ഭിന്നശേഷിയുള്ള യുവജനങ്ങളുടെ സംഗീതവാസന പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ സംഗീത ട്രൂപ്പ് രൂപീകരിക്കുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ആര് ബിന്ദു അറിയിച്ചു. പാടുന്നവരെയും വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും ഉള്‍പ്പെടുത്തിയായിരിക്കും ട്രൂപ്പ് ഉണ്ടാക്കുക. 15 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി കെ-ഡിസ്കും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ടാലന്റ് സെര്‍ച്ച് ക്യാമ്പ് തിരുവനന്തപുരം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ രാജ്യത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ‘ഭിന്നശേഷിത്വം വ്യക്തി, കുടുംബം എന്നിവരുടെ മാത്രം ഉത്തരവാദിത്തമല്ല. സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും മുന്‍ഗണനകളില്‍ ഒന്നാമത് വരേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള യുവജനങ്ങള്‍ക്കായുള്ള ടാലന്റ് സെര്‍ച്ചിലൂടെ അവരുടെ സര്‍ഗാത്മക കഴിവുകള്‍ നല്ല തിളക്കമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. സംഗീത, സാഹിത്യ രംഗത്തെ വിദഗ്ധര്‍ ക്യാമ്പില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അവരുടെ കഴിവുകളെ തേച്ചുമിനുക്കി
സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. അവര്‍ നാളെ കലാ കേരളത്തിന്റെയും സാഹിത്യകൈരളിയുടെയും അഭിമാനതാരങ്ങള്‍ ആയി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ക്യാമ്പിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച 127 അപേക്ഷകളില്‍ പ്രാഥമിക പരിശോധന നടത്തി 60 പേരെ തെരഞ്ഞെടുത്തു. അതില്‍ 41 പേരാണ് മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കാനായി എത്തിയത്. ഭിന്നശേഷി യുവജനങ്ങളുടെ ടാലന്റ് പൂള് ഉണ്ടാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്ക്ക് മെമ്പര്‍ സെക്രട്ടറി പി. വി ഉണ്ണികൃഷ്ണന് ചൂണ്ടിക്കാട്ടി. ക്യാമ്പിന് തുടര്‍ച്ച ഉണ്ടാവും. ടാലന്റ് പൂള് രൂപീകരിക്കുന്നതിനേക്കാള്‍ ടാലന്റ് സപ്പോര്‍ട്ട് പ്ലാന്‍ തയ്യാറാക്കലാണ് പ്രധാനം. ഇങ്ങനെ കണ്ടെടുക്കുന്ന ഭിന്നശേഷി പ്രതിഭകളെ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തലാണ് അടുത്തപടി. ഈ കുട്ടികള്‍ക്ക് നിരന്തര പരിശീലനവും നൈപുണ്യ വികസനവും ലഭ്യമാക്കും.
ചടങ്ങില്‍ സംസ്ഥാന വികലാംഗ ക്ഷേമകോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ജയാ ഡാളി എം.വി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന് പി, ചൈല്‍ഡ് ഡവലപ്പ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ദീപാ ഭാസ്കരന്, ഗായകരായ അന്‍വര്‍ സാദത്ത്, അഖില ആനന്ദ്, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എം അഞ്ജന, കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു എ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ കുട്ടികള്‍ക്ക് വേണ്ടി ആട്ടവും പാട്ടും ക്ലാസുകളുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഗായകന് പന്തളം ബാലന്, നടനും എം.എല്‍. എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ക്യാമ്പില്‍ എത്തും.