CLOSE

സ്ത്രീ-പുരുഷ സമത്വം ലോകനന്മയ്ക്ക്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

Share

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ വെച്ച് ലോകവനിതാദിനാഘോഷവും, രാജപുരം മേഖലാ വനിതാ സ്വാശ്രയസംഘ മഹോത്സവവും സംഘടിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തില്‍ രാജപുരം ഹോളിഫാമിലി പള്ളി വികാരി റവ. ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം കാസര്‍ഗോഡ് നിയോജകമണ്ഡലം പാര്‍ലമെന്റ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. സ്ത്രീ-പുരുഷ സമത്വം ലോകത്തിന്റെ നന്മയ്ക്ക് നിദാനമാണെന്നും, സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വനിതാദിനാഘോഷങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നും, വനിതകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍, കെ.സി.ഡബ്ല്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളടപ്പുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തേങ്ങചിരവല്‍, സവാള അരിയല്‍, മലയാളി മങ്ക, വടംവലി എന്നീ മത്സര ഇനങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം നടത്തി. മാസ്സ് രാജപുരം ആനിമേറ്റര്‍ ഷൈനി ജോണ്‍ നന്ദി പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങളായ ആന്‍സി ജോസഫ്, ഷീജ ശ്രീജിത്ത്, കുമാരി. കൃപ. എ. ജോര്‍ജ്ജ്, വിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. വനിതാദിനാഘോഷ പരിപാടിയില്‍ രാജപുരം മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നായി 600-വനിതകള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *