രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാത നവീകരണത്തെ തുടര്‍ന്ന് പൂടംങ്കല്ല് മുതല്‍ കള്ളാര്‍ വരെ പൊടി ശല്യം മൂലം ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. റോഡിലെ പൊടിയകറ്റാന്‍ ഇവിടെ ഇടവിട്ട് വെള്ളം നനയ്ക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ല. പലപ്പോഴും വെള്ളം നനയ്ക്കാറില്ലെന്നും പാതയോരത്തെ വീട്ടുകാര്‍ പറയുന്നു. റോഡിലൂടെ നിരന്തരം പായുന്ന ടോറസ് ലോറികളുടെ ഓട്ടത്തിലാണ് പൊടി കൂടുതലായി ഉയരുന്നത്. ലോറികള്‍ പോയാല്‍ പിന്നെ റോഡ് കാണാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് പൊടിപടലം ഉയരുന്നത്.
രാജപുരം വണ്ണാത്തിക്കാനം മുണ്ടോട്ട് ഭാഗങ്ങളിലെ പാതയോരത്ത് താമസിക്കുന്നവരൊക്കെ വീടുപൂട്ടി മറ്റ് സ്ഥലങ്ങളിലെ വാടക വീട്ടിലേക്ക് താമസം മാറ്റാനിരിക്കുകയാണ്. കരാറുകാരനോട് പരാതി പറഞ്ഞിട്ടും ഫലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും റോഡിലൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പൊടി കാരണം കടകള്‍ തുറന്നു കച്ചവടം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പലതരം പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിയാണ് കച്ചവടം നടത്തുന്നത്. തങ്ങളുടെ പരാതി ആരോടു പറയണമെന്ന് അറിയില്ലെന്ന് വ്യാപാരികള്‍. ഇരുചക്രവാഹന യാത്രക്കാര്‍ക്കും പൊടിശല്യം ദുരിതമാണ്. കൃത്യമായി ഇടവേളകളില്‍ റോഡില്‍ വെള്ളം തളിച്ച് പൊടി ശല്യം കുറയ്ക്കാന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.