നേര്‍ക്കാഴ്ച്ചകള്‍……
(ഭാഗം മൂന്ന്)
കെ ജി മാരാരും ഒ രാജഗോപാലും സതീശന് ആര്‍എസ്എസുകാരനല്ലാതായത് എന്നു മുതല്‍ക്കാണ്?
1980ല്‍ കോണ്‍ഗ്രസ് മുന്നണിയോടൊപ്പം ചേര്‍ന്ന് ജനവിധി തേടിയത് അദ്ദേഹം മറന്നുവോ? അതിലേക്ക് പിന്നീട് വരാം.
ഉദുമ ഉള്‍പ്പെടെ 25 ഓളം നിയമസഭാ മണ്ഡലങ്ങള്‍, മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് 1977ല്‍ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ജനതാപാര്‍ട്ടി മത്സരിച്ചിരുന്നത്. കെ ജി മാരാര്‍ക്ക് പുറമെ എം പി വീരേന്ദ്ര കുമാര്‍, കെ ചന്ദ്രശേഖരന്‍, അലക്‌സാണ്ടര്‍ പറമ്പിത്തറ, എസ് എം നൂഹ് , പി.എ ഹാരിസ് തുടങ്ങിയവരെല്ലാം ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായി വന്നു. ഇന്നത്തെ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ അന്ന് കണ്ണൂരിലെ ജനതാപാര്‍ട്ടി യുവനേതാവായിരുന്നു. അന്ന് കൂത്തുപറമ്പില്‍ പിണറായിയുടെ മുഖ്യ തെരെഞ്ഞെടുപ്പ് എജന്റ് കെ. സുധാകരായിരുന്നു എന്ന് പറഞ്ഞില്ലല്ലോ. മഹാഭാഗ്യം.
1977ല്‍ വടകര, കോഴിക്കോട്, തിരുവനന്തപരം എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് ജനതാപാര്‍ട്ടി മത്സരിച്ചത്. അവിടങ്ങളില്‍ യഥാക്രമം അരങ്ങില്‍ ശ്രീധരന്‍, എം കമലം, പി വിശ്വംഭരന്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജനതാ പാര്‍ട്ടിയിലെ വി സി ചെറിയാനായിരുന്നു.
ഇതൊക്കെ പോട്ടെ, ഇന്നത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ നേതാവ് ഇ. ടി മുഹമ്മദ് ബഷീര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായാണ് അന്ന് തിരുവമ്പാടിയില്‍ വെച്ച് ജയിച്ചു വന്നത്.
കോണ്‍ഗ്രസിലെ സിറിയക് ജോണിനെ തോല്‍പ്പിച്ച് ഇ.ടി.യെ ജയിപ്പിച്ചത് സി.പി.എം ആയിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ സത്യം കണ്ടേക്കും.
അഴിമതിക്കെതിരേ സമ്പൂര്‍ണ വിപ്ലവം, സിംഹാസനം പിടിച്ചെടുക്കാന്‍ ഇതാ ജനത വരുന്നു, എന്ന മുദ്രാവാക്യം ജനത്തിന്റെ മനസില്‍ കൊണ്ടു.
അടിയന്തിരാവസ്ഥ അറബിക്കടലിലെന്ന കേരള മുദ്രാവാക്യം പോലെ.
1977ലെ തീ പാറിയ പോരാട്ടം.
ഇന്ദിരയുടെ ഉറച്ച ശുഭാപ്തിവിശ്വാസത്തിലായിരുന്നു ആ പാര്‍ട്ടി. അഞ്ചാം പഞ്ചവല്‍സര പദ്ധതികളുടെ വിജയം, ബാങ്ക് ദേശവല്‍ക്കരണം. യൂറിയ എന്ന രാസവളത്തിന്റെ കണ്ടുപിടുത്തം, വിളവിന്റെ വിപ്ലവം, നാട്ടിലാകെ ജോലി. പട്ടിണി മാറ്റാന്‍ ‘ജോലിക്കു കൂലി ഭക്ഷണം’ എന്ന പരിപാടി. തുടങ്ങിയ അടിയന്തിരാവസ്ഥയില്‍ ഉടലെടുത്ത വികസനം തനിക്ക് അനുകൂലമാകുമെന്ന് ഇന്ദിരാഗാന്ധി ധരിച്ചു.
അമിതമായ ആത്മവിശ്വാസം ആപത്താണെന്നു പറയാറുണ്ടല്ലോ.
അതു തന്നെ സംഭവിച്ചു.
വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിക്ക് 298 സീറ്റ്. കോണ്‍ഗ്രസിന് കേവലം 189 മാത്രം.
ഇന്ന് ബി.ജെ.പിക്കെതിരെ ആശയം നോക്കാതെയുള്ള പിന്തുണ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുന്നത് 1977ലെ തനിയാവര്‍ത്തനമാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ കുട്ടായ്മയില്‍ രൂപപ്പെട്ട ഇന്ദിരാവിരുദ്ധ തരംഗത്തിനു കേരളത്തില്‍ നേതൃത്വം കൊടുത്തതിന്റെ പക തീര്‍ക്കാനാണ് വിഡി സതീശനും മുല്ലപ്പള്ളിയുമൊക്കെ 1977ലെ സിപിഎം- ബിജെപി ബാന്ധവത്തെ കൊണ്ടാടുന്നത്.
കോണ്‍ഗ്രസ് പാളീസായി.
റായ്ബറേലി എന്നാല്‍ ഇന്ദിരയുടെ പൊക്കിള്‍ക്കൊടി. അവിടെയടക്കം ഇന്ദിര തോറ്റു.
രാജ്യം കണ്ട ഏറ്റവും വലിയ ഐക്യമുന്നണി സംവിധാനം ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 1977 മാര്‍ച്ച് 24ന് പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തു.
പക്ഷെ നിര്‍ഭാഗ്യമല്ല, ഒരു ഗുഹയില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ലല്ലോ. 1979 ജൂലൈ 28 ജനതാപാര്‍ട്ടിക്ക് ഭരണം വിട്ടൊഴിയേണ്ടി വന്നു.
കുടിയിറക്കത്തിനു കാരണവും ആര്‍എസ്.എസ് തന്നെ. ജനതാപാര്‍ട്ടിയുടെ മന്ത്രിമാര്‍ എന്നു പുറത്തു പറഞ്ഞു നടന്ന വിദേശകാര്യ മന്ത്രി വാജ്‌പേയും, വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായ അദ്വാനിയും ആര്‍.എസ്.എസ് ബാന്ധവം ഉപേക്ഷിച്ചില്ല. ജനാധിപത്യ മതനിരപേക്ഷ മനസ്സായിരിക്കണം ഇന്ത്യ ഭരിക്കേണ്ടതെന്ന ഇടതു പക്ഷം ഉള്‍പ്പെടെയുള്ള ജനതാപാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആര്‍.എസ്.എസ് ബന്ധം ഒഴിവാക്കണമെന്ന് ദേശായി ആവശ്യപ്പെട്ടു. അദ്വാനിയും, വാജ്പേയും അത് ചെവിക്കൊണ്ടില്ല.
ഒന്നുകില്‍ ജനതാപാര്‍ട്ടി, അല്ലെങ്കില്‍ ആര്‍എസ്എസ്സ്. രണ്ടു തോണിയില്‍ കാലു നീട്ടേണ്ടെന്ന് ജയപ്രകാശ് നാരായണന്‍ കടുപ്പിച്ചു പറഞ്ഞു.
ആര്‍എസ്എസിന്റെ മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിയാത്ത പക്ഷം പുറത്താക്കണമെന്ന് ഉപപ്രധാന മന്ത്രി കൂടിയായ ചരണ്‍സിംഗും ആവര്‍ത്തിച്ചു.
നടന്നില്ല.
തുടര്‍ന്ന് മൊറാര്‍ജിദേശായി രാജി വെച്ചൊഴിഞ്ഞു.
മതനിരപേക്ഷതയുടെ പഴയ അദ്ധ്വായം അവിടെ അവസാനിക്കുകയായിരുന്നു . കീറാമുട്ടികളെ കൂട്ടുപിടിച്ച് ആശയം എന്തുമാവട്ടെ, ഭരണം വേണം എന്ന പുതിയ പ്രമേയവുമായി ഇന്ന് കോണ്‍ഗ്രസ് പലവാതിലുകളില്‍ മുട്ടുകയാണ്. 1977ന്റെ ആവര്‍ത്തനമാണ് 2023ലെ കോണ്‍ഗ്രസ് പ്ലീനം.
ദേശായി മന്ത്രിസഭയെ വീഴ്ത്തിയത് ഇന്ദിരാഗാന്ധിയുടെ കുശാഗ്ര ബുദ്ധി . ഒറ്റ ദിവസം, ഒരേ ഒരു ദിവസമേ ഇന്ദിരക്കു വേണ്ടി വന്നുള്ളു ചരണ്‍സിംഗിനെ അടര്‍ത്തിയെടുക്കാന്‍. അതിലേക്ക് പിന്നീട് വരാം.
പ്രതിഭാരാജന്‍