CLOSE

തീരദേശ ജനതയുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് മത്സ്യസഭ

Share

ജില്ലയിലെ തീരദേശ മേഖലക്ക് ഊന്നല്‍ നല്‍കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മത്സ്യസഭ നടത്തി. ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് മത്സ്യസഭ നടത്തിയത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മത്സ്യസഭ ഉദ്ഘാടനം ചെയ്തു. തീരദേശപരിപാലന നിയമം മൂലമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് മത്സ്യസഭ തീരുമാനിച്ചു. കടല്‍ഷോഭം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരത്ത് കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പരിഗണിക്കും. നഷ്ടത്തിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരംക്ഷിക്കണം. മത്സ്യം കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യമുയര്‍ന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയില്‍ പ്രൈവറ്റ് കോളേജ് വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക്് വല നല്‍കുന്ന പദ്ധതി പ്രകാരം ലഭിക്കുന്ന വലകള്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നവ നല്‍കണം. ചെറുവള്ളങ്ങള്‍ക്ക് കൂടി വല നല്‍കുന്ന പദ്ധതികള്‍ രൂപീകരിക്കണം. തീരദേശത്ത് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി വഴി നല്‍കുന്ന തുക വര്‍ധിപ്പിക്കണം. തീരദേശമേഖലകളിലെ വീടുകള്‍ക്ക് സ്ഥിരം നമ്പര്‍ നല്‍കുന്നതിനു നടപടിവേണം. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ആര്‍.സി ലൈസന്‍സ് നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കണം. കുളങ്ങളിലും വെള്ളക്കെട്ടുകളിലും മറ്റും മത്സ്യകൃഷി നടത്തുന്നത് പ്രോത്സാഹിപ്പിക്കണം. ഉള്‍നാടന്‍ മത്സ്യകര്‍ഷകര്‍ക്ക് വിപണി കണ്ടെത്തുന്നതിനു സഹായം നല്‍കണം. അജാനൂര്‍ കടപ്പുറത്ത് ബോട്ടപകടം ഉണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളില്‍ വര്‍ധനവുണ്ടാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മത്സ്യസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ശകുന്തള, അഡ്വ.എസ്.എന്‍.സരിത, മെമ്പര്‍മാരായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ധീഖ്, ബി.എച്ച്. ഫാത്തിമത്ത് ഷംന, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ുമാരായ പി.ലക്ഷ്മി, ടി.ശോഭ, ജില്ല ആസൂത്രണ സമിതി അംഗം സി.രാമചന്ദ്രന്‍, ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ സ്വാഗതവും സെക്രട്ടറി കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *