CLOSE

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്: യുവാവിന് ഒരു വര്‍ഷം കഠിന തടവും പിഴയും

Share

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് (ഒന്ന്) യുവാവിന് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.

അമരമ്ബലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭര്‍തൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അമരമ്ബലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു പീഡനം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭര്‍തൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തുപറ്റിയ പ്രതികള്‍ കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഏഴുവര്‍ഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നല്‍കിയിരുന്നത് കോഴിക്ക് തീറ്റ നല്‍കിയിരുന്ന പാത്രത്തിലായിരുന്നുവെന്നും പരാതിയിലുണ്ട്.

അഞ്ചുവര്‍ഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനല്‍ കമ്ബിയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തിരുന്നു. ഇത് കൂടാതെ, ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും പ്രതി ക്രൂര പീഡനം നടത്തിയതായി കോടതി കണ്ടെത്തി.

പരാതിയെ തുടര്‍ന്ന് ഭര്‍തൃ മാതാപിതാക്കളെ 2015 മാര്‍ച്ച് 13നും ഒന്നാം പ്രതിയായ ഭര്‍ത്താവിനെ 2015 ജൂണ്‍ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്ബൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി അബ്ദുല്‍ ബഷീറാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *