മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം പിടികൂടി. 63 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം 1.162 കി.ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു മനീഷ് ശ്രമിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മനീഷ് പിടിക്കപ്പെടുന്നത്. കസ്റ്റംസ് പരിശോധനയില്‍ കൂസലില്ലാതെ മനീഷ് നടക്കുകയും, പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തെങ്കിലും പുറത്ത് കാത്തുനിന്ന പോലീസ് മുനീഷിനെ പിടികൂടുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് ഈ വര്‍ഷം പിടികൂടുന്ന ആദ്യ കേസാണിത്. കഴിഞ്ഞ വര്‍ഷം 90 സ്വര്‍ണകടത്ത് കേസുകളാണ് പിടികൂടിയത്. 90 കേസുകളിലായി ആകെ 74 കിലോ 24 ക്യാരറ്റ് സ്വര്‍ണമാണ് പിടിച്ചെടുത്തത്.