കൊച്ചി : ഇന്തോ-പസഫിക് മേഖലയുടെ സാധ്യതകള്‍ വിലയിരുത്തി ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം.ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹകരണത്തോടെ കൊച്ചിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്തോ-പസഫിക് മേഖലയിലെ വാണിജ്യ, വിപണി സാധ്യതകളും സുരക്ഷ, ബ്ലു ഇക്കോണമി, സമുദ്ര വിഭവങ്ങളിലെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം നേടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യയ്ക്കും സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങള്‍ക്കും ഇന്തോ-പസഫിക് മേഖലയില്‍ ഒരു നിയമാധിഷ്ഠിത ക്രമം സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും സമ്മേളനം വിലയിരുത്തി.
മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ ആര്‍ പ്രസന്നന്‍ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിപിആര്‍ ചെയര്‍മാന്‍ ഡി ധനുരാജ് സ്വാഗതം അര്‍പ്പിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ന്യൂ ഡല്‍ഹി പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡേവിഡ് വൈറ്റ്, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര, സതേണ്‍ നേവല്‍ കമാന്‍ഡ് മുന്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍, ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫ് മിനിസ്ട്രി ഓഫ് ഡിഫന്‍സ് (നേവി) നേവല്‍ ഓപ്പറേഷന്‍സ് ജഡ്ജ് അഡ്വക്കറ്റ് ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിമന്യു റാത്തോഡ്, ദി ഹിന്ദു ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ ഡോ സ്റ്റാന്‍ലി ജോണി തുടങ്ങിയവര്‍ പങ്കടുത്തു. ഇന്ത്യയും യുകെയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ബന്ധം, വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യം, തുടങ്ങിയ വിഷയങ്ങള്‍ പ്രഭാഷകര്‍ എടുത്തു പറഞ്ഞു.
‘നമ്മുടെ സമുദ്ര പ്രദേശത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, കാരണം അത് ഒരു രാജ്യത്തിന് വളരെ ശക്തമായ രീതിയിലാണുള്ളത്. അവിടുത്തെ സമാധാനം നമ്മുക്ക് പ്രധാനമാണ്, പ്രത്യേകിച്ച് കിഴക്കന്‍ സമുദ്ര പ്രദേശത്ത് നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍. ഒമാന്‍, സിംഗപ്പൂര്‍, ഫ്രഞ്ച്, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ സമുദ്ര വ്യാപാരത്തിലും സുരക്ഷയിലും ഇന്ത്യ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശികമായ ഒരു പങ്കാളിത്തം ഉണ്ടാക്കുന്നതിലൂടെ മറ്റ് ഭൂഖണ്ഡങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് സാധിക്കും.’ മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ ആര്‍ പ്രസന്നന്‍ പറഞ്ഞു.
‘വ്യാപാരം, പ്രതിരോധം തുടങ്ങി തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തിനൊപ്പം ഇന്ത്യയും യുകെയും ആഴത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങളും പുലര്‍ത്തുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിലൂടെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്,’ സിപിപിആര്‍ ചെയര്‍മാന്‍ ഡി ധനുരാജ് പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍, ഇന്തോ-പസഫിക് മേഖലയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദൃഢമായ ഇന്ത്യ-യുകെ ബന്ധത്തെ സമ്മേളനം മുന്നില്‍ കൊണ്ടുവന്നു. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷാ സഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലയിലെ പങ്കാളിത്തം സമ്മേളനത്തില്‍ വിലയിരുത്തി. യുകെ സര്‍ക്കാരിന്റെ നയതന്ത്ര, പ്രതിരോധ നയങ്ങളുടെ ഭാഗമാണ് ഇന്തോ-പസഫിക്കിലേക്കുള്ള ഊന്നല്‍. നിരവധി മേഖലകളില്‍, ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 2030-ഓടെ ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി സമഗ്രമായ പങ്കാളിത്തം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആഫ്രിക്കയുടെ കിഴക്കന്‍ തീരം മുതല്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം വരെ നീണ്ടുകിടക്കുന്ന ഇന്തോ-പസഫിക് മേഖല, ഇരു രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
സാമ്പത്തികവും തന്ത്രപരവുമായ ശക്തി കേന്ദ്രമെന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, സമീപ വര്‍ഷങ്ങളിലായി ഇന്ത്യയും യുകെയും ഇന്തോ-പസഫിക്കിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ തങ്ങളുടെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.