പെരിയ: നാക് ഗ്രേഡിങ്ങിലെ മുന്നേറ്റത്തിന് പിന്നാലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇത്തവണ റെക്കോര്‍ഡ് അപേക്ഷകള്‍. 2,94,779 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 2,37,324 ആയിരുന്നു. 57,455 അപേക്ഷകളാണ് വര്‍ദ്ധിച്ചത്. കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എംബിഎക്കാണ് ഏറ്റവുമധികം അപേക്ഷകരുള്ളത്. 46,320. കംപ്യൂട്ടര്‍ സയന്‍സ് (29034), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് (25034) എന്നിവയാണ് മുന്നിലുള്ള മറ്റ് പഠന വകുപ്പുകള്‍. 26 ബിരുദാനന്തര ബിരുദ കോഴ്സുകളിലായി 920 സീറ്റുകളാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലുള്ളത്.
രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലും പ്രവേശനം ലഭിക്കുന്നത്. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക. അടുത്തിടെ നടന്ന നാക് പരിശോധനയില്‍ സര്‍വ്വകലാശാല എ ഗ്രേഡ് നേടിയിരുന്നു. അക്കാദമിക് മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ പുരോഗതി കൈവരിച്ചു. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി രണ്ട് പുതിയ ഹോസ്റ്റലുകള്‍ തുറക്കും. അപേക്ഷകള്‍ വര്‍ദ്ധിച്ചത് സര്‍വ്വകലാശാലയുടെ അക്കാദമിക് നിലവാരം ഉയര്‍ന്നതിന്റെ പ്രതിഫലനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കേടേശ്വര്‍ലു പറഞ്ഞു. മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ സര്‍വ്വകലാശാലക്ക് സാധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ‘പ്രേരണ’ പോലുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. അദ്ദേഹം വിശദീകരിച്ചു.