കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡ് കമ്പനിയുടെ കരിന്തളം യൂണിറ്റില്‍ 150 ഓളം കുറ്റിയാട്ടൂര്‍ മാവിന്‍തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം കമ്പനി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു. കരിന്തളത്ത് മനോഹരമായ മിയാവാക്കി പച്ചത്തുരുത്ത് സൃഷ്ടിച്ചിരിക്കുകയാണ് കെ.സി.സി.പി.എല്‍. 150 ഇനങ്ങളിലായി 1800 ഓളം വൃക്ഷതൈകള്‍ ഇവിടെ കാണാന്‍ കഴിയും. ഖനനം ചെയ്ത സ്ഥലത്താണ് മിയാവാക്കി ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം പ്രായമായ തൈകള്‍ക്ക് ഇതുവരെ മൂന്ന് മീറ്റര്‍ ഉയരം വന്നിട്ടുണ്ട്. കരിന്തളം, നീലേശ്വരം യൂണിറ്റുകളില്‍ മത്സ്യ കൃഷി വിജയകരമായി നടന്നു വരുന്നു. ഗിഫ്റ്റ് തിലോപ്പിയ, കരിമീന്‍ എന്നിവയാണ് ഇപ്പോള്‍ കൃഷിചെയ്ത് വരുന്നത്. കൂടാതെ കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളില്‍ അഗ്രിപ്പിത്ത് എന്ന ബ്രാന്റില്‍ ചകിരി കമ്പോസ്റ്റും വിപണിയിലിറക്കിയിട്ടുണ്ട്. സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഏറെ ഗുണകരമാകുന്ന അഗ്രിപിത്ത് കമ്പോസ്റ്റ് ജല സംരക്ഷണ ശേഷി ഉള്ളതാണ്. വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തുന്ന ഈ ഉത്പന്നം വേനല്‍കെടുതിയില്‍ നിന്നും വൃക്ഷങ്ങളെ സംരക്ഷിക്കുന്നു. ഒന്ന്, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച് കിലോ പാക്കറ്റുകളില്‍ ലഭ്യമാണ്. ഖനന കമ്പനി എന്ന പേരുദോഷം മാറി പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടുവാന്‍ ഇത്തരം ജനസൗഹൃദ പദ്ധതികളിലൂടെ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ചടങ്ങില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമേശന്‍ വേളൂര്‍, വി.സി.പത്മനാഭന്‍, കമ്പനി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.