ആയിരത്തിലധികം പ്രാദേശിക ചരിത്രം രചിച്ച് ജില്ലയിലെ കുട്ടികള്‍. ചരിത്രമെഴുതി മികവ് തെളിയിച്ച് സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിളയും ആദിത്യനും. സമഗ്ര ശിക്ഷാ കേരള 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനയായ – പാദമുദ്രകള്‍ പരിപാടിയിലാണ് ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി വി.നിളയും കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥി കെ.ആദിത്യനും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കുട്ടി ചരിത്രകാരന്‍മാരുടെ നിരയില്‍ തിളങ്ങിയത്.
സമഗ്ര ശിക്ഷാ കേരള ഇത്തവണ നടപ്പിലാക്കിയ ശ്രദ്ധേയമായ പരിപാടിയാണ് അക്കാദമിക വൈദഗ്ധ്യത്തോടെ കുട്ടികളെ പ്രാദേശിക ചരിത്രരചനയിലേക്ക് നയിക്കുന്ന പാദമുദ്രകള്‍. ജില്ലയിലെ 8, 9 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രാദേശിക ചരിത്ര രചനയില്‍ ബി.ആര്‍.സി തല പരിശീലനം ലഭിച്ച അധ്യാപകരുടെ ക്ലാസും നിര്‍ദേശങ്ങളുമാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. തുടര്‍ന്ന് ഓരോ കുട്ടികളും ദേശത്തിന്റെ ചരിത്രം തേടിയിറങ്ങി. പരമ്പരാഗത ചരിത്രരചനയുടെ വഴിയില്‍ നിന്ന് വിട്ടുമാറി, പ്രാദേശിക ചരിത്ര രചനയില്‍ അക്കാദമിക നിര്‍ദേശങ്ങളോടെ കുട്ടികള്‍ പുതിയ ചരിത്രങ്ങളെഴുതി. പിന്നീട് ഓരോ വിദ്യാലയങ്ങളില്‍ നിന്നും മികച്ച രചനകള്‍ നടത്തിയ കുട്ടികളെ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു. ഇവര്‍ക്ക് പ്രഗല്‍ഭരായ ചരിത്ര പണ്ഡിതരുടെയും അധ്യാപകരുടെയും സമഗ്ര ശിക്ഷയിലെ പരിശീലകരുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കി. കാരണവക്കൂട്ടം, ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശനം, അഭിമുഖം എന്നിവയാല്‍ സമ്പന്നമായ ശില്പശാലയ്ക്ക് ശേഷം 32 കുട്ടികളെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് ജില്ലാതലത്തില്‍ കൂടുതല്‍ മികവുള്ള പരിശീലനം, ചരിത്രഭൂമികളിലേക്കുള്ള സന്ദര്‍ശനം, തയാറാക്കിയ ചരിത്രത്തിന്റെ അവതരണം, രചന വിലയിരുത്തല്‍ എന്നിവയും നടത്തി. അവസാന ഘട്ടത്തില്‍ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ വിദഗ്ധര്‍ കുട്ടികളെ അഭിമുഖം നടത്തിയുമായിരുന്നു തെരഞ്ഞെടുപ്പ്.
ഇടയിലെക്കാടിന്റെ പാരിസ്ഥിതിക ചരിത്രരചനയായിരുന്നു നിളയെ മികവിലേക്കുയര്‍ത്തിയത്. മുനയന്‍കുന്നിന്റെ കാര്‍ഷിക സാമൂഹ്യ ജീവിത ചരിത്രരചനയായിരുന്നു ആദിത്യനെ മുന്‍നിരയിലേക്ക് എത്തിച്ചത്. ഇരുവരും ഫെബ്രുവരി 12, 13 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ഒന്നാം ഘട്ട ശില്പശാലയില്‍ പ്രബന്ധാവതരണം നടത്തും.