CLOSE

നിയമസഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണം: മന്ത്രി പി രാജീവ്

Share

ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള സന്ദര്‍ഭങ്ങള്‍ ശരിയായവിധം ഉപയോഗിക്കാന്‍ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭയില്‍ ജനാധിപത്യപരമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കരുത്.

നിയമസഭയില്‍ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയുടെ ആദ്യ ഭാഗം ബ്രഹ്മപുരത്തെ തീ അണക്കുന്നതിന് അക്ഷീണം യത്നിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കും സംവിധാനങ്ങള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതാണ്. ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തീ അണയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും വിവിധ സേനകള്‍ നടത്തിയ പ്രവര്‍ത്തനത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായുള്ള തുടര്‍ നടപടികള്‍ക്കു വേണ്ടിയുള്ള പരാമര്‍ശങ്ങളും കോടതി നടത്തിയിട്ടുണ്ട്. നാടിന്റെ ആകെ വികാരം എന്ന നിലയിലാണ് ബ്രഹ്മപുരത്തെ തീയണക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നത്. നിയമസഭയുടെ ഓരോ ഘട്ടങ്ങളിലും ചട്ടമനുസരിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരങ്ങള്‍ നല്‍കുന്നതിനുമുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അറിയിച്ച കൗണ്‍സിലര്‍മാരെ തടഞ്ഞു എന്ന ആരോപണവും നിലനില്‍ക്കില്ല. ശ്രദ്ധക്ഷണിക്കല്‍, അടിയന്തിര പ്രമേയം, സബ്മിഷന്‍ എന്നിങ്ങനെ വിവിധ ചര്‍ച്ചാ മാര്‍ഗങ്ങളെ ചട്ടങ്ങള്‍ക്കനുസൃതമായാണ് സ്പീക്കര്‍ വിനിയോഗിക്കുന്നത്.

കേരളത്തില്‍ ആകെ പ്രശ്നമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തെറ്റായ പ്രവണതയാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിര്‍ഭയമായി നിയമനടപടികള്‍ക്ക് സ്ത്രീ സമൂഹം തയ്യാറാകുന്നു എന്നത് കേരളത്തിന്റെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അതിനു പോലും കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ട്. പ്രസ്തുത വിഷയത്തില്‍ അടിയന്തിര പ്രധാന്യമില്ലാത്തതിനാലാണ് അടിയന്തിര പ്രമേയ അനുമതി സ്പീക്കര്‍ നിഷേധിച്ചത്. ക്രിയാത്മകമായി സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *