എഴുത്തുപുര…….
തച്ചങ്ങാട് ഹൈസ്‌കൂള്‍ മുറ്റം ഒന്നു കാണണം. മുമ്പിലും പിറകിലുമെല്ലാം മെക്കാഡം കൊണ്ടു പരവതാനി വിരിച്ച രാജപാതകള്‍, ഏതോ കാലത്ത് തീര്‍ത്ത തന്ത്രി വര്യന്റെ വെണ്ണക്കല്‍പ്രതിമ പടിഞ്ഞാറ്. നിത്യവും കുളിച്ചു തൊഴുന്ന, അമ്പലക്കുളം, വൃതം നോക്കാനെത്തുന്ന ഭക്തര്‍ക്കായി ക്രമം തെറ്റാതെ നിത്യപൂജ നടക്കുന്ന ദേവാലയം. സാവര്‍ണ്യകാലപ്രതാപത്തിനു കാലിടറിയപ്പോള്‍, മുടന്തിയ , പിന്നീട് എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടപ്പിലായ തന്ത്രിവര്യന്റെ കൊട്ടാരം.
അരവത്തു വയല്‍ വഴി ഒഴുകുന്ന അരുവി . പ്രായപൂര്‍ത്തിയായിട്ടും നാണം മറക്കാതെ പുത്തുലഞ്ഞു ചുറ്റും മണം പരത്തി മാടി വിളിക്കുന്ന തങ്കനിറത്തിലുള്ള കൈതപ്പൂച്ചോടുകള്‍,
സാവര്‍ണ്യത്തിനു താഴെ ആര്‍ക്കും സംസകൃതം പഠിക്കാന്‍ അനുമതിയില്ലാത്ത കാലത്ത് – ഒരു നൂറ്റാണ്ടിനു മുമ്പ് – സംസകൃതത്തിന്റെ നീരുറവ വറ്റിപ്പോകാതിരിക്കാന്‍ ധന്വന്തരി സംസ്‌കൃത പാഠശാല പണിത് കുട്ടികളെ എഴുത്തിനിരുത്തിയ ഗോവിന്ദന്‍ വൈദ്യരുടേയും, കുഞ്ഞിരാമന്‍ വൈദ്യരുടേയും, ഗോവിന്ദവാര്യരുടേയും വിയര്‍പ്പിറ്റു വീണ മണ്ണ്.
അമ്പലത്തിലെത്തി വൃതമുണ്ണാനെത്തുന്നവരെ വീശിത്തണുപ്പിക്കാന്‍ റോഡിനരികിലായി വന്‍ ആല്‍മരം.
ഇങ്ങനെ ചരിത്രത്തില്‍ നവേദ്ധാനത്തിന്റെ വിത്തു മുളപ്പിച്ച മുന്‍ തലമുറക്കാരുടെ – ചരിത്രവിപ്ലവത്തിന്റെ – പൈതൃകമുള്ള നാട്ടിലാണ് തച്ചങ്ങാട് ഹൈസ്‌കൂള്‍.
എ.കെ.ജി നിരാഹാരമിരുന്ന് ജന്മി വര്‍ഗത്തോട് കണക്കു പറയിച്ച നാട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച് പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ സാംസ്‌കാരിക മന്ദിരത്തോട് കുശലം പറഞ്ഞു നില്‍ക്കുന്ന കെട്ടിട സമുച്ഛയം. അതിനടുത്താണ് തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍. സര്‍ക്കാരിന്റെ സ്വന്തം ചാനലായ ദുരദര്‍ശന്‍ വഴി നടപ്പിലാക്കി വരുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസണ്‍ 3ലെ മികവാര്‍ന്ന പത്തു വിദ്യാലയങ്ങളില്‍ ഒന്നായി തച്ചങ്ങാട് സ്‌കൂള്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സമഗ്രമായ മുന്നേറ്റം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരളത്തിലെ വിദ്യാലയങ്ങള്‍ നടപ്പാക്കി വരുന്ന വിപ്ലവകരങ്ങളായ സൂമുഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അതിനായുള്ള ഭൗതിക സാഹചര്യ നിര്‍മ്മിതി, കാര്യക്ഷമമായ പഠനാന്തരീക്ഷം, സവിശേഷമായ ആശയങ്ങളും അവയുടെ സൂക്ഷ്മമായ ആസൂത്രണവും , പങ്കാളിത്തവും ഇങ്ങനെ ആധുനിക വിദ്യാഭ്യാസ രംഗത്ത്, ഓണ്‍ലൈന്‍ പഠന രംഗത്തെല്ലാം വ്യക്തിമുദ്രപതിപ്പിച്ച് മുന്നേറിയ ഒരു വിദ്യാര്‍ത്ഥി കൂട്ടം
അതിനുള്ള അംഗീകാരമായി മാറിയിരിക്കുന്നു, ഈ ബഹുമതി.
തിരുവനന്തപുരം ദൂരദര്‍ശനില്‍ ആയിരുന്നു പരിപാടിയുടെ അവതരണം. സാങ്കേതിക നിര്‍വഹണം സീ-ഡിറ്റാണ്.
അക്കാദമിക മികവിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിജയം കൊയ്യാന്‍ കഴിഞ്ഞത് കൂട്ടായ പ്രവര്‍ത്തനം വഴിയാണെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സ്‌കൂളിന്റെ പി.ടി.ഐ പ്രസിഡണ്ടായ ഉണ്ണികൃഷ്ണന്‍ പൊടിപ്പളം പറയുന്നു.
കേവലം 800 കൂട്ടികള്‍ മാത്രമുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 1700 പേര്‍ പഠിക്കുന്നു.
ക്ലാസു മുറികളും പഠന സൗകര്യങ്ങളും ഉള്ളതിലും ഇരട്ടിയിലധികം വേണ്ടി വന്നു.
നാട്ടുബലം, പി.ടി.എ ബലം , പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കായികബലം, സമ്പത്തുള്ളവരുടെ ധനബലം എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ പുതിയ കെട്ടിടമെന്ന ആശയമൊരുങ്ങി.
പിന്നെ പണം വന്നതെവിടെനിന്നും എന്നറിയില്ല. അരവത്ത് വയലിലെ നിരുറവ പോലെ പല ദിക്കിലൂടെയും ഉറവ പൊട്ടി. രണ്ടായിരത്തിന്റെ ചുവന്ന നോട്ടുകെട്ടുകള്‍ അട്ടിയട്ടിയിട്ടു. പതിനഞ്ചു ലക്ഷം കൊണ്ട് സ്സൂള്‍ കെട്ടിടമായി. അസംബ്ലി ഹാള്‍ നിര്‍മ്മിക്കാന്‍ ലക്ഷങ്ങല്‍ വേറെയും പൊടിച്ചു.
കാസര്‍കോട് മുമ്പ് ഒപ്പുമരച്ചോടുണ്ടായിരുന്നു. സുഗത കുമാരി ടീച്ചര്‍ നട്ട സുഗന്ധതൈലം. അതുപോലൊരെണ്ണം ഇവിടേയുമുണ്ട്.
പാലമരച്ചുവട്.
അതിനു ചുററും കുട്ടികളിരിക്കുന്നു, പാടുന്നു, ആടുന്നു. അമ്മമാര്‍ വന്ന് മുത്തം കൊടുത്ത് ടാറ്റാ പറഞ്ഞു തിരിച്ചു പോകാന്‍ ഒരിടം. 45 പേര്‍ക്ക് ഒരുമിച്ചിരുന്ന് വായനയില്‍ പങ്കെടുക്കാന്‍, വായിച്ചത് വിശദീകരിക്കാന്‍ വായിച്ചതിനുമപ്പുറം ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന മറ്റൊരു തണല്‍, – വായനാകൂടാരവും – പണി കഴിപ്പിച്ചിട്ടുണ്ട്
250ല്‍പ്പരം ബെഞ്ചും ഡസ്‌ക്കും, പഠനോപകരണങ്ങള്‍ വേറേയും, പഠിച്ച സ്‌കൂളിനോടുള്ള നന്ദി പ്രകാശിപ്പിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ സ്മാര്‍ട്ട് ക്ലാസുറൂം, മൊബൈല്‍ ഇല്ലാത്തവര്‍ക്കു മൊബൈല്‍, ലാപ്ടോപ്പിനുമില്ല ക്ഷാമം . വീട്ടില്‍ ചിമ്മിനി വിളക്കില്‍ പഠിച്ചിരുന്നവര്‍ക്ക് സോളാര്‍ ലൈറ്റു വരെ സ്ഥാപിച്ചു കൊടുത്ത പാരമ്പര്യമുണ്ട് തച്ചങ്ങാടിലെ പി.ടി.എക്ക്.
എല്ലാ വിധ സൗകര്യങ്ങളോടും കൂടി ഇപ്പോള്‍ 1700 കുട്ടികള്‍ പഠിക്കുന്നു എന്ന് ഉണ്ണികൃഷ്ണന്‍ പറയുമ്പോള്‍ എല്ലാം നാട്ടുകാരുടെ ഉയര്‍ന്ന ബോധത്തിന്റെ , സാക്ഷരതയുടെ പ്രത്യുല്‍പ്പന്നമാണ് എന്നു സമ്മതിച്ച് ഉണ്ണികൃഷണന്‍ ഒഴിഞ്ഞു മാറുന്നു.
ഒത്തു പിടിച്ചാല്‍ മലയും പോരുമെന്ന് കുട്ടികള്‍ കൂടി തെളിയിച്ചു . കുട്ടിക്കൂട്ടം ചേര്‍ന്നുണ്ടാക്കിയ ‘റീഡിങ്ങ് അമ്പാസിഡര്‍ പദ്ധതി’ മറ്റെവിടേയും ഇത്രത്തോളമെത്തിയിട്ടില്ല .
സര്‍ക്കാര്‍ പറഞ്ഞു.
ഓരോ സ്‌കുളുകളും ഡിജിറ്റര്‍ പ്രൊഫൈല്‍ തയ്യാറാക്കി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അധ്യാപകര്‍ ആവശ്യപ്പെടേണ്ട താമസം , കുട്ടികള്‍ ഒറ്റക്കെട്ടായി. നൂറുശതമാനം പേരുടെ പ്രൊഫൈലും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ തച്ചങ്ങാട് സ്‌കൂള്‍ രൂപപ്പെടുത്തിയ വിക്കിപീഡിയയുടെ സമ്പന്നത നേരിട്ടനുഭവിക്കാം.
കോവിഡു കാലത്തെ കുട്ടികള്‍, തിന്നും കുടിച്ചും 14 തികയുമ്പോഴേ തടിയനും തടിച്ചിയുമായി.
മാഷ് പറഞ്ഞു.
അതു പറ്റില്ല. എക്സൈസ് വേണം.
തച്ചങ്ങാട് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മികവാര്‍ന്ന ഫുട്ബോള്‍ ടീമുണ്ട്. എവിടെ ചെന്നു മല്‍സരിക്കാനും അവര്‍ തയ്യാര്‍.
അരവത്ത് വയലിലെ ചെളിമണ്ണെന്നാല്‍ കളകളില്ലാത്ത പരിശുദ്ധ കലയാണ്. അതു രൂപപ്പെടുത്തിയത് പുലരി അരവത്തെന്ന സാംസ്‌കാരിക കേന്ദ്രം വര്‍ഷങ്ങളായി അദ്ധ്വാനിച്ചതിന്റെ ഫലമായാണ്. അച്ചനും അമ്മയും ചേറിലിറങ്ങുമ്പോള്‍ കുടെയറങ്ങാന്‍ മടിയില്ലാത്ത കുട്ടികളെ വാര്‍ത്തെടുക്കാന്‍, ചേറാണ് ചോറ് എന്ന ആപ്തവാക്യം പറഞ്ഞു കൊടുക്കാന്‍ സ്‌കൂളിനോടൊപ്പം പുലരിയും നി്ന്നു. കുട്ടികള്‍ പ്രകൃതിയെ സ്നേഹിക്കാന്‍ പഠിച്ചു.
പക്ഷി കൂവുന്നതു കേട്ടാല്‍ അമ്മ പറയും അതു കുയിലാണെന്ന്.
പക്ഷെ കുട്ടി അമ്മക്കു പറഞ്ഞു കൊടുക്കും. ശബ്ദം കേട്ട് പക്ഷിയുടെ ഇനം അനുമാനിക്കാനാവില്ല.
പക്ഷി പാര്‍ക്കുന്നിടം, അതിന് ഇഷ്ടപ്പെട്ട കാലാവസ്ഥ, വിനോദം, ഇര തേടുന്ന സമയം, കുളിക്കുന്ന സമയം, ചലനങ്ങള്‍, വലുപ്പം, ഒറ്റയ്ക്ക്, കൂട്ടമായി സഞ്ചരിക്കുന്നവ, ആഹാര രീതികള്‍, പറക്കുന്ന രീതികള്‍, നിറം, ആ കൃതി എല്ലാം അമ്മയ്ക്കു പറഞ്ഞു കൊടുക്കാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിക്കു കഴിയും. പക്ഷികളേക്കുറിച്ച് പഠിക്കാനും അവരോടൊപ്പം പറന്നു നടക്കാനും ഇവിടെ പക്ഷിനിരീക്ഷണ ക്ലബ്ബുകളുണ്ട്.
മറ്റെങ്ങുമില്ലാത്ത കൂട്ടായ്മ ‘ അമ്മക്കൂട്ടം’ സ്‌കൂളിന്റെ പൊക്കിള്‍ക്കൊടിയാണ്. മാതൃകാപരമാണിതിന്റെ പ്രവര്‍ത്തനം.
ഇതൊക്കെ കണക്കിലെടുത്താണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷയില്‍ നേടുന്ന തിളക്കമാര്‍ന്ന വിജയവും കാര്‍ഷിക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളും പുരസ്‌ക്കാര സമിതി പരിഗണിച്ചു.
-പ്രതിഭാരാജന്‍