എഴുത്തുപുര (രണ്ട്)
പ്രണയം കാമത്തിനു വഴിമാറുമ്പോള്‍ ഇവ രണ്ടിനുമിടയിലൂടെയുള്ള പ്രയാണത്തില്‍ മനസില്‍ മുറിവേറ്റ് ജീവിതം ഹോമിക്കപ്പെടുന്ന കൗമാരത്തെക്കുറിച്ചായിരുന്നുവല്ലോ, നാം പറഞ്ഞു വന്നത്. പ്രണയം ജോഡികളുടെ സ്വകാര്യ സ്വത്താണെന്നും, അവള്‍ , അല്ലെങ്കില്‍ അവന്‍ മറ്റാരുമായി മിണ്ടരുത്, ചിരിക്കരുത്. ഒപ്പം ചേര്‍ന്ന് ഐസ്‌ക്രീം കഴിക്കരുത് എന്നാഗ്രഹിക്കുന്നിടത്ത് ശുദ്ധ പ്രണയം നിലനില്‍ക്കില്ല.
പ്രണയം സ്വാര്‍ത്തമാകുമ്പോള്‍ പ്രണയിനിയുടെ സംസാരവും പ്രവര്‍ത്തിയും സംശയത്തിനു വഴി വെക്കുമ്പോള്‍ അസൂയക്കും, അസ്വസ്ഥതയ്ക്കും മുള വരുന്നു. പ്രണയം വിരുദ്ധ വികാരങ്ങളിലേക്ക് ചേക്കേറുന്നു. അത് കൊലയില്‍ വരെ എത്തിച്ചേരുന്നു.
കാമം ശമിപ്പിക്കാനുള്ള ഉപാധിയാകരുത് പ്രണയമെന്ന് ഇത് വായിക്കുന്ന എന്റെ പ്രിയ്യപ്പെട്ട വായനക്കാര്‍, അവര്‍ കമിതാക്കളാണെങ്കില്‍ പ്രത്യേകം ഓര്‍ക്കുക.
എല്ലാ പ്രണയങ്ങളും വിവാഹ ബന്ധത്തില്‍ കലാശിക്കണമെന്നില്ല. പലരും അത് ആഗ്രഹിക്കുന്നുമില്ല. പ്രണയ വിവാഹം ജീവിത വിജയമാകണമെന്നുമില്ല. വിവാഹം ദാമ്പത്യമാണ് . അത് മറ്റൊരു ലോകമാണ്. ദാമ്പത്യത്തിലും മധുരമായ പ്രണയം കാത്തു സൂക്ഷിക്കുന്ന നിരവധി ദമ്പതിമാര്‍ നമുക്ക് ചുറ്റിലും ഉണ്ട് എന്നതു മറച്ചു വെച്ചു കൊണ്ടല്ല, ഇതു പറയുന്നത്.
പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും രണ്ടാണ്. പ്രണയം ചുമതലകളില്ലാതെ പാറി നടക്കുന്ന പറവകളാണ് . ദാമ്പത്യം ഉത്തവാദിത്വങ്ങളുടെ തടവറയാണ്. പ്രണയത്തിനു കേടുപാടുകള്‍ സംഭവിക്കുക ദാമ്പത്യത്തില്‍ സര്‍വ്വ സാധാരണമാണ്.
ഇവിടേയും വേണം ജാഗ്രത.
ദമ്പതികള്‍ക്കിടയിലെ പ്രണയത്തിനു കേടു സംഭവിക്കുമ്പോള്‍ സംജാതമാകുന്ന മറ്റൊരു ആപത്താണ് അവിഹിത ബന്ധങ്ങള്‍. ഒരു കുട്ടിയെ പ്രണയിച്ച പുരുഷന്‍ , അഥവാ സ്ത്രീ ആ പ്രണയിച്ചവനേക്കാള്‍ മികച്ചവനായി ഒരു വ്യക്തിയേയും അതുവരെ കണാനാനിടയില്ല. എന്നാല്‍ വികാരങ്ങളെ വിവേകം കീഴടക്കുമ്പോള്‍ നേരത്തെ കണ്ട പല സൗന്ദര്യങ്ങളും ഇണയില്‍ കുറഞ്ഞോ ഇല്ലാതായോ വരും. പുതുതായി പരിചയപ്പെടുന്ന മറ്റൊരാളില്‍ അവ ദര്‍ശിച്ചെന്നു വരും. ഈ മാറ്റത്തിലും പ്രണയമുണ്ടെങ്കിലും സമൂഹം ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതാണത്. ദുര്‍വികാരമെന്ന് മുദ്ര കുത്തപ്പെടും. ചീഞ്ഞ വികാരമായി ചിത്രീകരിക്കപ്പെടും. പ്രണയമെന്നാണ് പേരെങ്കിലും കാമത്തിന്റെ ആധിക്യമാണത്.
പ്രണയത്തിന്റെ പേരിലുള്ള ഒളിച്ചോട്ടത്തില്‍ ഭര്‍ത്താവിനേയും, ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു പുതിയ ജീവിതം കണ്ടെത്തിയവരുടെ കഥകള്‍ വ്യക്തമാക്കുന്നത് പ്രണയത്തെ അതിജീവിക്കുന്ന കാമവികാരമാണ് ഇതിനു പ്രേരിപ്പിക്കുകയെന്നാണ്. തന്റെ സൈ്വര വിഹാരത്തിന് തടസ്സം നില്‍ക്കുന്ന പങ്കാളിയെ കൊല്ലാന്‍ പോലും മടിക്കാത്ത ഇണയെയും നമ്മളേറെ കണ്ടതാണണ്. ഇതു പ്രണയത്തിന്റെ മറുപുറമാണ്. പ്രണയമെന്ന വെളിച്ചത്തില്‍ നിന്നും കാമത്തിന്റെ ഇരുട്ടിലേക്കുള്ള ദൂരമാണ് ഇത്തരം ഒളിച്ചോട്ടം.
മനുഷ്യനു മാത്രം സംജാതമായ വിശുദ്ധിയും,വൈകാരിക ആഴവും, വിശാലതയും നില നിര്‍ത്തുന്നിടത്തു മാത്രമേ പ്രണയം പൂത്തുലയുകയുള്ളു. അല്ലാത്ത പ്രണയത്തില്‍ നിന്നും ഉല്‍ഭവിക്കുന്നത് വൈറസുകളാണ്. ആപല്‍ക്കാരിയാണ് ഇത്.
മരുന്ന് ലഭിക്കാത്ത, കണ്ടെത്തിയിട്ടില്ലാത്ത, മരണത്തിലവസാനിക്കുന്ന പ്രേതത്തിന്റെ രൂപം പ്രാപിച്ച രോഗമാണത്. അതിനു ചികില്‍സ കിട്ടാതെ സ്വയം മരിച്ചു വീഴുന്നവരുടെ നീണ്ട പട്ടികയാണ് നമ്മുടെ മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത്.
പ്രണയമില്ലാത്ത ജീവിതത്തിനു സൗന്ദര്യമുണ്ടാകില്ല. ഒ.വി.വിജയന്‍ ഏറ്റവും, കൂടുതല്‍ പ്രണയിച്ചത് പൂച്ചകളെയായിരുന്നു.
എല്ലാം മറന്ന് ഭാര്യാ ഭര്‍ത്താക്കന്‍മാരായി 10 ദിവസം ചുറ്റിക്കറക്കം, ഒടുവില്‍ ഗുരുവായൂരില്‍ എത്തി മുറിയെടുക്കല്‍: മുന്നു കുട്ടികളുടെ അച്ഛനായ ഷെരീഫും രണ്ടു കുട്ടികളുടെ അമ്മയായ സിന്ധുവും ജീവനൊടുക്കിയത് അപക്വമായ പ്രണയമോഹത്തിനു ഉദാഹരണമായെടുക്കാം.
ഇവര്‍ പരസ്പരം കണ്ടു, പ്രണയിച്ചു, അല്ല കാമിച്ചു. ഒരിക്കലും ശരീരം പങ്കു വെക്കാന്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ഒളച്ചോടി. ഗുരുവായുരില്‍ തങ്ങി. അവിടെ നിന്നും പരസ്പരം നഗ്‌ന ശരീരം കണ്ടു. തങ്ങള്‍ സ്വപ്നങ്ങളിലൂടെ കണ്ടതല്ല ഇതെന്നു ഇരുവര്‍ക്കും ബോധ്യമായി. 10 ദിവസം ഒരുമിച്ചു കഴിഞ്ഞതേയുള്ളു. മടുത്തു. കാമം കെട്ടടങ്ങി. അപ്പോഴേക്കും പ്രണയം പൂര്‍ണമായും മരിച്ചിരുന്നു. രണ്ടു പേര്‍ക്കും തങ്ങളുടെ രണ്ടു കുടുംബങ്ങളേക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ തികട്ടിവന്നു. എങ്ങനെ തിരിച്ചു പോകും. മക്കളെ കാണും
ഒരുമിച്ചു ജീവിക്കാനല്ല തോന്നിയത് ഒരുമിച്ച് മരിക്കാന്‍. കാമം തരുന്ന വിധി അതാണ്. മരണം.
‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന മുറിപ്പാടെത്രയാണെന്നു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാല്‍ അത്തരം മുറിപ്പാടുണ്ടാക്കുന്നത് സ്വന്തം അച്ഛനില്‍ നിന്നുമാണെങ്കിലോ?
അച്ചനില്‍ നിന്നും രക്ഷപ്പെടാന്‍ തോന്നിച്ചത് മനസ് പക്വമായപ്പോഴാണ്. 15ാമത്തെ വയസില്‍ പ്രണയവും കാമവും തമ്മിലുള്ള അകലം മനലിലായി. അച്ചനില്‍ നിന്നും ഓടിപ്പോയി. പ്രണയമെന്നാല്‍ കാമമല്ലെന്ന തിരിച്ചറിവ് പ്രായത്തിന്റെ പ്രത്യേകതയാണ്.
ഇന്നു രാഷ്ട്രീയത്തിലും ഇന്നലെ വരെ സിനിമയിലും തിളങ്ങി നില്‍ക്കുന്ന ഖുശ്ബു കാമാര്‍ത്ഥമായ വെറുപ്പിനെ അതിജീവിച്ച് പ്രണയത്തെ സ്വീകരിച്ച് ജീവിതം ആസ്വദിച്ചവരില്‍ എടുത്തു പറയേണ്ട ഒരു ഉദാഹരണമാണ്.
പ്രണയത്തിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കാനാകാതെ ചതിയിലും കുഴിയിലും ചെന്നു ചാടിയവര്‍ക്കായി സമര്‍പ്പിക്കട്ടെ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഇത്തവണത്തെ എഴുത്തുപുര.
-പ്രതിഭാരാജന്‍