CLOSE

ഇ.എം.എസില്‍ നിന്നും ജയരാജന്‍ വരെയെത്തി നില്‍ക്കുന്ന കമ്മ്യൂണിസം

Share

നേര്‍ക്കാഴ്ച്ചകള്‍….

പുന്നപ്രവയലാര്‍ രക്തസാക്ഷി മണ്ഡപം. രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഒരു പറ്റം സഖാക്കളെത്തിയിട്ടുണ്ട്. കൂടെ ഇ.എം.എസും.
ലോകത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ജനകീയ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയാണ്. സത്യപ്രതിജ്ഞക്കു പോകും മുമ്പേ, അഭിവാദ്യമര്‍പ്പിക്കാന്‍ പുന്നപ്രയിലെ ചുടുകാട്ടിലെത്തിയതാണ് ഇ.എം.എസ്.

ഇന്‍ക്വിലാബ് മുഴങ്ങി. രക്തസാക്ഷികള്‍ക്കായി റീത്ത് സമര്‍പ്പിച്ച് തിരികെ വീട്ടില്‍ ചെന്നു.
പഴകിയ മുണ്ടും, ഷര്‍ട്ടും ഒന്നു മാറണം. സത്യ പ്രതിജ്ഞക്കു പോവുകയാണല്ലോ. പത്നി ആര്യ അന്തര്‍ജനം നിര്‍ബന്ധിച്ചു.

അലക്കി അലമാരയില്‍ വെച്ചു പൂട്ടിയിരുന്ന മുണ്ടും ഷര്‍ട്ടുമെടുത്തു. നോക്കിയപ്പോള്‍ മുണ്ട് ചുളുങ്ങിയിരിക്കുന്നു. ഇസ്ത്രി ഇടാന്‍ നേരമില്ല.
ആളുകള്‍ കാത്തു നില്‍ക്കുന്നു. അലക്കിയ മുണ്ട് ഒന്നുറക്കെ കുടഞ്ഞുടുത്ത് ഇ.എം.എസ് ഷര്‍ട്ടെടുത്തിട്ടു.

ആദ്യത്തെ കുടുക്ക് പാകം. രണ്ടാമത്തേതും മൂന്നാമത്തേതും ഇളകിയിരിക്കുന്നു. പേനാ കുത്തുന്ന ഭാഗം പോക്കറ്റു അല്‍പ്പം കീറിയിരിക്കുന്നു. ഷര്‍ട്ട് ഊരാന്‍ നിക്കാതെ തന്നെ ആര്യാ ദേവി സുചിയും നൂലും കൊണ്ടു വന്നു അത് തുന്നാന്‍ ശ്രമിച്ചു.
കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സഖാക്കളില്‍ ഒരാള്‍ പറഞ്ഞു.

എന്താ ഇ.എമ്മേ ഇത്. സത്യപ്രതിജ്ഞക്ക് ചെല്ലാന്‍ നേരത്താണോ ഷര്‍ട്ടിനു തുന്നലിടുന്നേ,
ഏതാണ്ട് സമപ്രായക്കാരനായ ആ സഖാവ് ഊരിയെടുത്ത് സാമാന്യം ഭേദപ്പെട്ട തന്റെ ഷര്‍ട്ട് ഇ.എം.എസിനെ ധരിപ്പിച്ചു.
ഇ.എമ്മിന്റെ ഷര്‍ട്ട് തല്‍ക്കാലം അയാളിട്ടു.

കടം വാങ്ങിയ ഷര്‍ട്ടുമായാണ് ഇ.എം.എസ് സത്യപ്രതിജ്ഞക്കു ചെല്ലുന്നത്.
സത്യ പ്രതിജ്ഞ കഴിഞ്ഞു.
പിന്നെ മുഖ്യമന്ത്രിയെന്ന നിലക്ക് സഖാക്കളോടായി നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇ.എം. എസ് പറഞ്ഞു.

എതൊക്കെ സമയങ്ങളിലാണോ നേതാക്കള്‍ നിങ്ങളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കൂടെയുണ്ടാവുക, അപ്പോഴൊക്കെ നിങ്ങള്‍ നേതാക്കളോടൊപ്പമുണ്ടാകും. എന്നാല്‍ എപ്പോഴാണോ ജനങ്ങളെ മറന്നു നേതാവിനു പ്രവര്‍ത്തിക്കേണ്ടി വരിക അതോടെ ജനങ്ങള്‍ ആ നേതാവിനെ കൈയൊഴിയും.

കേരളത്തിന്റെ വികസനഭാവിയ്ക്ക് പ്രകാശം പരത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ. 1957 ഏപ്രില്‍ 5 നാണ് അത് അധികാരമേറ്റത്. ഈ മന്ത്രിസഭ കാലാവധി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഭൂമിയ്ക്കുവേണ്ടി മനുഷ്യര്‍ക്ക് സര്‍ക്കാരിന്റെ ദയക്കു വേണ്ടി ഇപ്പോഴും കാത്തു നില്‍ക്കേണ്ട സ്ഥിതി വരില്ലായിരുന്നു.

ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ, ഏളം കുളം മനയ്ക്കടുത്തുള്ള ജൗളിക്കടയുടെ ഉടമക്ക് ഇ.എം.എസ് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ കുറേ കാലമായി വന്നും പോയുമിരുന്നതാണ്.

കത്തിലെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെ. ഈ കത്തുമായി വരുന്നവള്‍ എന്റെ മകളാണ്. അധികം വിലയില്ലാത്ത ഒരു സാരി ഇവള്‍ക്ക് കൊടുക്കണം. ശമ്പളം കിട്ടിയാല്‍ ഉടന്‍ ഞാന്‍ ആ കടം വീട്ടിക്കൊള്ളാവുന്നതാണ്.
എന്ന്, ഇ.എം. ശങ്കരന്‍

ഓര്‍മ്മയില്‍ തികട്ടി വന്ന ഇതു പോലുള്ള സത്യങ്ങള്‍ ഇവിടെ ഇപ്പോള്‍ കുറിച്ചിടാന്‍ സംഗതിയുണ്ട്.
ആദാദയ നികുതി വകുപ്പ് ഇ.പി.ജയരാജനും, ഭാര്യക്കും, മകനും നോട്ടീസയച്ചിരിക്കുന്നു.
ഭുരിഭാഗം ഓഹരിയും ജയരാജന്റെ കുടുംബത്തിന്റെ പേരിള്ള റിസോര്‍ട്ടില്‍ ആദായ നികുതിക്കാര്‍ക്ക് സംശയം തോന്നിയതിനാല്‍ റൈഡ് ചെയ്ത് പിടിച്ച രേഖകളുടെ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.
നോട്ടീസ് ലഭിച്ചതോടെ ജയരാജന്റെ കുടുംബം ലക്ഷക്കണക്കിനു രൂപയുടെ ഓഹരി വിറ്റ് തടിയൂരാന്‍ ശ്രമിക്കുകയാണെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *