കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളില്‍ മുദ്രാവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും പത്രപ്രവര്‍ത്തക യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. സംഭവത്തില്‍ കേരള സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.