ഫഹദ് ഫാസില്‍ – അഖില്‍ സത്യന്‍ ടീമിന്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുന്നു. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ സത്യന്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇപ്പോള്‍ സംവിധായകനായ അദ്യ ചിത്രം തന്നെ വന്‍ വിജയമാക്കി സംവിധാന ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. റീലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോഴും ഹൗസ്ഫുള്‍ ഷോകളാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഉടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ആണ് ഏറ്റവുമധികം ചിത്രത്തിന് ശക്തമായ പ്രേക്ഷക പിന്തുണ നല്‍കുന്നത് എന്നതാണ് ഈ വിജയത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഈ വര്‍ഷം ഇതിനോടകം പുറത്തിറങ്ങിയ മറ്റ് മലയാള സിനിമകളില്‍ ഒരെണ്ണം ഒഴികെ എല്ലാം ദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങി മലയാള സിനിമ വലിയ പ്രതിസന്ധി നേരിട്ട് നില്‍ക്കുന്ന വേളയില്‍ ഈ വന്‍ വിജയം തിയേറ്ററുകള്‍ക്കും വീണ്ടും പുത്തനുണര്‍വ് നല്‍കിയിരിക്കുകയാണ്. മലയാള സിനിമയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നീണ്ട കാലത്തെ ബോക്‌സ് ഓഫീസ് പ്രതിസന്ധിയ്ക്കാണ് ഇതോടുകൂടി താത്കാലിക ശമനം ലഭിച്ചിരിക്കുന്നത്. അദ്യ ദിവസം പതിഞ്ഞ തുടക്കത്തില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം മികച്ച അഭിപ്രായം നേടിയതോടുകൂടി തിയേറ്ററുകളില്‍ അനുദിനം കൂടുതല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന തരത്തിലാണ് തിയേറ്ററുകളില്‍ ഓട്ടം തുടരുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം നിര്‍വഹിച്ചത്.
അന്തരിച്ച നടനും എം പിയുമായിരുന്ന ഇന്നസെന്റ്റിന്റെ അവസാന ചിത്രമെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഒരു വൈകാരികമായ അനുഭവമായി മാറുകയാണ് ഈ ചിത്രം. സത്യന്‍ അന്തികാട് തന്നെ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങി മെഗാഹിറ്റായ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് ശേഷം ആദ്യമായിട്ടാണ് ഫഹദ് ഫാസില്‍ നായകനായി ഒരു മുഴുനീള കോമഡി ചിത്രം തിയേറിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ തന്നെയാണ് aa ചിത്രം സംവിധാനം ചെയ്തത് എന്ന യാദൃശ്ചികതയും ഈ വിജയത്തിന് തിളക്കമേകുന്നു. കേരളത്തിന് പുറമെ മുംബൈയിലും ഗോവയിലുമായി ചിത്രത്തിന്റെ മുഖ്യഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും തിരക്കഥയും തയ്യാറാക്കിയത് അഖില്‍ സത്യന്‍ തന്നെയാണ്. ഫഹദിന് പുറമെ ചിത്രത്തിലൂടെ ഇടക്കാലത്ത് ഡബ്ബിങ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടന്‍ വിനീത് ശക്തമായ കഥാപാത്രത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു തമിഴിലെ പ്രശസ്ത സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരാണ്. അണിയറയില്‍ മുഴുവന്‍ തമിഴ് – ബോളിവുഡ് ഇന്‍ഡസ്ട്രികളിലെ പ്രശസ്തരാണ് ചിത്രത്തിനായി അണിനിരന്നത്. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, കലാസംവിധാനം: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. മനു മഞ്ജിത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ രചിച്ചത്. കേരളത്തിന് പുറമെ ഓവര്‍സീസിലും വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന ചിത്രം ഫാഴ്‌സ് ഫിലിംസാണ് വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത്.