CLOSE

പഠനത്തില്‍ മാത്രമല്ല, മിടുക്ക് പ്രവൃത്തിയിലും വേണം.

Share

എഴുത്തുപുര :

ജനാധിപത്യം പൂത്തു നില്‍ക്കുന്ന ഇന്ത്യയില്‍ – കേരളത്തില്‍ – നടന്ന, നേരിട്ട് അനുഭമുള്ള മുന്നു സംഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഒന്ന്: മകന്റെ കൂടെ പഠിച്ചവന്‍. കോളേജില്‍ സ്ഥിരം കുഴപ്പക്കാരനായതിനാല്‍ പി.ടി.എ ചേര്‍ന്നു പുറത്താക്കാന്‍ തീരുമാനിച്ചു.
പിന്നെ തെണ്ടി നടക്കലായി. നാടുവിട്ടു.
അന്യ നാട്ടിലെത്തിയിട്ടും രക്ഷപ്പെടാതെ വന്നപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ചയച്ചു.

നാട്ടില്‍ എന്തെടുക്കാന്‍?

വില്ലേജ് ഓഫീസില്‍ തൂപ്പു വേലക്കു വരെ വേണം യോഗ്യത. പ്രത്യേകിച്ച് യാതൊരു യോഗ്യതയും നിര്‍ബന്ധമല്ലാത്ത ഒരു ജോലിയുണ്ട് നാട്ടില്‍.

രാഷ്ട്രീയപ്പണി.

പുള്ളിക്കാരന്‍ അതങ്ങ് തെരെഞ്ഞെടുത്തു.
അടി, പിടി, കത്തിക്കുത്ത്, എല്ലാറ്റിനും മുമ്പില്‍. ഇടയ്ക്കൊക്കെ ഒരു ഹര്‍ത്താലോ ബന്ദോ വന്നാല്‍ ചാകര.

അങ്ങനെ പാര്‍ട്ടിയെ സേവിച്ചു നടക്കവേ, സ്വന്തം പാര്‍ട്ടിയുടെ മന്ത്രിസഭ അധികാരത്തില്‍ വന്നു.
പോലീസില്‍ ജോലി തരപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി.

അതിന് ആദ്യം കോണ്‍ഡാക്ട് സര്‍ട്ടിഫിക്കറ്റ് വേണം.
പ്രിസിപ്പലിന്റെ അടുക്കല്‍ ചെന്നു.
നടു താഴ്ത്തി വിസ്തരിച്ചൊന്നു തൊഴുതു.
പ്രിന്‍സിപ്പല്‍: ”ആരെടാ, ഇനിയും നീ രക്ഷപ്പെട്ടില്ലെ, ഗുണ്ടാപ്പണിയുമായി നടക്കയാണോ?

സ്വഭാവ സര്‍ട്ടിഫിക്കറ്റിനാണ് വന്നതെന്നറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ ഒരു ആട്ടു വെച്ചു കൊടുത്തു.

നിനക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റോ? പൊയ്ക്കോ. ‘തെമ്മാടികള്‍ക്കു ഗുഡ് കോണ്‍ഡെക്ട് സര്‍ട്ടിഫിക്കറ്റോ” അതിനാണോ സര്‍ക്കാര്‍ ശമ്പളം തന്ന് എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നെ.

കാലു പിടിക്കാം സാറെ, ഒരു ജോലിയുടെ കാര്യത്തിനാണ്.

നീ പോലീസില്‍ കേറിയാല്‍ നാടു മുടിഞ്ഞു പോകും. പോയ്ക്കോ എന്റെ മുമ്പില്‍ നിന്ന്.

”സാറേ സര്‍ട്ടിഫിക്കറ്റ് തന്നേ തീരു. വാങ്ങിയേ ഞാന്‍ പോകൂ.”

പ്രിന്‍സിപ്പല്‍: ”പ്യൂണ്‍, ഇവനെ പിടിച്ചു വെളിയിലാക്കു”.

അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി.
അടുത്ത ദിവസം പ്രിന്‍സിപ്പല്‍ എത്തുന്നതിനു മുമ്പേ ചേമ്പറിലെ വാരന്ത മുഴുവന്‍ പ്ലേക്കാര്‍ഡും പിടിച്ച് കുറെ വിദ്യാര്‍ത്ഥികള്‍.

തന്റെ കോളേജില്‍ പെടാത്ത അല്‍പ്പം മുതിര്‍ന്നവരുമുണ്ട്. ചിലര്‍ കൈലി ഉടുത്തിരിക്കുന്നു.

‘പ്രിന്‍സിപ്പല്‍ നീതി പാലിക്കുക, സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കില്‍ കൊടുപ്പിക്കും’ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ തൊട്ടുകളിക്കരുത്. മുദ്രാവാക്യങ്ങള്‍ മുറുകുന്നു.

പ്രിന്‍സിപ്പല്‍ വരാന്തക്കു പുറത്തുള്ള മരത്തണലില്‍ സഹപ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്തു.
അല്‍പ്പ സമയത്തെ ചര്‍ച്ചക്കിടയില്‍ തന്നെ ഒരു ഫോണ്‍കോള്‍ വന്നു.
അങ്ങ് തിരുവന്തപുരത്തു നിന്നും.
ചര്‍ച്ച മതിയാക്കി പ്രിന്‍സിപ്പള്‍ സമരക്കാരുടെ അരികിലെത്തി.

എടാ…മോനേ, കൊടുക്കെടാ സര്‍ട്ടിഫിക്കറ്റ് എന്ന് വിദ്യാര്‍ത്ഥികള്‍ വിളിച്ചു കൂവുന്നുണ്ട്.

”സുഹൃത്തെ, വരു, ഞാന്‍ നിനക്കു സര്‍ട്ടിഫിക്കറ്റ് തരില്ലെന്നു പറഞ്ഞില്ലല്ലോ.

പിന്നെ ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നത് അതിനായല്ലെ? വാ, നിനക്കു എത്ര സര്‍ട്ടിഫിക്കറ്റ് വേണം?”

പേനായെടുത്ത് അദ്ദേഹം വെപ്രാളത്തോടെ എഴുതി. ‘ദി കാരക്റ്റര്‍ ഓഫ് മിസ്റ്റര്‍…………… ഈസ് എക്സലെന്റ്’ അടിയില്‍ പച്ചമഷിയില്‍ ഒപ്പു ചാര്‍ത്തി.

പഠിച്ച കാലത്തു കോളേജിനു തീവച്ചവനും എതിര്‍പക്ഷ നേതാവന്റെ മുഖത്തു ആസിഡ് ഒഴിച്ചവനുമായ ശ്രീമാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മുണ്ടിന്റെ ഒരു വശം പൊക്കി, ഷര്‍ട്ടിന്റെ കോളര്‍ ഒന്നു മേലോട്ടു കയറ്റി മാറു വിരിച്ച് കോളേജിന്റെ പടി കടന്നു പോയി. പോകുന്നതും നോക്കി പ്രിന്‍സിപ്പല്‍ ക്ഷീണിച്ചവശനായി തന്റെ ഇരിപ്പിടത്തിലിരുന്നു.

അടുത്ത കടയിലുള്ള കോയിന്‍ ബുത്തില്‍ നിന്നും ഒരു രൂപാ കോയിനിട്ടാണ് തിരുവന്തപുരത്തു നിന്നുമുള്ള വിളി വന്നതെന്ന് പ്രിന്‍സിപ്പാളിനു പിന്നീടാണ് മനസിലായത്.

പ്രിന്‍സിപ്പല്‍ പിന്നീട് ഡെപ്യൂട്ടി കോളീജിയേറ്റ് ഡയറക്ടറായി. പെന്‍ഷന്‍ പറ്റി ഇപ്പോള്‍ സുഖമായി കഴിയുന്നു. ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി തന്റെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്ഥിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെകറ്ററായി സ്ഥലം മാറ്റം കിട്ടി വന്നത് അറിഞ്ഞതോടെ ഇപ്പോള്‍ നേരാം വണ്ണം ഉറങ്ങാറില്ല.

ഇനി മറ്റൊരു സംഭവം.
വിദ്യാര്‍ത്ഥി കോളേജില്‍ ചേര്‍ന്നു. ആദ്യ വര്‍ഷത്തെ ഫീസും കെട്ടി.
പെട്ടെന്നാണ് ദൂബൈയില്‍ നിന്നും ഒരു വേക്കന്‍സി വന്നത്. സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ഉടന്‍ ജോലി.
വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളെ കണ്ടു.
അടച്ച പണം പോയ്ക്കോട്ടെ. പിടിച്ചു വച്ച മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തന്നാല്‍ ഞാന്‍ രക്ഷപെടും.

പ്രന്‍സിപ്പല്‍ : സര്‍ട്ടിഫിക്കറ്റ് തരാം. മുഴുവന്‍ വര്‍ഷത്തേയും ഫീസ് ഒന്നിച്ചടക്കണം.
കോളേജിനു വരാന്‍ സാധ്യതയുള്ള നഷ്ടം വേറെയും.
കെട്ടാന്‍ കൈയ്യില്‍ കാശില്ല. തപ്പിപ്പിടിച്ച് ഉള്ളതു കൊണ്ടു ചെന്നു.
സ്വീകരിച്ചില്ല.
ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് കാത്തരിക്കുന്നത് ഇത് ആറാം വര്‍ഷം.

കക്ഷി ഇപ്പോള്‍ പെയ്ന്റ് തൊഴിലാളി. നീതി നിര്‍വ്വഹണം മുറപോലെ.

മൂന്ന്: ഹോട്ടലില്‍ വെച്ച് ഭാര്യയുടെ കുളിമുറി സീന്‍ രഹസ്യമായി ഒരാള്‍ വിഡിയോയില്‍ പകര്‍ത്തി. അതു കാണിച്ച് ഭര്‍ത്താവിനെ വിരട്ടി. ഒന്നുകില്‍ രണ്ടു ലക്ഷം, അല്ലെങ്കില്‍ പോലീസില്‍ പരാതിപ്പെട്ടോളാന്‍ പറഞ്ഞു. ഭര്‍ത്താവിനു പേടിയായി. പോലീസില്‍ പരാതിപ്പെട്ടാല്‍ പൊല്ലാപ്പാവും എന്നു കരുതി ഭര്‍ത്താവ് ബാങ്കില്‍ നിന്നും ലോണെടുത്ത് പണം കൊടുത്തു. ചിപ്പ് തിരിച്ചു വാങ്ങി.

ആരുമറിയാതെ എല്ലാം ഒതുങ്ങിയെന്നു കരുതേണ്ട. ഇടക്കിടെ വന്ന് അയാള്‍ ഇപ്പോഴും പണം വാങ്ങിപ്പോകാറുണ്ടത്രെ.

പോലീസെന്നാല്‍ പിന്നെ മിണ്ടാട്ടം മുട്ടുന്ന സാധാരണക്കാരായ ഭര്‍ത്താക്കന്മാര്‍ ഇപ്പോഴും ഉണ്ട് വലിയ വായില്‍ വര്‍ത്തമാനവും, നിയമവും പറഞ്ഞു നടക്കാനല്ലാതെ, ഭാര്യയുടെ മാനം പോകുമെന്ന് ഭയന്ന് കാല്‍ കാശിനു കൊള്ളാത്തവനായി.

ഇതുപോലെ എത്രയോ സംഭവങ്ങള്‍ നിങ്ങള്‍ ഓരോരുത്തരും വിവിധ സന്ദര്‍ഭങ്ങളിലായി നേരിടുന്നുണ്ടാവും.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *