CLOSE

യുവാവിനെ കൊലപ്പെടുത്തിയ കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Share

പാലക്കാട്: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്ബി ഭാരതപ്പുഴയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി ഇബ്രാഹീം കൊക്കൂണിനെ(34) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ പശ്ചിമ ബംഗാള്‍ ബര്‍ദാന്‍ ജില്ലയിലെ റഫീഖ് സേക്ക് (46), ജിക്രിയ മാലിക് (37), യാക്കൂബ് സേക്ക് (63) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സ്മിത ജോര്‍ജ് ആണ് ശിക്ഷ വിധിച്ചത്.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 75,000 രൂപ വീതം പിഴയും ഗൂഢാലോചനക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയും തെളിവുനശിപ്പിക്കലിന് അഞ്ചുവര്‍ഷം കഠിന തടവും 20,000 രൂപ വീതം പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. ശിക്ഷാവിധികള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒളിവില്‍ പോയ നാലാം പ്രതി അനിസുര്‍ റഹ്മാന്‍ സേക്ക് (45) എന്ന കോച്ചിയുടെ പേരില്‍ പുതിയ സെഷന്‍സ് കേസ് നിലനില്‍ക്കും.

2013 ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മണല്‍ വാരാനെന്ന വ്യാജേന ഇബ്രാഹീം കൊക്കൂണിനെ കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ടയാളും പ്രതികളും പട്ടാമ്ബിയില്‍ സെന്‍ട്രിങ് പണിക്ക് വന്നവരാണ്. കൊല്ലപ്പെട്ടയാളുടെ മുറിച്ചുമാറ്റിയ തല രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക തെളിവായത്.

അന്നത്തെ പട്ടാമ്ബി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ദേവസ്യയാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്. സിഐ സണ്ണി ചാക്കോ തുടരന്വേഷണം നടത്തി. അവസാനഘട്ട അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സിഐ എ.ജെ.ജോണ്‍സണ്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *