കരിമണ്ണൂര്‍: തൊടുപുഴ അര്‍ബന്‍ ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റ കേസില്‍ റിട്ട. ഡോക്ടര്‍ പൊലീസ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശിയായ റിട്ട. ഡോക്ടര്‍ ആണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ ജിജി സ്‌കറിയയുടെ കെട്ടിടം ഡോക്ടര്‍ ആശുപത്രി നടത്താന്‍ വാടകയ്ക്ക് എടുത്തിരുന്നു. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റിടുന്നത് ഉള്‍പ്പെടെ 16.5 ലക്ഷം രൂപയുടെ ജോലികള്‍ ഡോക്ടറുടെ ചെലവില്‍ നടത്തി. കെട്ടിടം വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും ഉടമസ്ഥന്‍ കെട്ടിടവും വസ്തുവും അര്‍ബന്‍ ബാങ്കില്‍ ഈട് നല്‍കി വായ്പയെടുത്തിരുന്നു. ഇപ്രകാരം 1.75 കോടിയുടെ ബാധ്യതയാണുണ്ടായിരുന്നത്. ബാങ്ക് ജപ്തി ചെയ്തതു മുതല്‍ ഡോക്ടര്‍ കെട്ടിടവാടക അര്‍ബന്‍ ബാങ്കിനു നല്‍കിയിരുന്നു. തുടര്‍ന്ന്, കെട്ടിടം ഒഴിവായപ്പോള്‍ താന്‍ പണിത മേല്‍ക്കൂര അഴിച്ചുമാറ്റിയെന്നാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
2021-ല്‍ ജപ്തി നടപടികളുടെ ഭാഗമായി സിജെഎം കോടതി വഴി കെട്ടിടം അറ്റാച്ച് ചെയ്തിരുന്നു. പൊളിച്ചുമാറ്റിയ വസ്തുക്കള്‍ വക്കീല്‍ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്ന ആസ്തിയില്‍ ഉള്‍പ്പെട്ടവയാണ്. ഇവ ബാങ്കിന്റെ അനുമതി കൂടാതെ പൊളിച്ചുകൊണ്ടുപോയത് കുറ്റകരമാണെന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. പൊളിച്ചുമാറ്റിയ മേല്‍ക്കൂര 1.25 ലക്ഷം രൂപയ്ക്ക് തൊടുപുഴയില്‍ ഒരു പള്ളിയുടെ നിര്‍മാണത്തിനായിട്ട് ഡോക്ടര്‍ നല്‍കുകയായിരുന്നു.