തുള്ള വയലില്‍ വെച്ചായിരുന്നു. അത് തല്‍ക്കാലം ഓര്‍മ്മയില്‍ വെക്കാം)

സി.പിഎമ്മിനു നല്ല വേരോട്ടമുണ്ടായിട്ടും, പി.എസ്.പി, എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനായിട്ടു കൂടി എന്‍.കെ. ബാലകൃഷ്ണന്‍ സ്വതന്ത്രനായാണ് മല്‍സരിച്ചത്.
മാരാര്‍ജിയുടെ പാര്‍ട്ടി ഏതെന്ന് തെരെഞ്ഞടുപ്പു കമ്മീഷന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ബി.എല്‍.ഡിക്കാരന്‍.
അതാണ് മറുപടി.
(ഭാരതീയ ലോകതാന്ത്രിക്)
ചിഹ്നം കലപ്പയേന്തിയ കര്‍ഷകന്‍. ചുമരില്‍ വരക്കാന്‍ ഏറെ പാടുള്ള ചിഹ്നം.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് പിന്നെ ഏറെക്കാലം ഈ ചിഹ്നം വരക്കേണ്ടതായി വന്നിട്ടില്ല.
ആരൊക്കെ എന്തൊക്കെ ശ്രമിച്ചിട്ടും മാരാര്‍ജിക്ക് നിയമസഭ കാണാനൊത്തില്ലെന്നു മാത്രമല്ല, എന്‍.ടി. രമേശ് (അന്ന് ജനിച്ചിട്ടു പോലുമുണ്ടാകില്ലെന്നു തോന്നുന്നു) പറഞ്ഞ ഉദുമയില്‍ മല്‍സരിച്ച മാരാറുടെ ചീഫ് ഇലക്ഷന്‍ ഏജന്റ കൂത്തുപറമ്പില്‍ നിന്നും ജയിച്ചു കയറുകയും ചെയ്തു.

ദേവസ്വത്തിന്റെ കാര്യത്തിലായാലും മദ്രസാ അദ്ധ്യാപകരുടെ ശമ്പളക്കാര്യത്തിലായാലും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കല്‍ രാഷ്ട്രീയമാണ് അവര്‍ പഠിച്ചു പാസായത്.

ബി.ജെ.പി ജനിച്ചിട്ടുപോലുമില്ലാത്ത കാലത്തെ എല്‍.ഡി.എഫുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് പ്രസ്ഥാവന ഇറക്കിയ എന്‍.ടി രമേശ് എന്ന ചെറുപ്പക്കാരനോട് തലക്ക് വെളിവില്ലേ, എന്ന് എങ്ങനയാണ് ചോദിക്കുക.

1977ല്‍ ബി.ജെ.പി.എന്ന ഒരു പാര്‍ട്ടിയേ ജനിച്ചിട്ടില്ലാതിടത്ത് ദേശാഭിമാനി പത്രം അതിന്റെ ഒന്നാം പേജില്‍ പിണറായിയുടെ പടവും അരിവാള്‍ ചുറ്റിക നക്ഷത്രവും ചേര്‍ത്ത് ബി.ജെ.പിയുടെ പിന്തുണയോടെ കുത്തുപറമ്പില്‍ മല്‍സരിക്കുന്നു, എന്ന് വാര്‍ത്ത കൊടുത്തിരിക്കുന്നു, എന്ന് തെളിവു സഹിതം പുറത്തുവിടുന്ന ഉടായ്പ്പാണ് യഥാര്‍ത്ഥ ഉടായ്പ്പ്. മറ്റാര്‍ക്കും കാണില്ല ഇത്രയും ഉളുപ്പ്.

1980ലാണ് ബി.ജെ.പിയുടെ ജനനം. 1984ലാണ് ഇന്ത്യയില്‍ കേവലം രണ്ടു സീറ്റോടുകൂടി ഇവര്‍ മുഖ്യധാരയിലെത്തുന്നത്. 1995ല്‍ മാരാര്‍ജി മരിക്കുന്നു. അപ്പോള്‍ 1977ല്‍ പിണറായിയെ ജയിപ്പിക്കാന്‍ പിറക്കാത്ത ബി.ജെ.പിക്ക് എങ്ങനെ കഴിയും? ഈ പരമ്പരയില്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിന്റെ കോപ്പിപോലെ മലിനജലത്തെ തീര്‍ത്ഥമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന ഫോട്ടോഷോപ്പ് രാഷ്ട്രീയ തരികിടപ്പണി മതിയാക്കണം.

കേരളത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്ന മാരാര്‍ജിയേക്കുറിച്ചുള്ള പുസ്തകത്തെ മാനിച്ചെങ്കിലും അതു ചെയ്യണം. മാരാര്‍ജി തനിക്കു പറ്റിയ തെറ്റുകള്‍ ആത്മകഥയില്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ട്. കോലീബി സഖ്യത്തെക്കുറിച്ച് പ്രത്യേകിച്ചും. അതെടുത്തു വായിച്ചാല്‍ മതി, തെറ്റു ചെയ്യുന്ന രാഷ്ട്ീയക്കാര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകും.

വി.ഡി സതീശന്‍ പറഞ്ഞത് യു.ഡി.എഫിന് ഒരിക്കലും ആര്‍.എസ്.എസിന്റെ സഹായത്തോടെ മല്‍സരിക്കേണ്ടി വന്നിട്ടില്ലെന്നാണ്. അതിലേക്കു വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *