CLOSE

വിഷു വരവായി… ദേവനു ചാര്‍ത്താന്‍ കണിക്കൊന്നയും വേലി കാക്കാന്‍ ശീമക്കൊന്നയും ചിറകു വിരിച്ചു തുടങ്ങി

Share

എഴുത്തുപുര……..

വിഷു വരവായി.
വിഷുപ്പക്ഷിയുടെ കുറുകല്‍ കേട്ടുണരാന്‍ കൊന്നപ്പുമരങ്ങളൊരുങ്ങി.
നിറയെ ഇലകള്‍ കൊണ്ട് ദേഹം മറച്ചു പിടിച്ചിരുന്ന കണക്കൊന്നക്ക് ഋതുമതിയാവാന്‍ സമയമായി.

പാലക്കുന്ന് ക്ഷേത്ര ഗോപുരത്തിനടുത്തു കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ കളനാടെത്തുമ്പോള്‍ റോഡുവക്കില്‍ കാണാം കൊന്നമരം .
ചെറു പുഞ്ചിരിയോടെ അതു പൂവിരിച്ചു തുടങ്ങി.
ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം ഒരിലപോലും ബാക്കി വെക്കാതെ സ്വര്‍ണം പൂശിയ കുന്നു പോലെ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കും.

കുയിലുകള്‍ അതിലിരുന്നു പാടും. കാക്കകള്‍ പുത്തണലില്‍ വിശ്രമിക്കും. കുട്ടികള്‍ അതു കണ്ട് അന്താളിക്കും. വിഷുപക്ഷികള്‍ പുലര്‍കാലെ എണീററ് നാടുണര്‍ത്താന്‍ പൂമരത്തണലില്‍ കൂടൊരുക്കും.

വിഷുവിന്റെ വരവറിയിക്കാനാണ് ഇവള്‍ പൂക്കുന്നത്. ഭൂമിയിലേക്കിറങ്ങി വന്ന രംഭയായി, തിലോത്തമയായി മാറു വിരിച്ചു നില്‍ക്കും. കാറ്റിന്റെ താളത്തിനൊത്ത് നൃത്തം വെക്കും. ഉടനെ തിരിച്ചു പോകും. നൈമിഷികം മാത്രമാണല്ലോ സൗന്ദര്യം.

ഇന്നലെ അരപ്പാവാടയിട്ട് രണ്ടു ഭാഗത്തും മുടി പകുത്തിട്ടു യൂണിഫോമിട്ടു സ്‌കൂളിലേക്ക് ഓടിപോകുന്ന പെണ്‍കുട്ടിയെ ഇന്നു കാണുമ്പോള്‍ വയറുന്തി, മുഖത്തെ തൊലി ശോഷിച്ചായിരിക്കും കാണുക. ദീര്‍ഘായുസു ലഭിക്കാതെ പോയ ജന്മമാണ് സൗന്ദര്യം.

വിഷുവെത്തുന്നതിനു തലേനാളോടു കൂടി കൊന്ന നിര്‍മ്മിച്ച സ്വര്‍ണഗോപുരം തകരും. പുക്കളെല്ലാം തല്ലിത്താഴെയിടും. നാട്ടുകാരും ഓടിക്കൂടി കഴിയുന്നത്രയും പൂക്കളുമായി കടന്നു കളയും.
രാവിലെ കണിയൊരുക്കാന്‍.
പണം കൊടുത്തു വാങ്ങുന്നവരും കുറവല്ല.

വിഷുവിനു മുമ്പേ തന്നെ സമയമെടുത്ത് ഞാനാ സ്വര്‍ണഖനി കണ്ടു കൊതി തീര്‍ക്കാറാണ് പതിവ്.

”വര്‍ഷത്തില്‍ പതിനൊന്നു മാസവും നിങ്ങള്‍ എന്നെ അവഗണിച്ചു. ഇതു വഴി പോകുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്, ഈ ഭാഗത്ത് തിരിഞ്ഞു നോക്കാറു പോലുമില്ല എന്ന പരിഭവമുണ്ടെങ്കിലും, സമയമാവുമ്പോള്‍ അവള്‍ വീണ്ടും പൂക്കാതിരിക്കില്ല.

വിശാലമനസ്‌കതയുടെ സ്വര്‍ണത്തിടമ്പ്.

അതിന്റെ ആന്തരിക ചൈതന്യമാണ് വീണ്ടും പൂക്കാന്‍, ആളുകളെ സംസതൃപ്തിപ്പെടുത്താന്‍ അവളെ പ്രേരിപ്പിക്കുന്നത്.

സ്വര്‍ണ തൈലത്തില്‍ മുങ്ങി ഇങ്ങനെ വഴിയോരത്ത് തലയുയര്‍ത്തി നിന്ന് ആളുകളെ വശീകരിക്കാന്‍ അതിനു
വിഷുവരെ മാത്രമെ ജനം സമ്മതിക്കുകയുള്ളു.
അതിന്റെ അവസാനത്തെ കൊമ്പുവരെ ്ആളുകള്‍ പിഴുതെടുത്തു കൊണ്ടു പോകും. പൂക്കളുടെ കഴുത്തിനു പിടിച്ച് ഞെരിക്കും. ദേവി വിഗ്രഹത്തിനു ചുറ്റും വിതറും. വീട്ടിലെ പൂജാമുറിയിലിരിക്കുന്ന കൃഷ്ണ വിഗ്രഹത്തിന്റെ കഴുത്തിലണിയും.
കൊന്ന വീടുകയറിയാല്‍ സമ്പല്‍സമൃദ്ധിയത്രെ ഫലം.

മനുഷ്യന്‍ എന്തൊരു വികൃത ജീവി.
തന്റെ മരത്തില്‍ പുത്തുല്ലസിച്ചു നില്‍ക്കുമ്പോഴല്ല, പറിച്ചെടുത്തു പൂജാമുറിയില്‍ എത്തുമ്പോഴാണ് വന്ദിക്കാറ്.

നാട് വിഷുവില്‍ ആറാടുമ്പോഴും ആരും ആരാലും ശ്രദ്ധിക്കപ്പെടാതെ അപ്പോഴും വേലിയില്‍ പുത്തു നില്‍ക്കുന്നുണ്ടാകും കൊച്ചനുജത്തി.

അവള്‍ക്കെങ്ങുമില്ല വിഷുവും സക്രാന്തിയും.

പിഴച്ചവള്‍, അന്യനാട്ടുകാരി, ശീമ-ചൈന -യില്‍ നിന്നും കള്ളവണ്ടി കയറി വന്നവള്‍.
അകത്ത് പ്രവേശനമില്ല. പുറം വേലിക്കും പുറത്ത് സ്ഥാനം.

പൂക്കളിലുമുണ്ട് ഐത്തം.

കൊന്നക്ക്, ദേവനെ തൊടാം, സുന്ദരിമാരില്‍ സുന്ദരിയായ,കസ്തൂരിയേപ്പോല്‍ പരിസരമാകെ മണം പ്രസരിപ്പിക്കുന്ന കൈതപ്പൂവിന് അമ്പലത്തിന്റെ ഏഴയലത്തു പോലും ചെല്ലാന്‍ പാടില്ല. കൈതയെ കണികണ്ടു പോലും ചെല്ലരുത് അമ്പലത്തിലേക്കെന്നാണ് പ്രമാണം, പൂജക്കെടുക്കാത്ത പൂക്കളില്‍ പെട്ട മറ്റൊന്നാണ് മഞ്ഞിനേപ്പോലും വശീകരിക്കുന്ന മുല്ല. കൊന്നയുടെ നേരനുജത്തി ശീമകൊന്ന പിന്നെ പരദേശിയും, ജാതിയില്‍ താണവളുമാണല്ലോ.

ഇത്രയും സൗന്ദര്യവതികള്‍, പരിമളം കൊണ്ട് നാടിളക്കുന്നവള്‍ക്ക് എന്തു കൊണ്ട് അമ്പല പരിസരം പോലും പ്രവേശനം നിഷേധിക്കുന്നു?

പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യം, മാദക ഗന്ധം, മാദക കാന്തിയുണ്ടായിപ്പോയി തങ്ങളുടെ ശരീരത്തിനു എന്നതു തന്നെ കാരണം.
അതി മനോഹരവും അമിത ഗന്ധവുമുള്ള പൂക്കൈത ചൂടി ക്ഷേത്ര നടയില്‍ പോലും ചെല്ലാന്‍ പാടില്ല. വിഗ്രഹം തൊഴാന്‍ വരുന്ന ആണുങ്ങളുടെ പ്രതിപത്തി പൂചൂടി വന്ന പെണ്‍കൊടിമാരിലേക്ക് അവര്‍ ചൂടിയ പൂക്കളുടെ മാസ്മരഗന്ധത്തിലുടെ ഗതിമാറിപ്പോകുമെന്ന ഭയം ദേവന്മാര്‍ക്കു വരെ കാണണം.

മാദക ഗന്ധം പുറത്തു വിടാത്ത ചെത്തി, മന്ദാരം, തുളസി, പിച്ചക മടക്കമുള്ളവര്‍ക്ക് എവിടേയും കയറിച്ചെല്ലാമെന്നിരിക്കേ, ക്ഷേത്ര ഗോപുര നടയിലേക്ക് സ്വന്തം അനുജത്തിയായിട്ടു പോലും ശീമകൊന്നക്കു പ്രവേശനമില്ല. കാരണം അവള്‍ ചട്ടമൂക്കുള്ള ചൈനയില്‍ നിന്നും അനുവാദമില്ലാതെ വന്നവളാണത്രെ.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *