കാഞ്ഞങ്ങാട്: ഭിന്നശേഷി ഒന്നിനും തടസ്സമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ലോകം കീഴടക്കിയ യൂനിസെഫ് പുരസ്‌ക്കാര ജേതാവ് വെളിമണ്ണയിലെ മുഹമ്മദ് അസീമിന് നടി ശില്‍പ ബാലയുടെ പ്രശംസ.
ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാട് എത്തിയ മുഹമ്മദ് അസീമിനെ ഖത്തറില്‍ നടന്ന ലോക ഫുട്ബോള്‍ വേദിയില്‍ ഖത്തര്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ ആദരിക്കുകയും ലോകത്തിലെ ഉയരം കൂടിയ കെട്ടിട സമുച്ചയങ്ങളിലൊന്നായ ബുര്‍ജ് ഖലീഫ ടവറില്‍ ഓടിക്കയറി വിസ്മയം തീര്‍ക്കുകയും പെരിയാര്‍ നീന്തിക്കടക്കുകയും ചെയ്തതുള്‍പ്പെടെയുള്ള സാഹസിക കഥകള്‍ കേട്ട് ചടങ്ങില്‍ മുഖ്യാതിഥിയായ നടി ശില്‍പബാല അത്ഭുതം കൂറി പ്രശംസിക്കുകയായിരുന്നു.
നല്ല ചിന്തയും നല്ല വായനയും നല്ല പ്രവര്‍ത്തിയും നടത്തി നല്ല കേരളീയനും നല്ല മനുഷ്യനും നല്ല ഇന്ത്യാക്കാരനുമായി മാറിയാല്‍ നല്ല വിജയം നേടി നാടിന്റെയും പഠിക്കുന്ന വിദ്യാലയത്തിന്റെയും അഭിമാനമായി മാറാന്‍ കഴിയുമെന്ന് വിദ്യാര്‍ത്ഥികളോട് മുഹമ്മദ് അസിം പറഞ്ഞപ്പോള്‍ നിലക്കാത്ത കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ അസീം ഖുര്‍ആനിലെ വചനങ്ങള്‍ ഓതിയുള്ള പ്രാര്‍ത്ഥനയെയും സദസ്സ് ഭക്തിസാന്ദ്രതയോടെയാണ് സ്വീകരിച്ചത്. ഇതെല്ലാം കണ്ട് ഭിന്നശേഷിയെ മറി കടന്ന് മുഹമ്മദ് അസീമിന്റെ പ്രസംഗം ആശ്ചര്യത്തോടെ കേട്ടാണ് നടി ശില്‍പബാല പ്രസംഗിച്ചത്.
രണ്ട് ദിവസത്തെ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തെ മുഹമ്മദ് അസീം വെളിമണ്ണയും നടി ശില്‍പബാലയും ചേര്‍ന്ന് അവിസ്മരണീയമാക്കിയപ്പോള്‍ കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം നടന്ന സ്‌കൂള്‍ വാര്‍ഷികം വേറിട്ട അനുഭവമായി മാറി.
മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംബിഎം അഷറഫ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.സൈഫുദ്ധീന്‍, മാനേജര്‍ പി.കെ.അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ കെ.അബ്ദുള്‍ഖാദര്‍, വൈസ് ചെയര്‍മാന്‍ സി.കുഞ്ഞബ്ദുല്ല, സൈക്കോളജിസ്റ്റ് ബഷീര്‍ എടാട്ട്, പിടിഎ പ്രസിഡന്റ് യു.വി.ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മല്‍സരവിജയികള്‍ക്ക് നടി ശില്‍പബാലയും മുഹമ്മദ് അസീമും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദാണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്.