സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ (ജൂണ്‍ 5) തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷ തൈ നട്ട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഹരിത സംരംഭ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കും. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് മുഖ്യമന്ത്രി നടുന്നത്.
1835 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സര്‍ജന്‍ ബോട്ടാണിസ്റ്റ് ഡോ .റോബര്‍ട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ആയിരവില്ലി ശിവ ക്ഷേത്രക്കാവില്‍ നിന്നും കണ്ടെത്തി. ഇതുവരെയുള്ള അറിവില്‍ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എന്‍ റെഡ് ഡാറ്റാബുക്കില്‍ അതീവ വംശ നാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗത്തില്‍ പെടുന്നതാണ്. 2019 – 2020 കാലയളവില്‍ ശേഖരിച്ച വിത്തില്‍ നിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 തൈകള്‍ ഉല്‍പ്പാദിപ്പിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥയില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.
വൃക്ഷത്തൈ നടീലിനു ശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജലസസ്യങ്ങളെ കുറിച്ചുള്ള ഒരു ഫീല്‍ഡ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന വ്യക്തികള്‍, സംഘടനകള്‍, എന്നിവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാര്‍ഡ് 2022 -ന്റെ അവാര്‍ഡ്ദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ .വി .വേണു, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി സുധീര്‍, പ്രൊഫ.രാജഗോപാലന്‍ വാസുദേവന്‍, ശാസ്ത്ര ഉപദേഷ്ടാവായ എം.സി. ദത്തന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ എ .ബി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി എസ്. പ്രദീപ് കുമാര്‍, ഗവ :മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ. വി, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യവിഷയമായ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ പദ്മശ്രീ ജേതാവായ പ്രൊഫ.രാജഗോപാലന്‍ വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തും.
തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, പരിസ്ഥിതി വകുപ്പും, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡും, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവും, പരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.