കാഞ്ഞങ്ങാട്: ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന മഡിയന്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സമൂഹ സദ്യയും, സാംസ്‌കാരിക സമ്മേളനവും, അനുമോദനവും നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 2. 30 വരെ പതിനാറില്‍ പരം വിഭവങ്ങളുമായി നടന്ന സമൂഹ സദ്യയില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകള്‍ പങ്കാളികളായി. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ വി. നാരായണന്റെയും എം. മോഹനന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണത്തിനും മറ്റും നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം ഡയറ്റ് ഫാക്കല്‍റ്റിയും എഴുത്തുകാരനുമായ ഡോക്ടര്‍ വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് നിരവധി വര്‍ഷക്കാലം മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികളെ അന്നമൂട്ടിയ പി. മാധവി അമ്മയെയും എല്‍. എസ്. എസ് സ്‌കോളര്‍ഷിപ്പ് വിജയിയായ പി. അന്‍ മിത്രയെയും അനുമോദിച്ചു. ബി. ഗംഗാധരന്‍, പി. കെ. അസീസ്എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം. ശ്രീനിവാസന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് മഡിയന്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൃത്തവും സംഘാടകസമിതി അംഗങ്ങളായ വനിതകളുടെ കൈകൊട്ടി കളിയും, മഡിയന്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ 1982- 83 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌പോണ്‍സര്‍ ചെയ്ത നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ ഒരുക്കിയ സ്‌നേഹവിരുന്നും അരങ്ങേറി.