രാജപുരം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷങ്ങള്‍ക്കൊരുങ്ങി മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂള്‍. ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും ആറിന് വൈകുന്നേരം 3.30 ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് പുതിയകുന്നേല്‍ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഫോട്ടോ അനാഛാദനം നടത്തും. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. രാജപുരം ഫെറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും.
പാഠ്യ-പാഠ്യേതര രംഗത്ത് മികവിന്റെ കേന്ദ്രമായി മാറിയ സ്‌കൂള്‍ 1947-ല്‍ അണ്‍ എയ്ഡഡായാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് 1948-ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. പരേതനായ പേരുക്കരോട്ട് ലൂക്കാ മാഷിന്റെ നേതൃത്വത്തില്‍ 200 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 1962 ല്‍ യു.പി സ്‌കൂളായി ഉയര്‍ത്തി. ചരിത്രസ്മരണകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വൈദികര്‍, സിസ്റ്റഴ്‌സ്, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍ മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വദേശത്തും വിദേശത്തും ഉന്നത പദവി വഹിക്കുന്നവര്‍ അങ്ങനെ പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍പ്പെടുന്നു.

ഈ സ്‌കൂളില്‍ പ്രധാനധ്യാപകനായ സജി എം എയുടെ നേതൃത്വത്തില്‍ 22 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നുണ്ട്. ഭവന നിര്‍മ്മാണ സഹായം, ഭവന സന്ദര്‍ശനം, വായനാ ചങ്ങാത്തം, ചലച്ചിത്ര മേള, ബോധവത്കരണ ക്ലാസ്സുകള്‍, പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമം, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളടക്കം 75 പരിപാടികള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇതോടൊപ്പം സ്‌കൂള്‍ അസംബ്ലി ഹാള്‍, പ്രവേശന കവാടം എന്നിവ ഒരുക്കാനും സാധിച്ചതായി സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മാനിക്കാട്ട്, പ്രഥമാധ്യാപകന്‍ എം.എ.സജി, പി.ടി.എ.പ്രസിഡന്റ് എ.സി.സജി, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ ബിജു.പി.ജോസഫ് എന്നിവര്‍ പങ്കെടുത്തു.