CLOSE

വ്യാപാരി സമ്മേളനത്തിന് ഒരാമുഖം

Share

നേര്‍ക്കാഴ്ച്ചകള്‍…..

ചെറുകിട വ്യാപാരി സംഘടന – വ്യാപാരി വ്യവസായി സമിതി – യുടെ കാസര്‍കോട് ജില്ലാ സമ്മേളനം പാലക്കുന്നില്‍ വെച്ച് നടക്കുകയാണ്.

ഇടതു പക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുമെങ്കിലും സ്വതന്ത്രമായി അഭിപ്രായം പറയാനും, പ്രതികരിക്കാനും സാധിക്കുന്ന സംഘടനയാണിത്.

ഈ കുറിപ്പുകാരന്‍ വ്യാപാരി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലം .
അന്ന് ഏകോപന സമിതി ഒരു തീരുമാനത്തിലേക്ക് പോയി. വ്യപാരികളില്‍ മൃഗീയ ഭൂരിപക്ഷമുള്ളവര്‍ ഞങ്ങളെന്നിരിക്കെ ഏകോപന സമിതിയുടെ അംഗത്വമില്ലാത്തവര്‍ക്ക് വിതരണക്കാരന്‍ സാധനം നല്‍കരുത്, അവരുടെ കടയില്‍ വാന്‍ നിര്‍ത്തരുത്.

അരാഷ്ട്രീയ വാദം പ്രയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരും, മുതലാളി വര്‍ഗപക്ഷം ചേരാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു, ഭുരിപക്ഷം കച്ചവടക്കാരും. ഇന്നും അതിനു മാറ്റമില്ല.

ഈ സാഹചര്യത്തിലെ രാഷ്ട്രീയം തിരിഞ്ഞറിഞ്ഞു കൊണ്ടാണ് ഇടതു പക്ഷത്തിനു കൂടി പങ്കാളിത്തമുള്ളതും, ഏന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ കെല്‍പ്പുള്ളതുമായ ഒരു സംഘടന അനിവാര്യമായി തീര്‍ന്നത്. ഇംഗ്ലീഷില്‍ വി.വി. എന്ന രണ്ടക്ഷരമെഴുതിയത് കൂട്ടിവായിച്ചാല്‍ ഡബ്ല്യൂ എന്നു തോന്നും. ഡബ്ല്യു എന്നാല്‍ വേസ്റ്റിന്റെ ആദ്യാക്ഷരമാണ് ചെറുകിടക്കാരന്റെ കൊടിയടയാളം എന്നു അവര്‍ ആക്ഷേപിച്ചു.

ഭുരിപക്ഷം മെമ്പര്‍ഷിപ്പുള്ളവരുടെ ഇടയില്‍ മാത്രം വിപണനമെന്ന തന്ത്രം കാസര്‍കോടായിരുന്നു പരീക്ഷിച്ചിരുന്നത്.

എന്തു കൊണ്ട് അന്നത് നടന്നില്ല?

സാധാരണക്കാരായ എന്നാല്‍ മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിച്ച് കൈത്തഴമ്പുള്ളവരോട് മുട്ടാന്‍ , ഞങ്ങള്‍, കച്ചവടകകാര്‍ക്കു സമയമില്ലാത്തതിനാല്‍ അംഗങ്ങള്‍ പിന്നോട്ടു വരികയായിരുന്നു.

മാത്രമല്ല, 1957ലെ ഇ.എം.എസിന്റെ തൊഴിലാളി സര്‍ക്കാര്‍ കൊണ്ടു വന്ന വാടക നിയന്ത്രണ നിയമത്തിലെ ആനുകുല്യം സൗകര്യപൂര്‍വ്വം അവര്‍ മറന്നു.

വാടക നിയന്ത്രണ നിയമം 1957ല്‍ നിയമസഭയില്‍ അവതരിപ്പിച്ച വേളയില്‍ ഇ.എം.എസ് പ്രസംഗിച്ചു.

കൃഷിഭൂമി കൃഷിക്കാരന്, എന്ന നിയമത്തിന്റെ വെളിച്ചത്തില്‍ കുടിഒഴിപ്പിക്കല്‍ നിലക്കുന്നതു പോലെ തന്നെ, വാടക നല്‍കി കച്ചവടം ചെയ്യുന്ന കച്ചവടക്കാരനും ഒഴിപ്പിക്കലില്‍ നിന്നും സംരക്ഷണം കിട്ടണം. കട ഒഴിപ്പിക്കാന്‍ ജന്മിക്ക് അവകാശമില്ലാതാകണം.
അത് കണക്കിലെടുത്താണ് വാടക നിയന്ത്രണ നിയമം കൊണ്ടു വന്നത്.

നിയമം കാലാന്തരത്തില്‍ പരിഷ്‌ക്കരിക്കുമ്പോള്‍ ചെറുവിരല്‍ അനക്കാനാവാത്തവരാണ് മറുപക്ഷത്ത്.

ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമുണ്ടോ. കുടിയിറങ്ങിയാല്‍ അവനെങ്ങോട്ടു പോകും.
എങ്ങോട്ടെങ്കിലും പോട്ടെ, എന്നു വെക്കാനാകുമോ വ്യാപാരി സമിതിക്ക്.

സംസ്ഥാന പാതകള്‍ക്ക് വേണ്ടി ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും ദേശീയ പാതക്കു ലഭിക്കുന്നില്ല .

വലതു ഇടതു വ്യാപാരികള്‍ ഒരുമിച്ചു ചേര്‍ന്ന് സര്‍ക്കാരില്‍ സി.പി.എമ്മിനുള്ള സ്വാധീനം ഉപയോഗിച്ച് നേടിയതാണ് വ്യാപാരി ക്ഷേമനിധി ബില്‍. ബില്ലില്‍ മിനിമം പെന്‍ഷന്‍ നിലവില്‍ 1600 രൂപയാണ്. ഇന്നത്തെ കാലാവസ്ഥയില്‍ അതെങ്കിലും നല്‍കിയാല്‍ സാധാരണ കച്ചവടക്കാരന് ജീവിച്ചു പോകാനാകും.

ഭക്ഷ്യ സുരക്ഷാ നിയമമുണ്ട്. കുറ്റം കണ്ടുപിടിക്കപ്പെട്ടാല്‍ പിഴ ഒരു ലക്ഷം വരെ. തടവ് 7 വര്‍ഷം വരേയും.

ചില്ലറക്കച്ചവടം ചെയ്യുന്നവനെ വേട്ടയാടാനല്ലാതെ ഉല്‍പ്പാദന മേഖലയില്‍ നിന്നും കിട്ടുന്ന ഭാരിച്ച കൈമടക്കുകള്‍ കാരണം നിയമം കടലാസില്‍ മാത്രമായി ഒതുങ്ങിക്കൂടുന്നു. മൊത്തം കേസെടുത്തതിന്റെ പശ്ചാത്തലമെടുത്താല്‍ ഭുരിപക്ഷവും ഇടത്തരക്കാരനെ പ്രതിചേര്‍ത്തായിരിക്കും . തേങ്ങയെണ്ണ അളന്ന പാത്രത്തില്‍ എള്ളെണ്ണയുടെ അംശം കണ്ടാല്‍ മതി. കേസാക്കും, എന്നാല്‍ എള്ളണ്ണ എന്ന ലാബലില്‍ ഗ്രീസ് ഉരുക്കി പേക്കറ്റിലാക്കി മാര്‍ജിന്‍ ഫ്രീ മാര്‍ക്കററില്‍ വില്‍ക്കാം. ഉല്‍പാദകനു മേല്‍ കേസില്ല.

പച്ചക്കായ കൊണ്ട് ചിപ്സ് ഉണ്ടാക്കുമ്പോള്‍ ഭംഗിക്കു മഞ്ഞ നിറം ചേര്‍ക്കുന്ന്ത് കച്ചവടക്കാരനല്ല, പക്ഷെ കേസുവരുന്നത് കച്ചവടക്കാരന്റെ നേര്‍ക്ക്.

ചേര്‍ക്കുന്നവനല്ല, വില്‍ക്കുന്നവനാണ് ശിക്ഷ.

ഒരിക്കല്‍ പാലക്കാട് വെച്ച് നേര്‍സറിയില്‍ പോകുന്ന മൂന്നു പൈതങ്ങളെ പാണ്ടിലോറിയിടിച്ചു. മുന്നും തല്‍ക്ഷണം മരിച്ചു.
അന്നു തന്നെ പാലക്കാട്ടെ മറ്റൊരു കവലയില്‍ ഫുഡ് സേഫ്റ്റി പരിശോധനയുണ്ടായി. വെളിച്ചെണ്ണയില്‍ എള്ളെണ്ണയുടെ അംശം കണ്ടെത്തിയതായി തെളിഞ്ഞു.
അയാള്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. പിഴ വേറെയും. പാണ്ടി ലോറിയുടെ ഡൈവര്‍ക്ക് 11മണി മുതല്‍ കോടതി പിരിയും വരെ വെറും തടവു മാത്രം.

ചെറുകിടക്കാരന് വായ്പ കിട്ടുന്നില്ല. കൂട്ടികൂട്ടി വാനം മുട്ടിയ പലിശ കൊടുക്കാനാകുന്നില്ല. കച്ചവടം പൊളിഞ്ഞാല്‍ ഒരുമുഴം കയര്‍ ആശ്രയം.
വൈദ്യുതി ചാര്‍ജ്ജില്‍ വരെ വിവേചനം. അളവൂ തൂക്കത്തിന്റെ സീല്‍ പതിപ്പിക്കുന്നതിന് ഒരു ദിവസം വൈകിയാല്‍ 600 രൂപ പിഴ.

മുള്‍ മുനയിലാണ് സാധാരണ വ്യാപാരി. വ്യാപാരം നാമമാത്രമാകുന്നു. സംഭാവനക്ക് വന്നാല്‍ പത്തു രൂപാ കൊടുക്കാന്‍ പോലും ഉച്ചക്ക് പന്ത്രണ്ടു മണിവരെ കുത്തിയിരുന്നിട്ടും ചില്ലികാശുപോലും പെട്ടിയില്‍ വീഴുന്നില്ല.

വിദേശത്തു നിന്നുമുള്ള ഒഴുക്കു നിന്നു. ഇപ്പോള്‍ ചാറല്‍ മഴപോലുമില്ല.
കേരളത്തില്‍ പണമുള്ളത് ശമ്പളക്കാര്‍ക്കു മാത്രം. അവരത് ബാങ്കില്‍ നിക്ഷേപിക്കുന്നു. കിട്ടുന്ന പലിശ കൊണ്ട് മാളില്‍ പോകുന്നു, സാധനങ്ങള്‍ കാറില്‍ കുത്തിനിറച്ച് വീട്ടില്‍ ചെല്ലുന്നു. ഉദ്യോഗസ്ഥരുടെ സംഘടനയുടെ സമ്മേളനത്തിനു മാത്രം കൂപ്പണുമായി ചെറുകിടക്കാരന്റെ അരികിലെത്തുന്നു. വലിയ കൈയ്യുള്ളവനാണ് കച്ചവടക്കാരന്‍. കൈയ്യയച്ച് സഹായിക്കുന്നു.

നാട്ടിലെ ജൈവകൃഷി വിഭവങ്ങള്‍ക്കു ഡിമാന്റില്ല. നേന്ത്രക്കായ മെലിഞ്ഞു പോയി. ചീരയിലയില്‍ മുഴുവന്‍ ദ്വാരം. പാവക്ക ചുരുണ്ടു പോയി. മാരക വിഷം തളിക്കാത്തതിനു മാര്‍ക്കററില്ല.

ഉറുമ്പോ നേനീച്ചയോ ഇരിക്കാത്ത മാരക വിഷവാഹിനിക്കാണ് പ്രിയ്യം.

വ്യാപാര സ്ഥാപനങ്ങളില്‍ 30 ശതമാനമെ ങ്കിലും കടുത്ത പ്രതിസന്ധിയിയെന്ന് സര്‍ക്കാര്‍ കണക്കില്‍ തന്നെ പറയുന്നു.
അരിവാങ്ങാനല്ല, ഗതികേട്. മൊബൈല്‍ ചാര്‍ജ്ജു ചെയ്യാനും ബീവറേജില്‍ ക്യൂ നില്‍ക്കാനുമാണ് പണം വേണ്ടത്. പിന്നെയും എന്തെങ്കിലും ഒഴിഞ്ഞാല്‍ മാത്രം ചെറുകിടക്കാരന്.

പണം ബാങ്കിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുകയും, അല്ലാത്തത് നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്ന നയം സാധാരണക്കാരന്റെ കഞ്ഞിയിലെ പാറ്റയാണ്.

ചെറുകിടക്കാരന്റെ പ്രശ്നങ്ങള്‍ കേരളം പഠിക്കണം. ടൂറിസം, നാടന്‍ കൃഷി, ഹരിതകേരളം പദ്ധതികളുടെ മേല്‍നോട്ടവും, വില്‍പ്പന വിപണന സംവിധാനവും ചെറുകിടകകാരനു വേണ്ടി നില കൊള്ളുന്നവരെ ഏല്‍പ്പിക്കണം.

വളരെ സുതാര്യമായ വ്യവസ്ഥയില്‍ ഒ.ഡി. ലോണ്‍ അനുവദിക്കണം. പിച്ചപ്പാളയെടുത്തു വായ്പ്പക്കായ് തെണ്ടേണ്ടവനല്ല, ചെറുകിട വ്യാപാരി. അദാനിക്കും അംബാനിക്കും സംരക്ഷണമുണ്ട് , ഇല്ലാത്തത് വെറ്റിലയും അടക്കയും പുകയിലയും വില്‍ക്കുന്നവനാണ്.
പൂക്കാരനാണ്.

അന്നത്തെ അന്നത്തിനു വേണ്ടി കാലത്ത് വന്ന് തെരവോരത്തെ മൂന്നു ചുവരുള്ള ജയില്‍ മുറിയില്‍ ജീവിതം ഹോമിക്കുന്നവനാണ് കച്ചവടക്കാരന്‍.

ഒന്നുകില്‍ ഞങ്ങളെ രക്ഷപ്പെടുത്തുക, അല്ലെങ്കില്‍ നോട്ടു നിരോധിച്ചതു പോലെ മറ്റെതെങ്കിലും ബോംബിട്ടു തകര്‍ത്തു കളയുക.
ചെറുകിട വ്യാപാരി സമ്മേളനം ഇത്തരം വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇടവരട്ടെ.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *