രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ ചക്കിട്ടടുക്കം കാവേരിക്കുളത്ത് വീണ്ടും കരിങ്കല്‍ ഖനന നീക്കം. പ്രതിഷേധസമരത്തിനൊരുങ്ങി നാട്. ഇതിന് മുന്നോടിയായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചക്കിട്ടടുക്കത്ത് ജനകീയ പ്രതിരോധ സദസ്സ് നടത്തും. പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. 2019-മുതല്‍ പ്രകൃതി രമണീയവും പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കാവേരിക്കുളത്ത് കരിങ്കല്‍ ഖനനത്തിനുള്ള നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്ന് 2020-ല്‍ ഖനനാനുമതി നല്‍കുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് അധികൃതര്‍ സ്ഥല പരിശോധന നടത്താനെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. വീണ്ടും കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റവന്യു സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് ആശങ്ക വേണ്ടെന്നും സ്ഥലത്തിന്റെ പ്ലാന്‍ തയ്യാറാക്കല്‍ മാത്രമാണ് നടത്തുന്നതെന്നും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രദേശവാസികളുടെ സുരക്ഷയുമടക്കം പരിശോധിച്ച് മാത്രമേ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുകയെന്നും തഹസില്‍ദാര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ സമരക്കാര്‍ പിന്‍മാറി. എന്നാല്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കം ഉടമകള്‍ വീണ്ടും ശക്തമാക്കുന്നത് തിരിച്ചറിഞ്ഞതോടെയാണ് ശക്തമായ സമരം തുടങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

പശ്ചിമഘട്ട മലനിരകളില്‍ പെട്ടതും മാലോം വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശമാണിത്. ഏത് സമയത്തും ഉറവ വറ്റാത്തൊരു ചെറിയ ഉറവക്കുഴി ഉള്ളതിനാലാണ് കാവേരിക്കുളം എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. ഓരോ വര്‍ഷവും കനത്ത വേനലില്‍ പള്ളത്ത് മല ആദിവാസി കോളനിയിലെയും മലയുടെ താഴ്വാരത്തെയും നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത് പ്രകൃതിയൊരുക്കിയ ഈ കാവേരിക്കുളത്തെയാണ്. കര്‍ണാടക തലക്കാവേരിയുമായി കാവേരിക്കുളത്തിന് ബന്ധമുണ്ടെന്ന വശ്വാസവും നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ക്വാറി തുടങ്ങിയാല്‍ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനൊപ്പം പ്രകൃതി രമണീയവും ഏറെ ഐതീഹ്യ പെരുമയും കൊണ്ട് സമ്പന്നമായ കാവേരിക്കുളം ഇല്ലാതാകുമെന്ന് നാട്ടുകാര്‍ പറയുന്നു. സംരക്ഷണ സമിതി കണ്‍വീനര്‍ കെ.ബാലകൃഷ്ണന്‍, ചെയര്‍മാന്‍ ടി.കെ. സത്യന്‍, കെ.സുധാകരന്‍, കെ.ആര്‍. മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.