CLOSE

നീലേശ്വരം നഗരസഭാ ബജറ്റ്; ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍

Share

നീലേശ്വരം: ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടും ടൂറിസത്തിന്റെ വിശാല സാധ്യതകളിലേക്ക് തുഴയെറിഞ്ഞുകൊണ്ടും നീലേശ്വരം നഗരസഭാ ബഡ്ജറ്റ്. നഗരത്തിന്റെ അടിസ്ഥാന വികസനത്തിനും ക്ഷേമത്തിനുമായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള ബജറ്റാണ് വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ചെയര്‍പേഴ്‌സസണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു.

74, 63, 74, 976 രൂപ വരവും 73,10,13,656 രൂപ ചെലവും 1,53,61,320 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ അംഗീകരിച്ചു.

നഗരഹൃദയത്തിന്റെ മുഖച്ഛായ മാറ്റുന്ന നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് 18 കോടി രൂപയുടെ കെ. യു .ആര്‍ . ഡി.എഫ്. സി വായ്പ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നഗരസഭാ വിഹിതമായി ഒരു കോടി രൂപ അനുവദിക്കും.

നീലേശ്വരം പുഴയോരത്ത് മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരണഘട്ടത്തിലെത്തിയ പുതിയ നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍ക്കായി 63 ലക്ഷവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഓഫീസാക്കുന്നതിനും ഫര്‍ണിച്ചര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി ഒരുകോടിയും സോളാര്‍പാനല്‍ സ്ഥാപിക്കാന്‍ 5 ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

നഗരസഭാ പ്രദേശത്ത് പുതിയ റോഡുകള്‍ നിര്‍മ്മിക്കാനും ഡ്രെയിനേജ് നിര്‍മ്മാണത്തിനും ഒരു കോടി രൂപ വീതവും, വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും വകയിരുത്തും.
ടൗണ്‍ റോഡ് നവീകരണത്തിന് 50 ലക്ഷവും രാജാ റോഡ് വികസനത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷവും അനുവദിക്കും.

വാര്‍ഡുകളില്‍ പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ 10 ലക്ഷവും നിലവിലുള്ള തെരുവു വിളക്കുകളുടെ പരിപാലനത്തിന് 20 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.

നീലേശ്വരം ജനതയുടെ ചിരകാല സ്വപ്നമാണ് ആധുനിക മത്സ്യമാര്‍ക്കറ്റ്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നഗരസഭയുടെ 14 സെന്റ് ഭൂമിയില്‍ കാസര്‍കോട് വികസന പാക്കേജ് പ്രകാരം രണ്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ച മത്സ്യമാര്‍ക്കറ്റില്‍ അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭാ വിഹിതമായി 25 ലക്ഷം രൂപ അനുവദിക്കും.

ചിറപ്പുറം, പടിഞ്ഞാറ്റംകൊഴുവല്‍, ആനച്ചാല്‍ എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ആശുപത്രികള്‍ ആരംഭിക്കും. ഇവിടെ അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ 10 ലക്ഷം രൂപ നല്‍കും.

നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് പദ്ധതിക്കായി 50 ലക്ഷം രൂപയും പാലിയേറ്റീവ് പദ്ധതിക്ക് 20 ലക്ഷവും അനുവദിക്കും. താലൂക്ക് ആശുപത്രിയില്‍ ആധുനിക അടുക്കള നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നല്‍കും.

തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിനും നീലേശ്വരം എന്‍.കെ.ബി.എം, തൈക്കടപ്പുറം ഹോമിയോ ആശുപത്രികള്‍ക്കും 10 ലക്ഷം വീതം വകയിരുത്തും.

പാലാത്തടത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും. ഇവിടെ അനുബന്ധ സൗകര്യമൊരുക്കാന്‍ 10 ലക്ഷം രൂപ നഗരസഭ നല്‍കും.

സ്തനാര്‍ബുദവും ഗര്‍ഭാശയ – അണ്ഡാശയ അര്‍ബുദവും തിരിച്ചറിയുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
ജീവിതശൈലീ രോഗങ്ങള്‍ അകറ്റാന്‍ പടിഞ്ഞാറ്റം കൊഴുവലില്‍ ഹെല്‍ത്ത് പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 ലക്ഷം അനുവദിക്കും.

നഗരസഭയിലെ 5000 വനിതകള്‍ക്ക് ആര്‍ത്തവകപ്പ് സൗജന്യമായി വിതരണം ചെയ്യും.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അധിക പരിശീലനത്തിനായി മികവ് പദ്ധതി നടപ്പാക്കും. വരുംവര്‍ഷങ്ങളില്‍ ഇത് മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.

വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് കൗണ്‍സലിങ്ങും, സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകരാന്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനവും നടപ്പാക്കും.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുഴുവന്‍ ക്ലാസുകള്‍ക്കും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കാന്‍ 10 ലക്ഷം രൂപ നല്‍കും.

സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 2.75 കോടി രൂപ ചെലവില്‍ പുതിയ മൂന്ന് നില കെട്ടിടം നിര്‍മിച്ചിട്ടുള്ള നീലേശ്വരം ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ 10 ലക്ഷവും കടിഞ്ഞിമൂല ജി. ഡബ്ല്യു.എല്‍.പി സ്‌കൂളില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ 10 ലക്ഷവും പേരോല്‍ ജി. എല്‍ .പി സ്‌കൂളില്‍ വൈദ്യുതീകരണത്തിന് 5 ലക്ഷവും വകയിരുത്തും.

കാസര്‍കോട് വികസന പാക്കേജില്‍ 2.27 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന നഗരസഭാ ബഡ്‌സ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ പത്ത് ലക്ഷം രൂപ വകയിരുത്തും.

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴില്‍ സഭകള്‍ സജീവമാക്കും. എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യത്തോടെ ജോബ് കാര്‍ണിവല്‍ നടത്തുന്നതിനായി ഒരു ലക്ഷം രൂപ അനുവദിക്കും. സംരംഭങ്ങളിലൂടെ
നഗരസഭയുടെ ബ്രാന്‍ഡുല്പന്നങ്ങള്‍ വികസിപ്പിക്കും.

കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള കര്‍മ്മ പദ്ധതികളുടെ തുടര്‍ച്ചയായി പുതിയ പദ്ധതിപരമ്പരയ്ക്ക് നഗരസഭ തുടക്കമിടുകയാണ്. വേളുവയല്‍, കടിഞ്ഞിമൂല, പാണ്ടിക്കോട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന് 30 ലക്ഷം വകയിരുത്തും.
കൊയാമ്പുറം, കണിച്ചിറ, പൊടോത്തുരുത്തി, പട്ടേന ലക്ഷംവീട് കോളനി, പാലായി ഗ്രാമശ്രീ കോളനി എന്നിവിടങ്ങളില്‍ നഗരസഭയുടെ കുടിവെള്ള പദ്ധതികള്‍ക്കായി ഒന്നേകാല്‍ കോടിയും വട്ടപ്പൊയില്‍ കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷവും അനുവദിക്കും.

അമൃത് കുടിവെള്ള പദ്ധതിയില്‍ അംഗീകാരം ലഭിച്ച തൈക്കടപ്പുറം, പേരോല്‍, ഇടിച്ചുടി, സുവര്‍ണ്ണവല്ലി, പാലായി, കിഴക്കേക്കര കുടിവെള്ള പദ്ധതികള്‍ക്ക് നഗരസഭാ വിഹിതമായി ഒരു കോടി നല്‍കും.

നഗരസഭയിലെ വരള്‍ച്ച പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് പത്ത് ലക്ഷം രൂപയാണ് മാറ്റിവച്ചിട്ടുള്ളത്.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാരാംകുളം, മന്ദംപുറം, പാലായി എന്നീ പൊതുകുളങ്ങള്‍ നവീകരിക്കുന്നതിന് നഗരസഭാ വിഹിതമായി 15 ലക്ഷം നല്‍കും.

സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേന മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യു. ആര്‍ കോഡ് പതിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തും. ലോകബാങ്കിന്റെ ഒരു കോടി രൂപ ധനസഹായത്തോടെയുള്ള നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടുള്ള ചിറപ്പുറം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നവീകരണത്തിന്റെ അടുത്ത ഘട്ടത്തിനായി നഗരസഭ 25 ലക്ഷം രൂപ ചെലവഴിക്കും.
അജൈവ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി 15 മിനി എം.സി.എഫുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷവും, വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ നീക്കത്തിനായി ഹരിതകര്‍മ്മ സേനാ കണ്‍സോര്‍ഷ്യങ്ങള്‍ക്ക് 5 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ 15 ലക്ഷവും, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ഒരു ലക്ഷവും വകയിരുത്തും.

ക്ലീന്‍ നീലേശ്വരം പദ്ധതിക്കായി ആറ് ലക്ഷം, താലൂക്കാശുപത്രിയില്‍ സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരണത്തിന് 2 ലക്ഷം, വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക് കളക്ഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കാന്‍ മൂന്ന് ലക്ഷം എന്നിങ്ങനെ തുക നീക്കിവയ്ക്കും.

സമ്പൂര്‍ണ്ണ ഉറവിടമാലിന്യ സംസ്‌കരണമാണ് നഗരസഭയുടെ ലഷ്യം. ഇതിനായി ഈ വര്‍ഷം 1000 റിങ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്യാന്‍ 32 ലക്ഷം രൂപ വകയിരുത്തിയാട്ടുണ്ട്.

77 ലക്ഷം രൂപ ചെലവഴിച്ച് ആധുനികവത്കരണം പൂര്‍ത്തിയായ ചാത്തമത്ത് വാതക ശ്മശാനത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് 5 ലക്ഷവും ചിറപ്പുറം വാതക ശ്മശാനം പൂര്‍ത്തീകരണത്തിന് പത്തുലക്ഷവും വകയിരുത്തിയിട്ടുണ്ട്.

ഒത്തുചേരലുകള്‍ക്ക് പൊതു ഇടങ്ങള്‍ കുറവായ നീലേശ്വരത്ത് ആ അപര്യാപ്തത പരിഹരിക്കാനുതകുന്ന തരത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള കോട്ടപ്പുറം മിനി കോണ്‍ഫറന്‍സ് ഹാളിന് ചുറ്റുമതില്‍ നിര്‍മ്മാണത്തിനും ഇന്റര്‍ലോക്ക് പാകുന്നതിനും 10 ലക്ഷം മാറ്റിവയ്ക്കും.

ഒരു തിയേറ്റര്‍ പോലുമില്ലാത്ത മുനിസിപ്പാലിറ്റിയെന്ന നീലേശ്വരത്തിന്റെ പേരുദോഷം മാറുകയാണ്. ചിറപ്പുറത്ത് നഗരസഭ വിട്ടു നല്‍കിയ 60 സെന്റ് സ്ഥലത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന മൂന്ന് സ്‌ക്രീനുകളുള്ള സിനിമാ തിയേറ്റര്‍ സമുച്ചയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം നല്‍കും.

ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന, നീലേശ്വരത്തിന്റെ അഭിമാനമാകാന്‍ പോകുന്ന മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിക്ക് നഗരസഭ 10 ലക്ഷം രൂപ അനുവദിക്കും.

ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബാള്‍ – ഷട്ടില്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ 10 ലക്ഷം നല്‍കും.

ടൂറിസം രംഗത്ത് നീലേശ്വരത്തിന് മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലിന്റെ ഉദ്ഘാടനം മുഖ്യന്ത്രി നിര്‍വഹിച്ചത്. ആ സാധ്യതകളെ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയില്‍ ഉണര്‍വ് പകരാനും അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നഗരസഭ ശ്രമിക്കും. ടെര്‍മിനലിലേക്കുള്ള അപ്രോച്ച് റോഡില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാന്‍ 10 ലക്ഷം അനുവദിക്കും .
ടെര്‍മിനലില്‍ നഗരസഭ കേരളീയ മാതൃകയില്‍ ടോയ് ലെറ്റ് സമുച്ചയം സ്ഥാപിക്കും.
ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തും. ജൈവമാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് ഒഴിവാക്കാന്‍ ബോട്ടുകളില്‍ എസ്.ടി. പി സംവിധാനം ഉറപ്പാക്കും.

കാസര്‍കോട് വികസന പാക്കേജിന് കീഴില്‍ പ്രഖ്യാപിച്ച അഴിത്തല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം മുണ്ടേമ്മാട്, പൊടോത്തുരുത്തി, ഓര്‍ച്ച, കച്ചേരിക്കടവ് എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് പുഴയോര ടൂറിസം പദ്ധതികള്‍ നടപ്പാക്കും.
സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഏഴ് കേന്ദ്രങ്ങളിലൊന്ന് അഴിത്തലയാണ്. ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അഴിത്തല ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ 5 ലക്ഷം രൂപ മാറ്റിവയ്ക്കും.

നീലേശ്വരത്തിന്റെ വാണിജ്യ -സാംസ്‌കാരിക രംഗങ്ങളില്‍ ഉണര്‍വ് പകരാന്‍ നീലേശ്വരം ഫെസ്റ്റ് നടത്തുന്നതിന് 5 ലക്ഷം അനുവദിക്കും.

സ്ത്രീ – ശിശു വികസനത്തിനും വയോജന ക്ഷേമത്തിനും കാര്യമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. അംഗന്‍വാടികള്‍ മുഖേനയുള്ള പോഷകാഹാര വിതരണത്തിന് 40 ലക്ഷം, അംഗന്‍വാടികളുടെ നവീകരണത്തിന് 10 ലക്ഷം, ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 24 ലക്ഷം എന്നിങ്ങനെ വകയിരുത്തല്‍ നടത്തും. ഭിന്നശേഷി കലാമേള സംഘടിപ്പിക്കും.

വയോമിത്രം പദ്ധതിക്ക് 10 ലക്ഷവും കടിഞ്ഞിമൂല സായം പ്രഭാ ഹോമിന് 10 ലക്ഷവും അനുവദിക്കും.
പട്ടികജാതി ക്ഷേമത്തിന് 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

അതിദരിദ്രര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണത്തിനായി 3.5 ലക്ഷവും അതിദരിദ്രരുടെ വീട് പുനരുദ്ധാരണത്തിനായി 10 ലക്ഷവും നീക്കിവയ്ക്കും. ഈ കുടുംബങ്ങള്‍ക്ക് താലൂക്കാശുപത്രി മുഖേന ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും.

ഭവന നിര്‍മ്മാണ മേഖലയില്‍ ഗുണഭോക്താക്കള്‍ക്കുള്ള നഗരസഭാവിഹിതമായി നല്‍കാനുള്ള തുക ഹഡ്‌കോയില്‍ നിന്ന് വായ്പ ലഭിക്കുന്ന മുറക്ക് പി.എം. എ. വൈ- ലൈഫ് പ്രകാരം അംഗീകരിച്ച പുതിയ ഡി.പി. ആറുകള്‍ നടപ്പാക്കും.

കാര്‍ഷികരംഗത്ത് തെങ്ങിന് ജൈവ വള വിതരണത്തിന് 25 ലക്ഷവും നെല്‍കൃഷി പ്രോത്സാഹനത്തിന് 5 ലക്ഷവും മൃഗസംരക്ഷണ മേഖലയില്‍ 30 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഫിഷറീസ് മേഖലയില്‍ 10 ലക്ഷം രൂപയാണ് വകയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *