CLOSE

പൂരം വരവായി… പൂക്കളൊരുങ്ങി… ഇനി പ്രണയോല്‍സവം…

Share

എഴുത്തുപുര……….

പൂരം വരവായി. ഇനി പൂക്കളുടെ ഉല്‍സവം, വസന്തോല്‍സവം.

ചിങ്ങം തൊട്ടു എട്ടാമത്തെ മാസം മീനം.

ഭൂമയുടെ കാമുകന്‍ – ആദിത്യന്‍ – മീനം രാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ജ്വലിക്കുന്ന മാനം , തണുത്ത കാറ്റു വീശിത്തരുന്ന വസന്തപൗര്‍ണമിരാവ്.
നക്ഷത്രങ്ങള്‍ക്കു കൂടുതല്‍ തിളക്കം. കാവടിയെടുക്കുന്ന സന്ധ്യകള്‍, സ്വര്‍ണത്തളിക കമിഴ്ത്തി അസ്തമയം, കാന്തിക പ്രഭയോടെ പ്രഭാത സൂര്യന്‍.

വേവുന്ന ചൂടില്‍ തെക്കും വടക്കുമായി കുതിര സവാരി നടത്തുന്ന വെണ്‍മേഘങ്ങള്‍.
വസന്തകാലമെത്തിയിരിക്കുന്നു.

ഏത്ര വെയിലേറ്റാലും വിയര്‍ക്കാത്ത, മതി തീരാത്ത പൂക്കള്‍. സൂര്യനെ വാരിപ്പുണരുന്ന തളിരുകള്‍. സൂര്യപ്രഭയുടെ ഹൂങ്കാരത്തില്‍ മൊട്ടിടുന്ന മുല്ലകള്‍, വിഷുപ്പൂക്കള്‍.
സൂര്യനും ചെടികളും തമ്മിലുള്ള രാസക്രീഡയില്‍ പിറന്നു വീഴുന്ന ചെക്കിപ്പൂവ്, നരയന്‍പൂവ്. ചെംചെമര്‍പ്പാര്‍ന്ന പനിനീര്, ശംഖുപുഷ്പ്പം….

പാടവരമ്പുകളിലെ ഉറച്ച മണ്ണില്‍ കാട്ടുപ്പൂക്കള്‍ വിരിച്ച പരവതാനയിലുടെ പൊന്‍ കിരണങ്ങള്‍ പാഞ്ഞു വരുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന പൂത്താലിച്ചെടികള്‍, നിലാവ് പുഞ്ചിരിക്കുമ്പോള്‍ അടക്കാനാകാത്ത വികാരവായ്പ്പോടെ പൊട്ടിവിടരുന്ന ആമ്പല്‍ത്തടങ്ങള്‍, ആര്യപൂത്രി ചെന്താമര…..

പൂക്കള്‍…. സുര്യന്റെ വസന്തകാല വേഴ്ചകളിലെ സന്താനങ്ങള്‍.

സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു ചേര്‍ന്നു വീകാര സാന്ദ്രത കൈവരിക്കുന്നതു പോലെ അത്യുഷ്ണത്തിന്റെ വികാര പൂര്‍ണതയില്‍ ചെടികളില്‍ പൂക്കള്‍ പൊട്ടിവിടരും, പത്തുമണിപ്പൂ മുതല്‍ നാലുമണിപ്പു വരെ, ആമ്പല്‍ മുതല്‍ താമര വരെ ഇടതൂര്‍ന്നു വിടരുന്ന മാസമാണ് മീനം. മാവു പൂക്കും, കായ്ക്കും . പ്രകൃതിയുടെ പ്രജനനകാലം.

തന്റെ കൂടാരത്തിനകത്തു നിന്നും സ്വാതന്ത്യനായ അപ്പൂപ്പന്‍ താടികള്‍ മുറിയിലും, അടുക്കളയിലും, തൊടിയിലും, അനുവാദമില്ലാതെ കടന്നു വരുമ്പോള്‍,
വിഷുപ്പു മുതല്‍ ശീമക്കൊന്ന വരെ പൂക്കുമ്പോള്‍, നീരൊഴുക്കില്ലാത്ത ചാലുകള്‍ക്കിടയിലൂടെ തല പുറത്തു നീട്ടി മണം പരത്തി പൂകൈത വിളിച്ചു കൂവുമ്പോള്‍

മനസിലാക്കണം, മീനം പിറന്നു, പൂരത്തിനു സമയമായി.
പ്രണയത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച കാമദേവന്റെ വീണ്ടെടുപ്പിനുള്ള സമയമായി. ഇതിഹാസത്തിലെ പ്രണയ സങ്കല്‍പ്പങ്ങളിലെ ആഘോഷരാവുകളെത്തിത്തുടങ്ങി.
എന്നെത്തേക്കാളും നേരത്തെ ഉണര്‍ന്നെണീറ്റു പാടുന്ന കുയില്‍, ആടുന്ന മയില്‍,
മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെ പെണ്‍കുട്ടികളുടെ പ്രണയപരിശീലന കാലമാണ് .
പ്രണയത്തിനു മേല്‍ അഗ്‌നി ഗോളങ്ങള്‍ വീണു ചാമ്പലായിപ്പോയ ഭൂമിയില്‍ അതു തിരിച്ചു പിടിക്കാനുള്ള യജ്ഞമാണ് പൂരോല്‍സവം.

കത്തിക്കരിഞ്ഞു പോയ – കാമദേവനെ – പ്രണയത്തെ വീണ്ടെടുക്കലാണ് പൂരം.

ലോകം കണ്ട ഇതിഹാസ കഥയാണ് സതിയും മഹാദേവനും തമ്മിലുളള പ്രണയം.
കാന്തനായ എന്നേക്കാള്‍ വലുതല്ല സതിക്ക് – സ്ത്രീക്ക് – തന്റെ അച്ഛന്‍. എന്റെ വാക്കു ധിക്കരിക്കരുത് പിതാവ് ദക്ഷന്‍ നടത്തുന്ന യാഗാഘോഷത്തില്‍ പങ്കെടുക്കരുത്.

പ്രണയം തോറ്റു

സതി മഹേോദവന്റെ വാക്കു കേട്ടില്ല.
ദക്ഷന് പ്രണയത്തേക്കാള്‍ വലുതായിരുന്നു വാശി.
മകള്‍ സതിയെ -പ്രണയത്തെ – ഇറക്കിവിട്ടു.

അപമാനം സഹിക്കവയ്യാതെ യാഗാഗ്‌നിയില്‍ ചാടി സതി ആത്മഹത്യ ചെയ്തു.
ഇതിഹാസത്തിലെ ആദ്യ പ്രണയ നൈരാശ്യം.

ശിവന്‍ പരവശനായി. കോപം അടക്കാനായില്ല.
താണ്ഡവമാടി. ശിവതാണ്ഡവം.
അതു കൊണ്ടുമടങ്ങിയില്ല കോപം.
നഷ്ടപ്പെട്ട ഏകാഗ്രത തിരിച്ചെടുക്കാന്‍ പിന്നെ തപസിലേര്‍പ്പെട്ടു. ഘോര തപം .

പ്രബഞ്ചത്തിന്റെ താളം തെറ്റി.
ദേവന്മാര്‍ വിവശരായി.
തപമിളക്കണം. ശിവനെ തിരിച്ചു പിടിക്കണം.

മഹാവിഷ്ണു ഇടപെട്ടു.

ദേവകന്യകമാരെ കൈലാസത്തിലെത്തിച്ചു. 18 തരം നൃത്തത്തിലും, 18 തരം രാഗത്തിലും കൈലാസം സംഗീത സാന്ദ്രമായി.
പക്ഷെ മഹാദേവനുണര്‍ന്നില്ല. തപം ശമിച്ചില്ല.
അടുത്ത ദൗത്യം കാമദേവന്റെതായിരുന്നു.

കൈലാസമാകെ തളിര്‍ത്തു. പൂത്തു. മലനിരകളില്‍ പൂമണം പരന്നു. സുഗന്ധം എങ്ങും സുഗന്ധം.
സുഗന്ധപൂരിതമായ അന്തരീക്ഷത്തില്‍

തപസിനു വിഗ്‌നം വന്നു.

മഹാദേവന്റെ തപസിളകി. കണ്ണു തുറന്നു നോക്കിയപ്പോള്‍ പൂച്ചെടികളുടെ ഇടയില്‍ കാമദേവന്‍.

തപസറ്റു പോകാനിടവന്ന മഹാപാപിക്കെതിരെ മൂന്നാം കണ്ണു തുറന്നു. അതില്‍ നിന്നും അഗ്‌നി വര്‍ഷിച്ചു.
കാലന്‍ കോഴി കൂവി. പ്രബഞ്ചത്തില്‍ പ്രണയം നഷ്ടപ്പെട്ടിരിക്കുന്നു. കാമദേവന്‍ ചാമ്പലായിരിക്കുന്നു.

പരിശുദ്ധ പ്രണയത്തിനു മേല്‍ ചതിപ്രയോഗങ്ങള്‍ ഇരച്ചു കയറിയിരിക്കുന്നു.

പിന്നീട് ഇങ്ങോട്ട് പ്രണയമില്ലാത്ത പ്രബഞ്ചം. മനുഷ്യപ്പറ്റില്ല. പരസ്പരം സ്നേഹമില്ല. ആണും പെണ്ണുമെന്ന ഭേതമില്ല. സ്ത്രീപുരുഷാന്തരങ്ങളില്ല. രാക്ഷന്മാര്‍ പെരുകി. മനുഷ്യത്വത്തിനു കുഴിമാടമൊരുങ്ങി. പ്രണയമെന്ന വികാരം അസ്തമിച്ചിരിക്കുന്നു. ദേവലോകം മരിച്ച കാമനെ തിരിച്ചു കൊണ്ടുവരാനുള്ള ത്യാഗത്തിലേര്‍പ്പെടാന്‍ ഭുമിയിലെ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.
കിട്ടുന്ന പൂക്കള്‍ കൊണ്ട്…. അത് നരയനായാലും, ചെക്കിയായാലും, പിച്ചിയായാലും പുഷ്പ്പബാണന്റെ രൂപം,- കാമന്റെ -രൂപം വീടുകള്‍ തോറും നിര്‍മ്മിക്കപ്പെട്ടു. പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു.
കാമനെ പൂജിച്ചു. മനുഷ്യ മനസുകളിലേക്ക് തിരിച്ചെഴുന്നെള്ളാന്‍ അഭ്യര്‍ത്ഥിച്ചു. ക്ഷേത്രാങ്കണത്തില്‍ വെച്ച് കാമനു വേണ്ടി സങ്കീര്‍ത്തനങ്ങള്‍ ആലപിക്കാനും ആടാനും പാടാനും തുടങ്ങി.

നാടു നീളെ തെണ്ടി നടന്ന് കുട്ടികള്‍ പൂക്കളിറുത്തു കൊണ്ടു വന്നു. കാമദേവന്റെ പൂപ്രതിമയുണ്ടാക്കി.
നല്ല വസ്ത്രം ധരിച്ചു. ദേവന്മാരുടെ ഇഷ്ടഭോജ്യം ഉപ്പില്ലാത്ത അട, നിവേദ്യമുണ്ടാക്കി വിളമ്പി.

കാമന്റെ പുനര്‍ജനിക്കാണ് ക്ഷേത്രങ്ങളില്‍ പൂരക്കളി. പ്രണയത്തിന്റെ തിരിച്ചെഴുന്നള്ളത്താണത്.

പുതു വസ്തം ധരിച്ച പെണ്‍കുട്ടികള്‍ അമ്പലത്തിലെത്തും. ശ്രീകോവിലിനു മുന്നില്‍ യൂവാക്കള്‍ ചുറ്റും നിന്നു ആടും.
ശരീരം മുഴുവന്‍ എണ്ണ തേച്ച് മയപ്പെടുത്തിയിരിക്കും. ഷര്‍ട്ടില്ല. മേല്‍ മുണ്ടില്ല. ശരീരത്തിന്റെ ഓരോ വടിവുകളും കൃത്യമായി കണ്ടാസ്വദിക്കാന്‍ സ്ത്രീകള്‍ക്കുള്ള അവസരമാണ് പൂരക്കളി. ഏഴു നാള്‍ അവരാടും. ഏഴു നാള്‍ക്കുള്ളില്‍ ആരെയെങ്കിലുമൊക്കെ പരസ്പരം ഇഷ്ടപ്പെട്ടുവന്നിരിക്കും. തങ്ങള്‍ മനസില്‍ ഭാവനകൊണ്ട് നിര്‍മ്മിച്ച പുരുഷവിഗ്രത്തെ കണ്ടെത്തിയെന്നിരിക്കും.

മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനു ഇതിഹാസ കാലം മുതല്‍ നിലനില്‍ക്കുന്ന ഒരു കുറുക്കു വിദ്യയാണ് പ്രണയത്തിന്റെ ഓര്‍മ്മ നാളുകളില്‍ ദേവിവിഗ്രഹത്തിനു മുന്നിലാടുന്ന പൂരക്കളി.

പൂക്കള്‍…. സുര്യന്റെ വസന്തകാല വേഴ്ചകളിലെ സന്താനങ്ങള്‍.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *