CLOSE

റോഡ് വികസനത്തിനായി മുറിച്ച് മാറ്റിയ ഒരു മരത്തിന് പകരം പത്ത് മരം നട്ടുപിടിപ്പിക്കും

Share

പ്രകൃതിയെ കൈവിടാത്ത വികസനനയം

റോഡ് വികസനത്തിന് വേണ്ടി മുറിച്ചുമാറ്റപ്പെട്ട ഒരു മരത്തിന് പകരം പത്ത് മരങ്ങള്‍ നട്ടുപ്പിടിപ്പിക്കുന്ന സംസ്ഥാന ഗതാഗത വകുപ്പിന്റെ പദ്ധതി
പരിസ്ഥിതി ദിനത്തില്‍ കുമ്പളയിലും ബദിയടുക്കയിലും നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. കേരള സംസ്ഥാന ഗതാഗത വകുപ്പിന്റെ റീബിള്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുമ്പള – ബദിയടുക്ക – മുള്ളേരിയ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചുകൊണ്ട് പ്രകൃതിയെ കൈവിടാതെയുള്ള വികസനനയം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. മുറിച്ചുമാറ്റപ്പെട്ട ഓരോ മരങ്ങള്‍ക്ക് പകരം പത്തു മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത ആര്‍.ഡി.എസ് പ്രൊജക്ട്‌സ് കമ്പനിയാണ്. റോഡ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തവര്‍ തന്നെ മരങ്ങള്‍ നട്ട് പിടിപ്പിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ മുന്നിട്ടിറങ്ങിയത് പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതി. കുമ്പളയില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് , കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് എന്നിവര്‍ വൃക്ഷതൈ നടീലിന് നേതൃത്വം നല്‍കി. ബദിയടുക്കയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി. ശാന്തയും വൃക്ഷതൈ നടീലിന് നേതൃത്വം നല്‍കി. റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ധന്യ, ബദിയടുക്ക എസ്.ഐ. കെ.പി വിനോദ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജു മാഷ്, പ്രൊജക്റ്റ് മാനേജര്‍ അരവിന്ദ്, ഡി.പി.എം. പ്രൊജക്റ്റര്‍ ആര്‍.ടി.എസ്. റോബിന്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥരായ സന്തോഷ്, ഹരീഷ്, വിഷ്ണുജിത്ത്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അബ്ബാസ്, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *