CLOSE

പ്രണയവും വാര്‍ട്ട്സാപ്പിലേക്ക് ചേക്കേറിയിരിക്കുന്നു

Share

എഴുത്തുപുര……………

കല്യാണം കഴിക്കുന്നതിനും മുമ്പ്, ചെറുപ്പ കാലം, മിക്ക ദിവസങ്ങളിലും തൃക്കണ്ണാട് ചെല്ലും. അമ്പലത്തിനു പടിഞ്ഞാറുള്ള മരത്തില്‍ അന്നു നാഗപ്രതിഷ്ഠയില്ല. കല്‍ത്തറയില്‍ ഇരുന്ന് പടിഞ്ഞാറന്‍ കാററു കൊള്ളും. സമയം കിട്ടുമ്പോഴൊക്കെ നിലേശ്വരം കാവിലും. ഉല്‍സവം നടക്കുന്നിടങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായിരിക്കും.

ഭക്തി മാത്രമല്ല, അതിനു കാരണം.
പെണ്‍കുട്ടികളെ കാണാന്‍, അവരുടെ നടന വൈഭവം, വസ്ത്ര വൈവിദ്ധ്യങ്ങള്‍, സംസാരം , ഒന്നുമല്ലെങ്കിലും വെറുതെ നോക്കിയിരിക്കുന്നത് അന്നൊരു രസമായിരുന്നു. ലക്ഷ്യബോധ്യങ്ങളില്ലാത്ത നേരംപോക്ക് .

മുണ്ടും നേരിയതും, പ്രത്യേകിച്ച് പുളിയിലക്കരയുള്ളത് ഉടുത്തു വരുന്ന കുട്ടികളെ അന്നും ഇന്നും നോക്കി നിന്നുപോകാറുണ്ട്. പട്ടുപാവാടയും, ബ്ലൗസുമിട്ടവരും അവയിലുണ്ടാകും. അന്ന് സെല്‍വാര്‍ കമ്മീസില്ല, ചൂരിദാറില്ല. ഇടക്കിടെ ദാവണി കാണുമെന്നു മാത്രം.

നേരിയ വള്ളിച്ചെരുപ്പ്. എല്ലാവര്‍ക്കും അതുണ്ടായെന്നു വരില്ല. നഗ്‌നപാദരായി വരുന്നവരായിരിക്കും കൂടുതല്‍. തലമുടിയില്‍ തുളസിക്കതിരുണ്ടാകും. ഇന്നലെ നുള്ളിയെടുത്ത് മഞ്ഞില്‍ വിടര്‍ത്തിയ മൊട്ടു മാലയുണ്ടാകും. മുടിയില്‍ നിന്നും വെള്ളമിറ്റിറ്റു വീണ് പുറം നനഞ്ഞു നിറം മാറിയിരിക്കും.

ദേവനെ തൊഴുതു കൊണ്ട് കുറേ നേരം അങ്ങനെ കണ്ണടച്ചു നില്‍ക്കുമ്പോള്‍ അച്ചന്‍ വാങ്ങി നല്‍കിയ കാതിലും കഴുത്തിലും ഉള്ള അരപ്പവന്റെയോ ഒരു പവന്റേയോ മാലയും കമ്മലും സൗന്ദര്യത്തെ ഇരട്ടിപ്പിക്കും. അമ്പലം വലം വെക്കുന്നതിനിടയില്‍ നൂറു തവണ തലോടി നോക്കും. കഴുത്തിലും കാതിലിലും ഉള്ളത് സുരക്ഷിതമാണോ.

ശാന്തിക്കാരന്‍ പട്ടിക്കെറിഞ്ഞിട്ടു കൊടുക്കുന്നതു പോലെ വലിച്ചു നീട്ടിത്തരുന്ന ചന്ദനത്തിന് നല്ല മണമുണ്ടായിരിക്കും. അവ ഉരക്കല്ലില്‍ നന്നായി ഉരച്ചെടുത്തു വടിച്ചു ഇലചാര്‍ത്തില്‍ ചാലിച്ചെടുത്ത സുഗന്ധം. തൊഴുതു വരുന്ന പെണ്‍കുട്ടിയെ ചായപ്പീടികയുടെ അകത്തിരുന്നാലും മണത്തറിയാനാകും .

പുഷ്പ്പാജ്ഞലി കഴിപ്പിച്ച ചെക്കിപ്പൂക്കുലയും, കൃഷ്ണതുളസിയുടെ കതിരും മന്ദാരവും മറ്റു പുഷ്പങ്ങളുമായി വീട്ടിലേക്ക് മിക്കവാറും നടന്നായിരിക്കും തിരിച്ചു വരിക. തോള്‍ മാത്രം വിയര്‍ത്തു, മുഖത്ത് ഒരു പൊടി വിയര്‍പ്പില്ലാതെ മുന്നില്‍ വരുമ്പോള്‍ , സംസാരിക്കുമ്പോള്‍ താഴോട്ടു നോക്കി കാല്‍ചുണ്ടു കൊണ്ടുള്ള ചിത്രമെഴുതുമ്പോള്‍ രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അതു മാറും.

ചെറുപ്പക്കാര്‍ക്ക് എന്തെങ്കിലും സംസാരിക്കണമെന്നുണ്ടെങ്കില്‍ ആളും തരവും നോക്കി സാധ്യമാക്കാന്‍ ഒട്ടനവധി അവസരങ്ങള്‍ അന്നുണ്ട്. പ്രണയത്തിനു വിത്തുപാകാനും, മുളച്ച് തളിരിലകള്‍ വരാനും അമ്പലം ഒരു നിമിത്തമാകാറുണ്ട്.

ഇന്നു സ്ഥിതി മാറി എത്ര ധനികയായാലും ദരിദ്രയായാലും കാറില്‍ അമ്പലത്തിനു തൊട്ടു മുന്നില്‍ വരെ വരും. എസി ഓഫാക്കി പുറത്തിറങ്ങുമ്പോഴെ കര്‍ച്ചീഫു കൊണ്ട് വീശിത്തുടങ്ങും. ഹൈഹീല്‍ ചപ്പലായതിനാല്‍ ഇപ്പോള്‍ താഴെ വീഴുമെന്ന മട്ടില്‍ വേച്ചു വേച്ച് ദണ്ഡപ്പടി ആഞ്ഞു വലിഞ്ഞു കയറും.
ചിലപ്പോള്‍ അടിതെറ്റി വീണെന്നും വരും.

ആയിരക്കണക്കിനു രൂപയുള്ള കണ്ണഞ്ചിപ്പിക്കുന്ന സാരി, അല്ലെങ്കില്‍ സറാറ, ചോളി, ബ്രൈഡര്‍, നാരിയര്‍ ഉടുപ്പുകള്‍.
അകത്ത് പ്ലാസ്ററിക്ക് വളയം വച്ച്, തലമുടി ചുററിക്കെട്ടി മണമില്ലാത്ത ചക്കമുല്ല ധാരാളം വാങ്ങിച്ചുറ്റിയിരിക്കും, ഒപ്പം വന്ന ഗാര്‍ഡിയന്‍ ചുറ്റും നോക്കി അഭിമാനിക്കും . കണ്ടോടാ എന്ന മട്ടില്‍.

പൗഡര്‍, റൂഷ്, ലിപ്സ്റ്റിക് തേച്ച് കോലം കെട്ട് വേഷത്തിനു യോചിച്ച പ്ലാസ്റ്റിക്ക് വര്‍ണങ്ങളുള്ള ആഭരണങ്ങള്‍ ധരിച്ച്, വര്‍ണ്ണച്ചെരിപ്പ് പുറത്തു ഊരി വെച്ച് അകത്തു കടക്കുമ്പോള്‍ ദൈവത്തിനു തന്നെ നാണം വരും .

വിഗ്രഹത്തിന്റെ മുന്‍പില്‍ തൊഴുകൈയോടെ നില്‍ക്കുമ്പോള്‍ ചുറ്റും ആരെങ്കിലും എന്റെ പുതിയ വേഷം ശ്രദ്ധിക്കുന്നുണ്ടോ എന്നതിലായിരിക്കും നോട്ടം. പുറത്ത് അഴിച്ചു വച്ചിരിക്കുന്ന ചെരുപ്പ് ആരും അടിച്ചു മാറ്റല്ലെ, എന്നായിരിക്കും പ്രാര്‍ത്ഥന. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ വരാന്‍ അവസരമുണ്ടാക്കിത്തരണേ എന്നായിരിക്കും . നാണയത്തുട്ടല്ല, നൂറിന്റെ നോട്ട് താളത്തിലിട്ടു കൊടുത്താല്‍ ഒന്നു തൊട്ടാലും വേണ്ടില്ല, ചന്ദനം കൈയ്യില്‍ വച്ചു തരും.

പുരുഷന്മാര്‍ ഒറ്റക്കാണ് വരുന്നതെങ്കില്‍ ഗീയറില്ലാത്ത മിക്കവാറും കൊച്ചു സ്‌കൂട്ടറിലായിരിക്കും വരവ്. മുട്ടു മറക്കുന്ന ട്രൗസേഴ്സ് ധരിച്ചു കൊടിമരത്തിന്റെ അടുത്തു വന്നു പ്രാര്‍ത്ഥിക്കും.
നേരം തീരെയില്ല. തിടുക്കത്തില്‍ തിരിച്ചു പോകും.
തൊട്ട ചന്ദനം വീട്ടിലെത്തുന്നതിനു മുമ്പേ വിയര്‍പ്പില്‍ ഒലിച്ചിറങ്ങിയിട്ടുണ്ടാകും.

പെരുമാററത്തിലുമുണ്ട് മാറ്റം. പണ്ടത്തെ പെണ്‍കുട്ടികളുടെ ഇണക്കമില്ല, കണ്‍കോണിലെ നോട്ടമില്ല. നുണക്കുഴിയും പുഞ്ചിരിയുമില്ല. തോള്‍ മാത്രം വിയര്‍ത്തു, മുഖത്ത് ഒരു പൊടി വിയര്‍പ്പില്ലാതെ മുന്നില്‍ വരുമ്പോള്‍ , സംസാരിക്കുമ്പോള്‍ താഴോട്ടു നോക്കി കാല്‍ചുണ്ടു കൊണ്ടുള്ള ചിത്രമെഴുതുമ്പോള്‍ രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അതു മാറും.

ഇന്നതല്ല സ്ഥിതി.

പരിചയമുണ്ടെങ്കില്‍ ഒന്നു നോക്കും. കണ്‍പുരികം മേലോട്ടൊന്ന് അനക്കും.
എന്താ നോക്കുന്നേ എന്ന ചോദ്യത്തിന്റെ ആംഗ്യഭാവം.
തീര്‍ന്നു.
സംസാരിച്ചാല്‍ ഇടിമുഴക്കം പോലിരിക്കും. എവിടെയും പ്രണയമില്ല. ഉള്ളിടത്തെല്ലാം കാമം മാത്രം

പണ്ടെത്തെ കുട്ടികള്‍ വാക്കുകളെ പുഷ്പ്പങ്ങളാക്കി ഇലച്ചാര്‍ത്തില്‍ വച്ചു തരുന്നു. മണമുള്ള ചന്ദന തൈലം വാക്കുകളില്‍ നിറച്ചു തരുന്നു, ഇന്ന് പ്ലാസ്റ്റിക്ക് കൂടില്‍ ജല്ലിക്കഷണങ്ങള്‍ പോലെ എറിഞ്ഞു തരുന്നു.

ശിവന്‍ പാര്‍വ്വതിയെ പ്രശംസിക്കുന്നതുപോലെ, കൃഷ്ണന്‍ രാധയെ പ്രണയിക്കുന്നതു പോലെ, ചന്തുമേനോന്‍ ഇന്ദുലേഖയെ വാഴ്ത്തുന്നതുപോലെ, ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാകാലത്തെ പ്രണയം പോലെ, കാമുകന്‍ കാമുകിയുടെ അംഗലാവണ്യത്തെ സ്തുതിക്കുന്നതു പോലെ എനിക്കും പ്രണയത്തെ വാഴ്ത്തിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, നോക്കുന്നിടത്ത് ഒരിടത്തും, പാര്‍വ്വതിയില്ല, കൃഷ്ണന്റെ രാധയില്ല. ഇന്ദുലേഖയില്ല, കാമുകിയില്ല. മാര്‍ക്വേസിന്റെ പ്രണയിനിയില്ല.

ദര്‍ശനത്തിനു വരുന്നവരില്‍ മാത്രമല്ല മാറ്റം.
പുഷ്പാജ്ഞലിയില്‍ ചെക്കിപ്പൂവില്ല, മന്ദാരമില്ല , കൃഷ്ണതുളസിക്കതിരിനു പകരം പച്ചപ്പൂവിന്റെ ഇല . (എപ്പോഴാണ് കമ്മ്യൂണിസ്റ്റ് പച്ച കടന്നു വരുന്നതെന്നറിയില്ല) ചന്ദനത്തിനു പകരം ഏതോ മരത്തിന്റെ ചെത്ത മിക്സിയില്‍ അരച്ചു കലക്കിയ ഉരുള. അമ്പലങ്ങള്‍ കേന്ദ്രീകരിച്ചു വളര്‍ന്നു പന്തലിച്ചിരുന്ന പ്രണയത്തിന്റെ വള്ളിപ്പടര്‍പ്പ് ഉണങ്ങിപ്പോയിരിക്കുന്നു. അവടെയിപ്പോള്‍ പൂക്കള്‍ വിരിയുന്നില്ല. പ്രണയത്തോടൊപ്പം ദൈവങ്ങളും വാര്‍ട്ട്സാപ്പിലേക്ക് ചേക്കേറിയിരിക്കുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *