കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ ഉണ്ടായ അക്രമസംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ച നടപടി തൃപ്തികരമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പ് കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയ പോലീസ്, അഡീഷണല്‍ സിറ്റി പോലീസ് കമ്മീഷണര്‍ സുരേന്ദ്രനെ സ്വതന്ത്ര ചുമതല ഏല്‍പ്പിക്കുകയും വൈകാതെ തന്നെ ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആദ്യം അറസ്റ്റ് ചെയ്ത രണ്ടുപേര്‍ക്കും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാന പ്രകാരം ഈ മാസം 17 ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരത്തോട് പൂര്‍ണഅനുഭാവം കെപിഎച്ച്എയ്ക്കുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമാണ് ഐഎംഎ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഈ വിഷയത്തില്‍ കെപിഎച്ച്എ ഫയല്‍ ചെയ്തതും ഐഎംഎ കക്ഷി ചേര്‍ന്നതുമായ പെറ്റീഷന്‍ കേള്‍ക്കുന്നത് ഹൈക്കോടതി 24 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഹൈക്കോടതിയുടെ അനുഭാവപൂര്‍ണമായ നിലപാടിന് കോട്ടം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നതു കൊണ്ടും കേസിനെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിന് നിലവില്‍ സമരത്തിന് ആഹ്വാനം ചെയ്യുന്നതോ മുന്നില്‍ നിന്ന് നയിക്കുന്നതോ ഉചിതമല്ലെന്ന നിലപാടാണ് കെപിഎച്ച്എയ്ക്കുള്ളത്. ആരോഗ്യ പരിപാലന രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഏതൊരു യജ്ഞത്തിലും ഐഎംഎ യുമായും മറ്റു സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും കെപിഎച്ച്എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.