CLOSE

യുവാവിനെ ആക്രമിച്ച ശേഷം പേഴ്സും ഫോണും തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിച്ചു : ഏഴുപേര്‍ അറസ്റ്റില്‍

Share

ചങ്ങനാശേരി: യുവാവിനെ ആക്രമിച്ച കേസില്‍ ഏഴു പേര്‍ പൊലീസ് പിടിയില്‍. ഫാത്തിമാപുരം ഗ്യാസ് ഗോഡൗണ്‍ തോട്ടുപറമ്പില്‍ അഫ്സല്‍ സിയാദ് (കുക്കു -21), പെരുന്ന ഹിദായത്ത് നഗര്‍ നടുതലമുറിപറമ്പില്‍ ബിലാല്‍ മജീദ് (22), പെരുന്ന ഹിദായത്ത് നഗര്‍ തോട്ടുപറമ്പില്‍ റിയാസ് നിസാദ് (23), സഹോദരന്‍ നിയാസ് നിസാദ് (28), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ പുതുപ്പറമ്പില്‍ അമീന്‍ (20), ചങ്ങനാശേരി ക്ലൂണി സ്‌കൂള്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന പെരുന്ന ഹിദായത്ത് നഗര്‍ ചതുര്‍രേവതി സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കല്‍ തടിക്കാട് രേഷ്മ ഭവനത്തില്‍ അരുണ്‍ ബൈജു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ മാസം 12-നു വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. മലകുന്നം സ്വദേശിയായ യുവാവിനെയാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഞ്ചാവ് കേസില്‍ എക്സൈസ് സംഘത്തിന് ഇവരെ ഒറ്റുകൊടുത്തുവെന്ന് ആരോപിച്ചാണ് ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിനെ സുഹൃത്തിന്റെ ഫോണില്‍ നിന്ന് ചങ്ങനാശേരി എസ്എച്ച് സ്‌കൂള്‍ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയും തുടര്‍ന്ന്, വാഹനത്തില്‍ കയറ്റി യുവാവിന്റെ പണമടങ്ങിയ പേഴ്സും ഫോണും തട്ടിയെടുത്ത്, പല സ്ഥലങ്ങളിലൂടെ കറങ്ങിയശേഷം ഹിദായത്ത് നഗര്‍ ഭാഗത്ത് ഇയാളെ ഉപേക്ഷിക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചങ്ങനാശേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യരാജനെ എറണാകുളത്തു നിന്നും ബിലാല്‍, റിയാസ്, അഫ്സല്‍, നിയാസ് എന്നിവരെ ബംഗളൂരുവില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതികളായ ബിലാല്‍, അഫ്സല്‍ എന്നിവര്‍ക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും, റിയാസിന് ചങ്ങനാശേരി സ്റ്റേഷനിലും ക്രിമിനല്‍ക്കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *