എഴുത്തുപുര ..
രേഖകള്‍ വേണ്ടുവോളം പരിശോധിക്കാതെ പറയാന്‍ സാധിക്കില്ല, മുതിയക്കാല്‍ വിദ്യാലയത്തിന്റെ ചരിത്രം.
നമ്മുടെ സ്‌കൂളിന്റെ പ്രായം 68. അഞ്ചു കഴിഞ്ഞ് ആറാമത്തെ വ്യാഴവട്ടത്തിന്റെ ദീര്‍ഘായുസിലാണ് നമ്മുടെ സ്‌കൂള്‍.
820ഓളം പൂര്‍ണ ചന്ദ്രനെ നേര്‍ക്കു നേര്‍ കണ്ടു വണങ്ങിയ വിദ്യാലയം.
ഒരു നാടിന്റെ ചരിത്രം രചിക്കാന്‍ സ്ലേറ്റും പെന്‍സിലുമെടുത്ത് കുട്ടികളോടൊപ്പം നടന്ന ഗുരുകുലം.
പതിനായിരക്കണക്കിനു കൊച്ചു മനസുകളില്‍ അക്ഷരങ്ങളുടെ പൂമണം വിതറിയ മണ്ണ്.
നിരക്ഷരരായിരുന്ന ഒരു നാടിന് അക്ഷരക്കൂട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ സരസ്വതീ ഗ്രഹം..
ഇന്ന് മുസ്ലീം ദേവാലയമുള്ളടത്തായിരുന്നു അന്ന് സ്‌കൂള്‍. സ്‌കൂളിന്റെ പഴമ കാത്തു കൊണ്ട് ഇന്നും അവിടെ മദ്രസ പ്രവര്‍ത്തിക്കുന്നു. ഇത് ചരിത്രത്തിന്റെ ഒരു വേലത്തരമായിരിക്കാം.
1954 കാലം. ഇന്ത്യക്കു സ്വാതന്ത്യം കിട്ടിയെങ്കിലും കേരളം ഗര്‍ഭസ്ഥ ശിശു. അന്നത്തെ സാമുഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ ചേര്‍ന്നു നാടിനു നേദിച്ച ദിവ്യാര്‍ച്ചന.
അതാണ് മുതിയക്കാല്‍ ഗവ.എല്‍.പി സ്‌കുള്‍.
സൗത്ത് കാനറാ ജില്ലയിലാണ് നമ്മള്‍ അന്ന്. നെല്ലിയടുക്കം, തച്ചങ്ങാട്, സര്‍ക്കാര്‍ സ്‌കൂള്‍ , മിഷ്യനറിമാര്‍ സ്ഥാപിച്ച മലാങ്കുന്നിലെ മിഷ്യന്‍ സ്‌കൂള്‍… ഇതല്ലാതെ വേറെ വിദ്യാലയമുണ്ടയായിരുന്നില്ല നമുക്ക് .
ബേക്കല്‍ കോട്ടയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു വന്ന ചേരിനായ്ക്കനമാര്‍ക്ക് മേല്‍ക്കൈയുള്ള (കോട്ടെയവര്‍ വംശം) ഗ്രാമം.
ഒട്ടേറെ പോലീസുകാര്‍, ബാങ്കു ഉദ്യോഗസ്ഥര്‍ റവന്യുവിന്റെ താഴേതൊട്ടു മുകളിലോളം ഉയരമുള്ള ഉദ്യോഗസ്ഥര്‍ നമ്മുടെ നാട്ടിലും ഈ സമുദായത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങി.
അവരുടെ മക്കള്‍ക്ക് നമ്മുടെ നാടന്‍ കുട്ടികളോടൊപ്പം പഠിക്കണം. വലിയ ആളുകളാകണം.
അന്നത്തെ നമ്മുടെ നാട്ടിലെ പ്രമാണിമാരായ മല്ല്യ സ്വാമി, സഞ്ചീവ സ്വാമി കൈയ്യയ്യച്ചു സഹായിച്ചു.
അന്നെവിടെയും പണമില്ല. നെല്ലുണ്ട്. നെല്ലു പണമായി മാറി.
മുതിയക്കാല്‍ വളവിലെ പത്മനാഭ അന്ന് താസ്ഹില്‍ദാര്‍. പാണ്ഡുരംഗ റാവു, കുഞ്ഞിക്കൂലായക്കു മുമ്പേ ആധുനിക മരുന്നു ശാസ്ത്രം നാട്ടിലെത്തിച്ച പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായിരുന്ന ഡോ. ഗോപാലറാവു
ഇവര്‍ ഒരുക്കിയ സൗകര്യത്തിലാണ് 1954ല്‍ ആദ്യമായി പള്ളിക്കൂടമൊരുങ്ങുന്നത്.
വിദ്യകൊണ്ട് പ്രബുദ്ധനായിരുന്ന, വിദ്യയുടെ അതിപ്രസരത്തില്‍ ഹോമിക്കപ്പെട്ട ചിറക്കാലിലെ കുമാരന്‍, ചപ്പിലമ്മയുടെ മകന്‍ ബാബു എന്നു വിളിപ്പേരുള്ള വാമന്‍, വിശ്വംഭരന്‍ …ഒട്ടനവധി മലയാളികളും, കന്നട വംശജരും കന്നട പഠിക്കാന്‍ അവസരമൊരുങ്ങി.
പിന്നീട് ഇ.എം.എസിന്റെ സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് സൗത്ത് കാനറയുടെ സ്‌കൂളുകളെല്ലാം തന്നെ കേരളം ഏറ്റെടുത്തു നടത്തി വന്നത്.
വരാന്‍ വാഹനമില്ല, നടന്നും, വഴിയില്‍ തങ്ങിയും, കൂട്ടുകാരോടൊപ്പം ചേര്‍ന്നും ദിവസങ്ങള്‍ തള്ളി നീക്കിയാണ് ആദ്യത്തെ ഹെഡ് മാസ്റ്റര്‍ എച്ച്, ബാലകൃഷ്ണന്‍ സ്‌കൂളിനെ നടത്തിച്ചു കൊണ്ടു പോയത്. തുച്ഛമായ ശമ്പളം, ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത കുഞ്ഞുങ്ങള്‍, കുഞ്ഞുങ്ങളോടൊപ്പം ഉച്ചപ്പട്ടിണി ഹെഡ്മാഷിനും ശീലമായി.
അദ്ദേഹത്തിനു ശേഷം വന്ന കെ. ഗോപാലന്‍, സുബ്രഹ്മണ്യ ഹെബ്ബാര്‍, സി. നാരായണന്‍ നായര്‍ തുടങ്ങിയവരുടെ കഠിന പ്രയത്നം കൊണ്ട് ഇന്നു വൃത്തിയായി കുടുംബം നോക്കുന്ന, മക്കളും മക്കളുടെ മക്കളുമുള്ള ഒരു മൂന്നാം തലമുറയില്‍ നിന്നു കൊണ്ടാണ് നാം ഇന്ന് മുതിയക്കാല്‍ സ്‌കൂളിലെ കുട്ടികളുടെ പഠനകളരി കാണാനെത്തുന്നത്.
ഡോ.ഗോപാലറാവുവിന്റെ വസന്തകാലം. താസില്‍ദാരായി മുതിയക്കാല്‍ വളവിലെ പത്മനാഭ, പാണ്ഡുരംഗ റാവു, ഉദുമാ വില്ലേജിലെ അന്നത്തെ ചേനപ്പര്‍ കൊറഗപ്പ
ഇങ്ങനെ ചിലര്‍ ചേര്‍ന്നു അട്ടിയിട്ട ഫയലുകള്‍ക്കു മേലെയാണ് ഇന്നു കാണുന്ന മുതിയക്കാല്‍ സ്‌കൂളിന്റെ തറക്കല്ലു വീഴുന്നത്.
‘മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നീക്കി വെച്ച സ്ഥലമാണിത് ‘
താസില്‍ദാര്‍ ഓഫീസിലെ രേഖകള്‍ അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. കടലിന്റെ ഇരമ്പല്‍ കേള്‍ക്കാതെ ഉറക്കം വരാത്തവരെങ്ങനെ പാളയം വെച്ച മൊട്ടയില്‍ കിടന്നുറങ്ങും.
ആ ദിവ്യ പുരുഷന്‍ – ഡോ. ഗോപാല്‍ റാവു – പലരെയും മലാങ്കുന്നിലും പരിസരത്തും കുടിപാര്‍പ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നീക്കിവെച്ച വസ്തു വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടേരിയേറ്റ് ഓഫീസിലെത്തി. റവന്യു വകുപ്പ് നൂറു ശതമാനം കൈവശാവകാശത്തോടെ ഭൂമി വിദ്യാഭ്യാസ വകുപ്പനു കൈമാറി.
സര്‍ക്കാര്‍ എസ്റ്റുമേറ്റുണ്ടാക്കി. സ്‌കൂളിനു പുതിയ കെട്ടിടം വേണം. ഡിവിഷനുകള്‍ എല്ലാം വേണം. ഇടച്ചുമര് ഇല്ലെങ്കിലും വേണ്ടില്ല. 21,000 രൂപ തരും. ബെഞ്ചും ഡസ്‌കും അതുകൊണ്ട് തീര്‍ക്കണം.
ഡോക്റ്റര്‍ അമാന്തിച്ചില്ല. സമ്മതം മൂളി.
കരുത്തുള്ളവരുടെ കരങ്ങള്‍ ഒത്തു കൂടി. വിലപിടിപ്പുള്ള മരങ്ങള്‍ക്കു നേരെ ഈര്‍ച്ച വാളിന്റെ ശബ്ദം രാത്രിയിലും പകലുമായി ഇരമ്പി വന്നു.
സ്‌കൂളിനു എന്തു പേരുവെക്കണം? ഹരിപ്രസാദ് മാഷ് അന്ന് സ്‌കൂള്‍ എച്ച്. എം. നാട്ടൂകാര്‍ പലരും പല പേരുകളുമായി മുന്നോട്ടു വന്നു.
കരിപ്പോടി, കണ്ണംകുളം, കുതിരക്കോട്, മുതിയക്കാല്‍…..
ഒടുവില്‍ തീരുമാനമായി.
മുതിയക്കാല്‍ ഗവ. എല്‍.പി.സ്‌കൂള്‍.
അന്നത്തെ നാട്ടിലെ ഏറ്റവും വലിയ കെട്ടിടം. ഇന്നു ചൈനയിലുള്ള ന്യൂ സെന്‍ട്രല്‍ ഗ്ലോബലിനേക്കാള്‍ മുല്യമുള്ള മുതിയക്കാല്‍ സ്‌കൂള്‍ കെട്ടിടം ഒരുങ്ങി. ജില്ലാ സബ് കലക്റ്റര്‍, മഹാബല റാവു ഐ.എ.എസ്, നാട്ടിലെ മാണിക്യം ഡോ. ഗോപാലറാവു അടക്കമുള്ള പൗരമുഖ്യര്‍ ചേര്‍ന്നു സ്‌കൂള്‍ നാടിന്റെ ഭാഗമാക്കി. പിന്നെയും കുറേക്കാലമുണ്ടായിരുന്നു, ഇവിടെ കന്നടമീഡിയം.
1956ലെ ഒന്നാം പഞ്ചവല്‍സര പദ്ധതി. നെഹറുവിന്റെ പദ്ധതിയായിരുന്നു, അത്. ഗോപാല്‍ റാവു ഇടപെട്ടു. വികസനം പലതും ആവശ്യപ്പെട്ടു. കാലമേറെ കഴിഞ്ഞതിനു ശേഷമാണെങ്കില്‍ പോലും കിട്ടിയതില്‍ പ്രധാനമാണ് കിണര്‍. അന്നു നാട്ടില്‍ കിണര്‍ അത്യപൂര്‍വ്വം. കുട്ടികളുടെ മാത്രമല്ല, പലരുടേയും ദാഹം തീര്‍ത്തത് അന്ന് ഈ കിണറാണ്.
1985 കാലം. പാളയം വെച്ച മൊട്ടയെന്ന പേരുമാറണം. കളിക്കാന്‍ ഞങ്ങള്‍ക്കു കളിയിടം വേണം. ജനകീയ സര്‍ക്കാരിനു മുമ്പില്‍ ആവശ്യങ്ങള്‍ അല തല്ലി. ഡിസ്റ്റിക് ബോര്‍ഡ് മെമ്പര്‍ മൂസാങ്കുട്ടിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി.
അളവെടുത്തു. അന്ന് ജെ.സി.ബിയില്ല. കരിങ്കല്ലു തകര്‍ക്കുന്ന തോട്ട.
രാത്രിയിലും പകലും അത് പൊട്ടിച്ചിതറും, പിന്നീട് പാരകൊണ്ട് തട്ടു നിവര്‍ത്തിയാണ് ഇന്നത്തെ ഗ്രൗണ്ടുണ്ടാകുന്നത്. നീണ്ട സമരത്തിന്റെ പിന്‍ബലമുണ്ട് മുതിയക്കാല്‍ സ്‌കൂള്‍ ഗ്രൗണ്ടിന്.
വിശദീകരിക്കാന്‍ ഇനിയുമുണ്ട് പഠിപ്പിച്ച അധ്യാപകര്‍, കൈയ്യെഴുത്തു മാസികയുടെ പ്രകാശനം. പി.ബാലജന സഖ്യം, പി.വി.കെ പനയാലിന്റേയും, ലക്ഷ്മി ടീച്ചറുടേയും, കാര്‍ത്യായനി ടീച്ചര്‍, അച്ഛുതന്‍ മാഷ്. ലീല ടീച്ചര്‍, രാജീവന്‍ മാഷില്‍ തുടങ്ങി നിലവിലെ രാജീവന്‍ മാഷ് വരെ പഠിച്ചവരുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്ന പലതുമുണ്ട് ഓര്‍ത്തെടുക്കാന്‍ ഓരോ വിദ്യാര്‍ത്ഥികളും അവ ഓര്‍ത്തെടുക്കട്ടെ.
നമുക്ക് ഇനിയും തുടരാം.
–പ്രതിഭാരാജന്‍