CLOSE

ജില്ലയിലെ തീരദേശമേഖലയിലെ പ്രശ്‌നങ്ങളും പരിഹാരവും ചര്‍ച്ച ചെയ്തു ‘തീരസദസ്സി’നെ വരവേറ്റ് കാസര്‍കോട്

Share

തീരദേശ ജനതയുമായി സംവദിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ‘തീരസദസ്സിന് (കാസര്‍കോട് നിയോജക മണ്ഡലം) കാസര്‍കോട് മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും യൂണിയന്‍ ഭാരവാഹികളും സഹകരണ സംഘം പ്രതിനിധികളും ആചാര സ്ഥാനികരും പങ്കെടുത്ത ചര്‍ച്ചയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ക്ക് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയില്‍ റീ സര്‍വ്വെയില്‍ ഉള്‍പ്പെടാതെ പോയ തീരദേശമേഖലയിലെ പ്രദേശങ്ങളില്‍ മൂന്ന് മാസത്തിനകം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി സര്‍വ്വേ പൂര്‍ത്തീകരിക്കും. ബീരന്ത്ബയലില്‍ സ്ഥാപിച്ചിട്ടുള്ള 105 സുനാമി വീടുകളില്‍ 86 വീടുകളില്‍ മാത്രമാണ് താമസമുള്ളതെന്നും വാസയോഗ്യമല്ലാത്തതിനാല്‍ ആളുകള്‍ വിട്ടുപോവുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, തീരദേശ വികസന കോര്‍പറേഷന്‍ പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കാനും വീടുകളുടെ അഴുക്കുചാല്‍ സംവിധാനം, ശുചിത്വം, മറ്റു അടിസ്ഥാന കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും റസ്‌ക്യൂ ബോട്ടുകളും പരിശീലനം ലഭിച്ച അഞ്ചു പേരടങ്ങുന്ന റസ്‌ക്യൂ ഫോഴ്‌സിനെയും നിയോഗിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കും. എല്ലാം മത്സ്യത്തൊഴിലാളികളും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാനുള്ള കാര്യങ്ങള്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കാസര്‍കോട് നഗരസഭാ പരിധിയിലുള്ള തളങ്കര ബോട്ട്‌ലാന്‍ഡിംഗ് സെന്റര്‍ നവീകരിക്കും. പ്രദേശത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ തളങ്കര ഹാര്‍ബറില്‍ വരാനുള്ള സാഹചര്യം സൃഷ്ടിക്കും. കാസര്‍കോട് കസബ കടപ്പുറത്തെ കടല്‍ ഭിത്തി വിഷയത്തില്‍ ഉചിതമായ ഇടപെടലുണ്ടാവും. ലൈറ്റ് ഹൗസ് മുതല്‍ ചേരങ്കൈ വരെയും കാവുഗോളി കടപ്പുറത്തും കടല്‍ഭിത്തി നിര്‍മ്മിക്കും. നിലവില്‍ സ്ഥാപിച്ചിട്ടുള്ള കടല്‍ഭിത്തികള്‍ നവീകരിക്കും. തീര പരിപാലന നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസ്സാക്കിയിരിക്കുന്നത്. നിലവിലെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ തീര്‍ക്കും. എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കും. കാസര്‍കോട് നഗരത്തിലെ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കാനുള്ള നടപടികള്‍ക്ക് കാസര്‍കോട് നഗരസഭ നേതൃത്വം നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഫിഷറീസ് സ്റ്റേഷനുകളില്‍ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കും. കാസര്‍കോട് കസബ കടപ്പുറത്തെ ഹാര്‍ബര്‍ നവീകരിക്കും. തീര മേഖലയില്‍ മദ്യവും മയ്ക്കുമരുന്നും ഉപയോഗവും വര്‍ദ്ധിക്കുന്നത് ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത സമിതി, ജനപ്രതിനിധികള്‍, പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഡ്രൈവ് നടത്തി പ്രതിരോധം തീര്‍ത്ത് തീരത്തെ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരസദസിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് മണ്ഡലത്തിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ട്രേഡ് യൂണിയന്‍ നേതാക്കളുമായും ഫിഷറീസ് വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാകളക്ടര്‍ കെ. ഇന്‍ബശേഖര്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ്.ശ്രീലു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദാ ഫിറോസ് സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സതീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *