CLOSE

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കെ.എസ്.എഫ്.ഇയില്‍ 1300 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി; മന്ത്രി കെ.എന്‍.ബാലഗോപാല്‍

Share

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 1300 പേര്‍ക്ക് കെ. എസ്.എഫ്.ഇയില്‍ പി.എസ്.സി വഴി നിയമനം നല്‍കിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ നൂതന സംരംഭമായ മൈക്രോ ധനകാര്യ ശാഖയുടെ ജില്ലയിലെ ആദ്യ ശാഖ ബന്തടുക്ക ചര്‍ച്ചിന് സമീപമുള്ള അമൃത് ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പൊതുജനങ്ങള്‍ക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനപ്രദവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന വിശ്വസ്തവും ലാഭകരവുമായ ഒരു സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. നിരവധി ചിട്ടി തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കെ.എസ്.എഫ്.ഇക്ക് സര്‍ക്കാരിന്റെ ഗ്യാരണ്ടിയും അതിന്റേതായ ഉത്തരവാദിത്തവുമുണ്ടെന്നും മന്ത്രി പറഞ്ഞു. 53 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് ഒരുപാട് വളരാന്‍ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു. ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച സേവന വേതനങ്ങള്‍ നല്‍കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെ വിവിധയിനം വായ്പകളുടെയും ചിട്ടികളുടെയും സേവനം ശാഖയിലൂടെ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വി.അരവിന്ദന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുമ്പക്കോട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അനന്തന്‍, സാബു എബ്രഹാം, വിവേക് പാലാര്‍, ഉമ്മര്‍ ബാവ, എം.പി.ശ്രീജിത്ത്, വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കെ.കുഞ്ഞു കൃഷ്ണന്‍, ചക്രപാണി, കെ.എസ.്എഫ്ഇ സംഘടനാ പ്രതിനിധികളായ വി.എം റോജ രമണി, ഇ.രാജന്‍, പി.ടി. സതീഷ് ബാബു, കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ എസ്.കെ.സനില്‍ സ്വാഗതവും കെ.എസ്എഫ്.ഇ കണ്ണൂര്‍ എ.ജി.എം കെ.ടി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *