CLOSE

ദൂരെ മറഞ്ഞിരിക്കുമ്പോള്‍ സൗന്ദര്യം കൂടുന്ന നേതാക്കള്‍

Share

എഴുത്തുപുര…….

എറ്റവും പ്രിയ്യപ്പെട്ട പ്രാസംഗികന്‍, ഏറ്റവും ഇഷ്ടപ്പെട്ട പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ട്, നേരിട്ട് കണ്ടാലറിയാവുന്ന നേതാവ് , ഇവിടെ, നമ്മുടെ നാട്ടില്‍ വരും, പ്രസംഗിക്കും. പ്രസംഗത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ , ഒരു വിഭാഗം ജനത്തിന്റെ വയറ്റത്തടിക്കുന്ന നയം തിരുത്തപ്പെടാന്‍ മാര്‍ഗമുണ്ടാകും എന്ന് ഓര്‍ത്താണ് ചെന്നത്.

ചെറുപ്പത്തിലൊരിക്കല്‍ കുഡജാദ്രിയില്‍ പോയിരുന്നു.
നീലമലക്കിടയിലെ നീര്‍ച്ചാലുകള്‍ തറ്റുടുത്ത ചേലയുടെ കര പോലെ, നാടപോലെ ഒഴുകിവരുന്ന കൊച്ചരുവികള്‍. എവിടെ നോക്കിയാലും പച്ചില ചാര്‍ത്തിന്റെ പരവതാനി.
കൊല്ലൂരില്‍ ചെന്നപ്പോള്‍ കുടജാദ്രി മാടി വിളിച്ചതാണ്.
ജിപ്പിലൂടെ പകുതി സഞ്ചരിച്ചു. ബാക്കി കാല്‍നട.
പകുതി പാത പിന്‍തള്ളിയതേയുള്ളു, വേണ്ട, പോരെണ്ടായിരുന്നു എന്നു തോന്നി. പേടിപ്പെടുത്തുന്ന യാത്ര . പച്ചപ്പരപ്പായി തോന്നിയിടത്തെല്ലാം കരിങ്കല്‍ കൂനകള്‍. ചെങ്കുത്തായ ഒറ്റയടി പാതകള്‍, തല കറങ്ങിയാല്‍ പൊടി പോലും കിട്ടില്ല.

ഇഷ്ടപ്പെട്ടവ എന്തും ദൂരെ നിന്നു കാണുന്നതാണ് ഭംഗി. അടുത്തെത്തും തോറും ആ മനോഹാരിതയില്ല. കൊടും വനം. വേരുകള്‍ തമ്മില്‍ പിണഞ്ഞിരിക്കുന്നതിനാല്‍ നടക്കാനും പ്രയാസം.

ഹൃദയഹാരിയായ ദൃശ്യം ഏതുമാകട്ടെ, അകലത്തു നിന്നും കാണുമ്പോഴാണ് സൗന്ദര്യം.
മാമ്പൂത്തളിരുകള്‍ തല്ലിത്തകര്‍ക്കുമ്പോള്‍ വഴക്കു പറഞ്ഞ അമ്മയ്ക്ക് കുഞ്ഞിന്റെ കുഴിമാടത്തിലായിരുന്നു സൗന്ദര്യമെന്ന് വൈലോപ്പള്ളി പറഞ്ഞ മാമ്പഴം എന്ന കവിത ഇവിടെ ഓര്‍ക്കാം .

പ്രിയ്യ നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയപ്പോഴും ഇതേ അനുഭവമായിരുന്നു.
നേതാവെത്തിച്ചേര്‍ന്നിട്ടില്ല. മറഞ്ഞിരിക്കുന്നു. കുടുംബ സമേതം പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍, പ്രകടനത്തില്‍ അണി നിരന്നവര്‍ കുഡജാദ്രിയിലെ കൊടും കാട്ടിലകപ്പെട്ടതു പോലെയായി.

ജീവിതം എങ്ങനെ മുന്നോട്ടു നീക്കണം അതിനെന്തെങ്കിലും വഴി പറഞ്ഞു തരുമെന്ന് കരുതിയവര്‍ കേന്ദ്രത്തിനെതിരെയുള്ള സ്ഥിരം പഴി കേട്ടു കൈയ്യടിച്ചു.
അതിനായ് വിധിക്കപ്പെട്ടവര്‍.

എതിരാളികളെ കുറ്റപ്പെടുത്തി തടിതപ്പുക എന്ന കക്ഷിരാഷ്ട്രീയ പാഠപുസ്തകം കാണാപാഠമാക്കിയ ഒരു സംസ്ഥാന നേതാവ് വാതോരാതെ പ്രസംഗിക്കുന്നു. തേനുറുന്ന വാക്കു നീട്ടിയും കുറുകിയും പ്രസംഗിക്കുമ്പോള്‍ കൈയ്യടിക്കാന്‍ ഒപ്പമുള്ളവര്‍ ആഹ്വാനം ചെയ്യുന്നു.
ജനം ഈര്‍ഷ്യയോടെ കൈയ്യടിക്കുന്നു.

ധര്‍മ്മത്തെ ഉപദേശിക്കുവാന്‍ കഴിയാത്തവര്‍ക്ക് പ്രസംഗ കല വാഴില്ലെന്ന് ഓര്‍മ്മിച്ചത് സംസാരിക്കുമ്പോള്‍ മാത്രം വിക്കുള്ള ഇ.എം.എസാണ്.

പ്രേക്ഷകന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയത്തില്‍ നിന്നു തുടങ്ങി വിഷയവുമായി ബന്ധപ്പെടാത്തവയില്‍ തൊട്ടവസാനിപ്പിച്ച പ്രസംഗം. സൂര്യന്‍ അസ്ഥമിച്ചിട്ടും, വാനില്‍ നക്ഷത്രങ്ങള്‍ മിന്നി തിളങ്ങിയിട്ടും പുറപ്പെടാനാകാതെ വന്നവരുടെ ഉള്ളിലെ കോപം അടങ്ങിയില്ല.

എന്നാല്‍ സന്ധ്യ ഇന്നു തുന്നിയ ഉടുപ്പിട്ട് സൂര്യന്‍ മറഞ്ഞുവോ എന്നു എത്തിനോക്കാന്‍ വജ്രമാലയണിഞ്ഞ ചക്രവാളം ഇതാ ഒളികണ്ണിട്ടു നോക്കുന്നു എന്ന് അഴീക്കോട് പ്രസംഗിച്ചപ്പോള്‍ സന്ധ്യ മങ്ങിയതറിയാതെ ജനം കേട്ടു നിന്നു പോയിട്ടുണ്ട്.

ഒരിക്കല്‍ അഴീക്കോട് കോഴിക്കാട് ഫ്രാന്‍സിസ് റോഡിലെ കടപ്പുറത്ത് പ്രസംഗിക്കുന്നു. സന്ധ്യ മയങ്ങിക്കഴിഞ്ഞു. അദ്ദേഹം ചക്രവാളത്തിലേക്കു നോക്കി . ചെമ്പട്ടില്‍ പൊതിഞ്ഞ സൂര്യനിതാ കടലില്‍ ഒളിച്ചിരിക്കാന്‍ പുറപ്പെടുകയായി. യാത്രയാക്കാന്‍ മേഘക്കൂട്ടങ്ങള്‍ ചുറ്റും കൂടി മയിലിനേപ്പോലെ നൃത്തമാടുന്നു. കേള്‍വിക്കാര്‍ നോക്കുമ്പോള്‍ ചുറ്റും മേഘകൂട്ടങ്ങളെ കണ്ടിരുന്നു. എന്നാല്‍ പ്രസംഗം കേട്ടതിനു ശേഷം നോക്കിയപ്പോള്‍ അതാ വെറുതെയിരുന്നിരുന്ന മേഘക്കൂട്ടങ്ങള്‍ മയുരനൃത്തമാടുന്നു.
എന്താണോ കേള്‍ക്കാനാഗ്രിക്കുന്നത് അതായിരിക്കണം പ്രസംഗം. അതിനു പറ്റിയ ആളെത്തിയില്ലെങ്കില്‍ ജനങ്ങളെ മണിക്കൂറുകളോളം തടവിലിടുന്നതാണ് ഇന്നത്തെ കാലത്തെ സംഘാടനം. പണ്ട് കാലത്ത് മൈക്കുണ്ട്, പെട്രോമാക്സുണ്ട് എന്നു പറയുന്നതിനു പകരം ഇന്ന് കെ.ടി ജലീലുണ്ട്, ആനത്തലവട്ടം ആനന്ദനുണ്ട്, വി.ഡി സതീശനുണ്ട്, കെ മുരളീധറനുണ്ട് എന്ന വ്യത്യസമേ ഉള്ളു. കക്ഷിരാഷ്ട്രീയത്തിന്റെ തറവേലകള്‍ സ്വതന്ത്ര പ്രസ്ഥാനങ്ങളും പയറ്റിത്തുടങ്ങിയിരിക്കുന്നു.

കേള്‍വിക്കാര്‍ ഗത്യന്തരമില്ലാതെ വന്നാല്‍ കൈയ്യടിക്കും, വെറുപ്പു നിറച്ച മനസോടെ തിരിച്ചു വീട്ടില്‍ ചെല്ലും.

പ്രിയപ്പെട്ട വായനക്കാരെ, അമളി പററിയത് പുറത്തു പറയേണ്ട.
ഇരുട്ടായി. നമുക്ക് മടങ്ങാം. പ്രതീക്ഷിച്ചു വന്ന പ്രാസംഗികനെ നമുക്കു ദുരെയിരുന്ന് കേള്‍ക്കാം. നദിയും പുഴയും, കാടും കടവുമെല്ലാം ദൂരെ നിന്നു അനുഭവിക്കുമ്പോഴാണ് ഭംഗി.

മഠത്തില്‍ അപ്പു, ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കാല്‍ അബൂബക്കറിനു ഇത്രയം ഭംഗി അവരെ നമുക്ക് വളരെ വളരെ ദൂരെ നിന്നും കാണാനാകുന്നതു കൊണ്ടാണ്.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *