തൃശ്ശൂര്‍: എടക്കഴിയൂര്‍ പഞ്ചവടിയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെ 5.55-ന് പഞ്ചവടി സെന്ററില്‍ വെച്ചായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്നും എടക്കഴിയൂര്‍ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും.
റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ കാര്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറില്‍ മുസ്തഫയ്‌ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ അബൂബക്കറിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.