അട്ടേങ്ങാനം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ് എസ് എല്‍ സി കുട്ടികള്‍ അവരുടെ യാത്ര ചൊല്ലല്‍ വേറിട്ട രീതിയില്‍ നടത്തി മാതൃകയായി. പരീക്ഷയുടെ ഭാരം പൂര്‍ണമായും ഇറക്കി വെച്ച് മാര്‍ച്ച് 31 ന് അവര്‍ അമ്പലത്തറയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌നേഹ വീട്ടിലെത്തി. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമൊപ്പം സ്‌നേഹ സദ്യയുമുണ്ട് അവരോടൊത്ത് കളിയും ചിരിയും പാട്ടും നൃത്തവുമായി ഈ ദിവസത്തെ അവര്‍ അവിസ്മരണീയമാക്കി. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് എന്‍.കെ. നിര്‍മല ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് പി.ഗോപി, വൈസ് പ്രസിഡന്റ് പി. അശോകന്‍, എം.പി.ടി.എ പ്രസിഡന്റ് എം.എന്‍. മിനി അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ എന്നിവര്‍ അതിജീവനത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
