തിരുവനന്തപുരം: വിദേശത്ത് നിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ ഒന്നാം പ്രതി അറസ്റ്റില്‍. തൃശൂര്‍ പീച്ചി ഉദയപുരം കോളനിയില്‍ രമേഷി(കരുമാടി രമേഷ് ,34) നെയാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദാബായില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ അജീഷിനെയാണ് പ്രതി രമേശ് ഉള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന്, ബാഗും മറ്റു സാധനകളും പിടിച്ചു വാങ്ങി ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചി പൊലീസ് നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ടില്‍ വച്ച് തട്ടിക്കൊണ്ട് പോയതിനെ കുറിച്ച് വിവരം ലഭിക്കുകയും കേസ് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതി കണ്ണാറ എന്ന സ്ഥലത്ത് ഉള്ളതായി രഹസ്യ വിവരം ലഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ പ്രതി പീച്ചി സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിവര ശേഖരണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി.