പാങ്ങോട്: വ്യത്യസ്തമായ ആശയങ്ങളെ ഏറ്റവും ചുരുക്കം വാക്കുകളിലൂടെ സംവദിക്കുന്ന സാഹിത്യ കൃതികളാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ ഡോ.കായംകുളം യൂനുസ്. വായനയ്ക്കു വേണ്ടി ഒരുപാട് സമയം ചെലവഴിക്കാനുള്ള സാഹചര്യമോ താല്‍പര്യമോ ഇന്നത്തെ സമൂഹത്തിനില്ല. അതുകൊണ്ടു തന്നെ നീട്ടിവലിച്ച് എഴുതപ്പെടുന്നതൊന്നും തന്നെ വായനക്കാര്‍ക്കിടയിലേക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മന്നാനിയ കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സംഘടിപ്പിച്ച മീറ്റ് ദി ഓതര്‍ എന്ന സാഹിത്യ സംവാദത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് പേര്‍ എഴുത്തിന്റെ ലോകത്തേക്ക് വരുന്നുണ്ട്. ആരില്‍ നിന്നും കടം കൊള്ളാത്ത ഭാഷാ ശൈലിയ്ക്കും ഏറ്റവും മികച്ച ആശയങ്ങളുമാണ് അവര്‍ മുന്നോട്ട് വയ്ക്കേണ്ടത്. അവാര്‍ഡുകളും പ്രശസ്തിയും ലക്ഷ്യമിട്ടാണ് എഴുതുന്നതെങ്കില്‍ ആദ്യത്തെ പുരസ്‌കാരത്തോടെ അവരുടെ എഴുത്തിനും മൂര്‍ച്ച കുറഞ്ഞു തുടങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളെജിലെ ലൈബ്രറി ആന്‍ഡ് ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കോളെജ് പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ.ഡോ.പി.നസീര്‍ ഉദ്ഘാടനം ചെയ്തു. കോളെജ് ലൈബ്രേറിയന്‍ ഡോ. സോഫിയ സ്വാഗതം ആശംസിച്ചു. അധ്യാപകനായ ഡോ.ദില്‍ഷാദ് ബിന്‍ അഷ്റഫ് നന്ദി പ്രകാശിപ്പിച്ചു.